'മറവികൾക്കെതിരായ ഓർമയുടെ പോരാട്ടം'; നരിവേട്ട എന്ന സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ

കരുത്തുറ്റ തിരക്കഥയുമായി എഴുത്തുകാരൻ അബിൻ ജോസഫും, ഇഷ്ക് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തൻ്റെ നിലപാട് അറിയിച്ച സംവിധായകൻ അനുരാജ് മനോഹറും ഒരുമിക്കുമ്പോൾ നരിവേട്ട പ്രേക്ഷകന് സമ്മാനിക്കുന്നത് വേറിട്ട അനുഭവമാണ്.
'മറവികൾക്കെതിരായ ഓർമയുടെ പോരാട്ടം'; നരിവേട്ട എന്ന സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ
Published on


രാഷ്ട്രീയ ചരിത്രങ്ങൾ സിനിമയാകുന്നത് ഒരു പുതിയ കാര്യമല്ല. പക്ഷെ കേരള ചരിത്രത്തിൽ രക്തം കിനിയുന്ന മുറിപ്പാടായി ഇന്നും അവശേഷിക്കുന്ന ഒരു സമരകഥ 22 വർഷങ്ങൾക്ക് ശേഷവും അതേ തീവ്രതയോടെ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് എളുപ്പമല്ല. ഏറെ പ്രയത്നങ്ങൾ വേണ്ടി വന്നേക്കാം പക്ഷെ അത് അസാധ്യമല്ലെന്ന് തെളിയിക്കുകയാണ് അനുരാജ് മനോഹർ എന്ന സംവിധായകൻ.

തമിഴിൽ വെട്രിമാരനും, പാ രഞ്ജിത്തും ,ഞ്ജാനവേലും, സെൽവരാജുമെല്ലാം സിനിമകളിലൂടെ ശക്തമായ രാഷ്ട്രീയം പറഞ്ഞപ്പോൾ. മലയാള സിനിമയ്ക്ക് അത്തരം രാഷ്ട്രീയ നിലപാടുകൾ കൈമോശം വന്നുവോ എന്ന് സംശയിച്ചവരുണ്ട്. നരിവേട്ട എന്ന ചിത്രം കണ്ടിറങ്ങുന്നവർക്ക് അതിനുത്തരം ലഭിച്ചുകാണും. നമുക്ക് കെട്ടുകഥകളായി മാറുന്ന നാം അനുഭവിക്കാത്ത യാഥാർഥ്യങ്ങളെ നമുക്കു മുന്നിൽ തുറന്നിടുകയാണ് ഇവിടെ. ഒരു നോവോടെയല്ലാതെ അതിനെ ആസ്വദിക്കാനാകില്ല.
ഡോക്യുമെൻ്ററിയുടേയോ, സമാന്തര സിനിമയുടേയോ രീതി അവലംബിക്കാതെ ഇത്തരമൊരു വിഷയാവതരണം സാധ്യമോ എന്ന് സംശയിച്ചേക്കാം. ഇവിടെ കൊമേഴ്സ്യൽ ചിത്രത്തിൻ്റെ ചേരുവകൾ ചോർന്നു പോകാതെ തന്നെ ശക്തമായ രാഷ്ട്രീയ സമര ചരിത്രം പറഞ്ഞ് ഫലിപ്പിക്കുന്നതിലാണ് നരിവേട്ട വിജയം കണ്ടത്.

ഒട്ടേറെ സമരങ്ങൾക്ക് സാക്ഷിയായ കേരളം. പഠിക്കാനും, മാറ് മറയ്ക്കാനും, കുടി വെള്ളത്തിനും, ഭൂമിക്കും, നീതിക്കും, സ്വാതന്ത്ര്യത്തിനും, ക്ഷേത്ര പ്രവേശനത്തിനും, തൊഴിലിനും, വേതനത്തിനും സ്വാഭിമാനത്തിനും അങ്ങനെ എത്രയെത്ര സമരങ്ങൾ! ഈ സമരങ്ങളോടുള്ള സ്റ്റേറ്റിൻ്റെയും ഫോഴ്സിന്‍റെയും സമീപനങ്ങളെ ഇത്രയും ശക്തമായി വരച്ചിട്ട സൃഷ്ടികൾ വിരളമാണ്. ഭൂമിക്കും നീതിക്കും വേണ്ടി മണ്ണിൻ്റെ മക്കൾ നടത്തിയ പോരാട്ടമായിരുന്നു മുത്തങ്ങ സമരം. ആ വിഷയത്തെ ഒരു സിനിമയിലേക്ക് പകർത്തുമ്പോൾ സാമാന്യം രാഷ്ട്രീയ ബോധമുള്ള കേരളത്തെ അവിടെയുള്ള ചിന്തിക്കുന്ന പ്രേക്ഷകരെ സംവിധായകൻ പരിഗണിച്ചിരുന്നു എന്നതാണ് നരിവേട്ട പുലർത്തിയ രാഷ്ട്രീയ മര്യാദ.

