
ദേശീയ തലത്തില്‍ മലയാള സിനിമകള്‍ ചര്‍ച്ചയാവാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ തുടങ്ങി മഞ്ഞുമ്മല്‍ ബോയ്‌സ് വരെ എത്തി നില്‍ക്കുന്നു ദേശീയ തലത്തില്‍ ചര്‍ച്ചയായ മോളിവുഡ് ചിത്രങ്ങള്‍. ഇപ്പോഴിതാ ആസിഫ് അലി ചിത്രമായ കിഷ്‌കിന്ധാ കാണ്ഡവും കേരളത്തിന് പുറത്ത് മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്.
ബംഗളൂരു തുടങ്ങിയ സിറ്റികളില്‍ ചിത്രം ഹൗസ്ഫുള്‍ ആയാണ് ഓടുന്നത്. സമൂഹമാധ്യമത്തില്‍ അത് സംബന്ധിച്ച വീഡിയോകളും വരുന്നുണ്ട്. ആയിരത്തിലധികം സീറ്റുകളുള്ള ബംഗളൂരുവിലെ ലക്ഷ്മി തിയറ്ററില്‍ നിന്നുള്ള ഒരു ഷോര്‍ട്ട് വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായിട്ടുണ്ട്. അവിടെ ഹൗസ് ഫുള്‍ ഷോ ആയിരുന്നു കിഷ്‌കിന്ധാ കാണ്ഡം. അതോടൊപ്പം നിരവധി തമിഴ്, ഉത്തരേന്ത്യന്‍ റിവ്യൂവേഴ്‌സും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ആസിഫ് അലി, വിജയരാഘവന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് കിഷ്‌കിന്ധാ കാണ്ഡം. ചിത്രത്തിന്റെ സംവിധാനം ദിന്‍ജിത്ത് അയ്യത്താന്‍ ആണ്. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് സംവിധാനം ചെയ്ത ചിത്രമാണിത്. ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും ബാഹുല്‍ രമേശ് ആണ്.
ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അപര്‍ണ ബാലമുരളി, ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.