
ഒരു സ്ത്രീയെ സംബന്ധിക്കുന്ന എന്ത് കിംവദന്തിക്കും കൗതുകം അൽപ്പം കൂടും. വിനിമയ മൂല്യവും... ആദ്യം നമ്മൾ അവരെ തൂക്കും, പിന്നെ അളക്കും, പിന്നെ വിലയിടും. പറഞ്ഞു വരുന്നത് 'അവിഹിത'ത്തെ പറ്റിയാണ്. അത് പുരുഷന്റെ മാത്രം ഹിതവും വിഹിതവുമല്ല എന്ന് പറഞ്ഞു വയ്ക്കുകയാണ് പുതിയ ചിത്രത്തിൽ സെന്നാ ഹെഗ്‌ഡെ.
പതിവ് പോലെ സെന്നാ ഹെഗ്‌ഡെയുടെ ഒരു കാഞ്ഞങ്ങാടൻ കഥയാണ് അവിഹിതം. ഈ ഭൂഗോളത്തിന്റെ ഏതു കോണിലും നടന്നേക്കാവുന്ന, നടക്കുന്ന കാഞ്ഞങ്ങാടൻ കഥ. സിനിമയുടെ കഥ തുടങ്ങുന്നതും സഞ്ചരിക്കുന്നതും പുരുഷൻ സ്വയം വെട്ടി ഒരുക്കി സൗകര്യപ്പെടുത്തിയ നാട്ടുവഴിയിലൂടെയാണ്. ആ വഴി അവർക്ക് യഥേഷ്ടം നടക്കാം. അതിന് സമയമോ ആരുടെയെങ്കിലും അനുവാദമോ വിലങ്ങുതടിയാകുന്നില്ല. 'പ്രിവിലേജ്' എന്ന ആ വഴിയിലാണ് പെണ്ണിന്റെ മൂല്യത്തിന് ആൺകൂട്ടം വിലയിടുക. അതിന്റെ ഇടറോഡുകളിലാണ് അവർ സംശയാസ്പദമായ സാഹചര്യങ്ങളിൽ കണ്ണിൽ പെടുന്ന സ്ത്രീകളെ വിചാരണ ചെയ്യുന്നതും അവർക്ക് അഗ്നിശുദ്ധിക്ക് വേണ്ട സൗകര്യം ഒരുക്കുന്നതും. പെണ്ണിന്റെ വരത്തുപോക്കുകൾ നിരീക്ഷിക്കാൻ അവർ പാത്തിരിക്കുന്നത് ഇതിനോട് ചേർന്നുള്ള കുറ്റിക്കാടുകളിലാണ്.
സിനിമ തുടങ്ങുന്നത് ഒരു ആൺകൂട്ടത്തിന്റെ രാത്രിക്കൂടലിന്റെ വോയിസ് ഓവറിൽ നിന്നാണ്. അവിടം മുതൽ അവിഹിത ചരിതം തുടങ്ങുന്നു. പിന്നീടങ്ങോട്ട് ഈ സിനിമയിലുള്ള എല്ലാ സംഭാഷണങ്ങളിലും ആണിന്റെ ഒളിഞ്ഞുനോട്ടം തെളിഞ്ഞു കിടക്കുന്നു. രാത്രിസെറ്റിൽ നിന്നും തിരികെ പോകുന്ന ഒരു യുവാവ് ഇരുട്ടിൽ ഒരു 'തർക്കബാധിത കുളിമുറി'ക്ക് സമീപം ഒരു പ്രണയ സമാഗമത്തിന് സാക്ഷിയാകുന്നു. ഒരു അവിഹിതം. ആണിന്റെ മുഖം വ്യക്തം. പെണ്ണിനെ ഇരുട്ടിൽ കാണാൻ പറ്റുന്നില്ല. ഭൂമിശാസ്ത്രപരമായ സൂചികകളും നിഴൽ നോക്കി അളവെടുക്കുന്ന വിദ്യയും ഉപയോഗിച്ച് ആ പെണ്ണ് ഏതു വീട്ടിലെ, ആരുടെ ഉടമസ്ഥതയിൽ വരുന്നതാണെന്ന് ആ ചെറുപ്പക്കാരൻ ഊഹിക്കുന്നു. ഈ ഊഹാപോഹത്തിൽ നിന്നാണ് സെന്ന അവിഹിതം ഉണ്ടാക്കിയിരിക്കുന്നത്. പിന്നങ്ങോട്ട് പുരുഷക്കൂട്ടത്തിന്റെ വിറളി പിടിച്ച കാട്ടികൂട്ടലുകളാണ് സിനിമ. കൂട്ടവിചാരണയ്ക്കും കരണം പൊളിക്കുന്ന അടിക്കും ശേഷം 'അബദ്ധസഞ്ചാരിണി' 'കുടുംബിനി'യായി മാറുന്ന ആ പഴയ സിനിമാ തന്ത്രത്തെ ഒരു ചെറു ചിരിയോടെ ഈ സിനിമ മതിൽ ചാടി കടക്കുന്നു.
