സതീഷ് തൻവി സംവിധാനം ചെയ്ത് അൽത്താഫ് സലീമും അനാർക്കലി മരിക്കാറും ഒന്നിക്കുന്ന ചിത്രം ഇന്നസെൻ്റിൻ്റെ അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്. രസകരമായ അനൗൺസ്മെൻ്റ് പോസ്റ്ററിൽ അൽത്താഫ് സലീമും നടി അന്ന പ്രസാദുമാണ് ഉള്ളത്. സേവ് ദ ഡേറ്റ് മോഡലിലാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. പോസ്റ്റർ ഇതിനകം തന്നെ വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്.
നവംബർ ഏഴിനാണ് ചിത്രത്തിൻ്റെ വേൾഡ് വൈഡ് റിലീസ്. ചിത്രം ഒരു മുഴുനീള കോമഡി എൻ്റർടെയിനർ ആണെന്നാണ് ട്രെയിലർ പുറത്തിറങ്ങിയത് മുതൽ വരുന്ന റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയാ താരവും ടാൻസാനിയൻ സ്വദേശിയുമായ കിലി പോൾ ആദ്യമായി അഭിനയിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിലെ കിലി പോളിൻ്റെ ‘കാക്കേ കാക്കേ കൂടെവിടെ…’ എന്ന ഗാനത്തിന്റെ ശാസ്ത്രീയ വേർഷൻ എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഈ പ്രകടനം സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിരുന്നു. ശാസ്ത്രീയ സംഗീതത്തിൽ നിന്ന് ഉടൻ തന്നെ ‘പൊട്ടാസ് പൊട്ടിത്തെറി…’ എന്ന ഫാസ്റ്റ് നമ്പറിലേക്കുള്ള അദ്ദേഹത്തിന്റെ ശൈലീമാറ്റവും പ്രേക്ഷകർ ഏറ്റെടുക്കുകയുണ്ടായി.
ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രത്തിലെ അതിശയം എന്ന ഗാനവും അമ്പമ്പോ എന്ന ഗാനവും വലിയ രീതിയിൽ ചർച്ചയായിരുന്നു. ഹനാൻ ഷാ, നിത്യ മാമൻ എന്നിവരാണ് അതിശയം എന്ന ഗാനം ആലപിച്ചത്. രേഷ്മ രാഘവേന്ദ്ര ആലപിച്ച നാടൻ ശൈലിയുള്ള ഗാനമാണ് അമ്പമ്പോ.