ഈ കഥയിൽ ഞെട്ടിക്കുന്ന ഒന്നും സംഭവിക്കുന്നില്ല. എന്തെങ്കിലും കണ്ട് ഞെട്ടിയാൽ അത് "ഇവരൊക്കെ എന്താ ഇങ്ങനെ" എന്ന കാണിയുടെ നാട്യം മാത്രമാണ്. പടത്തിനുള്ളിലും പുറത്തും വിഹരിക്കുന്ന ബഹുഭൂരിപക്ഷം മെയിൽ (MALE) അദ്ദേഹങ്ങളും പെണ്ണിനെ നിലയ്ക്ക് നിർത്തി കീർത്തി നേടാൻ ശ്രമിക്കുന്ന പരാക്രമികളാണ്. അത് അറിഞ്ഞു കൊണ്ടുള്ള തുറന്ന പരിഹാസമാണ് ഈ സിനിമ.
ലളിതം, സുന്ദരം - ഈ സിനിമയുടെ അവതരണ ശൈലിക്ക് ചേരുന്ന വിശേഷണം അതാണ്. സെന്നാ ഹെഗ്‌ഡെയുടെ മുൻ ചിത്രങ്ങൾക്ക് സമാനമാണ് വിഷ്വൽ സ്റ്റൈൽ. പരീക്ഷണം ആഖ്യാനത്തിലാണ്, ക്യാമറയിലല്ല. ക്രിയേറ്റീവ് ഡയറക്ടർ കൂടിയായ ശ്രീരാജ് രവീന്ദ്രന്റെയും രമേഷ് മാത്യൂസിന്റെയും ക്യാമറ ഒളിഞ്ഞുനോക്കുന്ന ആൺ മേനികളെ വ്യക്തമായി കാട്ടുന്നു. എഡിറ്റർ സനത്ത് ശിവരാജും പശ്ചാത്തല സംഗീതം ഒരുക്കിയ ശ്രീരാഗ് സജിയും നർമവും ഉദ്വേഗവും ചോരാതെ ബുദ്ധിപൂർവമാണ് നീങ്ങുന്നത്.
സെന്നയുടെ തിങ്കളാഴ്ച നിശ്ചയം ഇഷ്ടപ്പെട്ടവർക്ക് ഈ ആഖ്യാന ശൈലി പിടിക്കാതെ പോകില്ല. ഈ ചിത്രത്തിൽ അടുത്തത് എന്താണ് നടക്കുക എന്ന് കാണികൾക്ക് വ്യക്തമായി അറിയാം. എന്നാൽ സീനുകൾ ഒട്ടും വിരസം ആകുന്നില്ല. നർമം കലർന്ന സംസാരവും ആണിന്റെ പോയിന്റ് ഓഫ് വ്യൂവിലെ പരിഹാസ്യമായ സന്ദർഭങ്ങളുമാണ് അതിന് കാരണം. പിന്നെ അഭിനേതാക്കളുടെ പ്രകടനവും.
കയ്യിൽ കിട്ടിയ അവിഹിതത്തെ ചുറ്റിപ്പറ്റി സ്വഭാവികമായി പെരുമാറുക മാത്രമാണ് അഭിനേതാക്കൾ ചെയ്യുന്നത്. ഒറ്റ വരി ഡയലോഗ് പറയുന്നവർ പോലും. ഉണ്ണിരാജ ചെറുവത്തൂരും രഞ്ജിത്ത് കാങ്കോലുമാണ് 'അവിഹിതം' തുടങ്ങിവയ്ക്കുന്നത്. അവരിൽ നിന്ന് ബാറ്റൺ സെന്ന യൂണിവേഴ്സിൽ കണ്ടു പരിചയിച്ചവരും ഒരു കൂട്ടം പുതുമുഖങ്ങളും ഏറ്റുവാങ്ങുന്നു. അതിൽ എടുത്ത പറയേണ്ട നിരവധി പേരുണ്ട്. ഭാര്യയോടുള്ള സംശയ ബാധയിൽ അലയുന്ന രാകേഷ് ഉഷാർ, സഹോദരനായ മുരളിയായി എത്തുന്ന ധനേഷ് കോലിയാത്ത് എന്നിവർ ആപാദചൂഡം കഥാപാത്രങ്ങളായി മാറി. ഇവരുടെ അമ്മ വേഷത്തിൽ എത്തിയ അഭിനേത്രി സ്വാഭാവികതകൊണ്ടും കൗണ്ടറുകൾ കൊണ്ടും പലപ്പോഴും സാധാ സീനുകളേ പോലും ഓർമയിൽ നിർത്തുന്നു.
മലയാളി പറഞ്ഞു പതിഞ്ഞ ഒരു ചൊല്ലുണ്ട്- "അമ്മ വേലി ചാടിയാൽ മോള് മതില് ചാടും." ഈ ചൊല്ലിന്റെ സൈഡിൽ കൂടിയാണ് കാലാകാലങ്ങളായി അച്ഛനും മോനും ഗേറ്റ് തുറന്ന് രാത്രി നടത്തതിന് ഇറങ്ങിയത്. ആ ചെക്ക് ഇൻ - ചെക്ക് ഔട്ട് പ്രിവിലേജ് കൂടിയാണ് സിനിമ തുറന്നുകാട്ടുന്നത്.