ഇഷ്ടമില്ലാതിരുന്നിട്ടും ഒരു പൊലീസ് കോൺസ്റ്റബിളായി ജോലി ചെയ്യേണ്ടി വരുന്ന വർഗീസ് എന്ന കഥാപാത്രം. മറ്റൊരു നല്ല ജോലിക്കായുള്ള ആഗ്രഹവും പരിശ്രമവും, നേടുമെന്നോ നഷ്ടപ്പെടുമെന്നോ പറയാനാകാത്ത പ്രണയം. ഒരു സേനയുടെ ഭാഗമായി തന്നെ പരുവപ്പെടുത്തേണ്ടി വരുന്നതിൽ അനുഭവിക്കുന്ന സംഘർഷങ്ങൾ. വർഗീസെന്ന പൊലീസുകാരന് അത്മ നിയന്ത്രണം നഷ്ടമാകുന്ന സന്ദർഭങ്ങളെ വളരെ പൊളിറ്റിക്കലായി തന്നെ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നു എന്നതാണ് സംവിധായകൻ്റെ കഴിവ്. അഭിനയത്തിൻ്റെ എല്ലാ സാധ്യതകളേയും മനോഹരമായി ഉപയോഗിച്ചപ്പോഴും വർഗീസ് എന്ന കഥാപാത്രത്തിൻ്റെ കയ്യൊതുക്കം ടൊവിനൊ നഷ്ടപ്പെടുത്തിയില്ല.

സിനിമയിലുടനീളം അതിസാഹസികനായ നായക പരിവേഷമില്ലാതെ നിസഹായതയോടെ, തിളയക്കുന്ന രോഷത്തോടെ, പേടിയോടെയെല്ലാം നമുക്ക് വർഗീസിനെ കാണാം. പലപ്പോഴും അയാളിലൂടെ നമ്മളെയും കാണാം. സ്വന്തം കാര്യത്തിന് മാത്രം പ്രാധാന്യം കൊടുത്ത് ജീവിച്ച ഒരു സാധാരണക്കാരനിൽ നിന്ന് രാഷ്ട്രീയ ബോധ്യമുള്ള പോരാളിയിലേക്കുള്ള യാത്ര. കൺമുന്നിൽ കാണുന്ന അനീതിയെ എതിർക്കാതെ തനിക്ക് താനാകാൻ കഴിയില്ലെന്ന തിരിച്ചറിവ്. എടുത്തു ചാട്ടക്കാരനിൽ നിന്ന് പക്വതയാർന്ന മനുഷ്യനിലേക്കുള്ള വളർച്ച ഓരോ ഘട്ടത്തിലും കഥാപാത്രത്തെ പുതുക്കി പണിയുന്ന കാഴ്ച.

ഇരകളാക്കപ്പെടുന്ന, മാറ്റി നിർത്തപ്പെടുന്ന, ബാധിക്കപ്പെടുന്ന മനുഷ്യരെ, അവരുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനോടൊപ്പം തന്നെ താനറിയാതെ, ആഗ്രഹിക്കാതെ തന്നെ അവരോട് പുറംതിരിഞ്ഞു നിൽക്കേണ്ടിവരുന്ന മനുഷ്യരെയും അവരുടെ സംഘർഷങ്ങളേയും ചിത്രത്തിൽ കാണാം. വൈകാരിക പ്രതികരണങ്ങളെ നിയന്ത്രിച്ച് യാഥാർഥ്യത്തെ മനസിലാക്കി അതിനോട് കലഹിക്കാതെ മുന്നോട്ടു പോകുന്ന ബഷീർ എന്ന അതിശയിപ്പിച്ച പൊലീസുകാരന് സുരാജ് വെഞ്ഞാറമൂട് ജീവൻ നൽകി.


ഡിഐജി ആർ. കേശവദാസ് എന്ന കഥാപാത്രമായെത്തുന്ന നടൻ ചേരൻ സ്ഥിരം വില്ലൻ സങ്കൽപ്പങ്ങളെ അനായാസം മറികടന്നു. ശാന്തമായ കണ്ണുകൾക്കും സൗമ്യമായ സംഭാഷണങ്ങൾക്കും പിറകിൽ കൊടും ക്രൂരതകളെ അയാൾ ഭംഗിയായി ഒളിപ്പിച്ചു. മറ്റ് കഥാപാത്രങ്ങളേയും പ്രേക്ഷകരേയും  ഒരുപോലെ മാനസിക സംഘർഷത്തിലാഴ്ത്തി. താമി എന്ന അദിവാസി യുവാവായെത്തിയ പ്രണവ് ആ കഥാപാത്രമായി ജീവിച്ചെന്നുവേണം പറയാൻ. പ്രണയത്തിനും പ്രതിസന്ധികൾക്കുമപ്പുറത്ത് സ്വന്തമായി നിലപാടെടുക്കാൻ കഴിവുള്ള നായിക. ആദിവാസി നേതാവിനെ കരുത്തോടെ അവതരിപ്പിച്ച ആര്യാ സലിം, പ്രിയവദ കൃഷ്ണൻ, കൃഷ്ണൻ ബാലകൃഷ്ണൻ തുടങ്ങി ഉൾപ്പെടെ എല്ലാ അഭിനേതാക്കളും അവരുടെ കഥാപാത്രങ്ങളോട് നീതി പുലർത്തിയെന്നതും ശ്രദ്ധേയമാണ്.

കരുത്തുറ്റ തിരക്കഥയുമായി എഴുത്തുകാരൻ അബിൻ ജോസഫും, ഇഷ്ക് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തൻ്റെ നിലപാട് അറിയിച്ച സംവിധായകൻ അനുരാജ് മനോഹറും ഒരുമിക്കുമ്പോൾ നരിവേട്ട പ്രേക്ഷകന് സമ്മാനിക്കുന്നത് വേറിട്ട അനുഭവമാണ്. വിജയ്‌യുടെ ഛായാഗ്രഹണം, ജേക്സ് ബിജോയുടെ സംഗീതം, ഷമീർ മുഹമ്മദിൻ്റെ എഡിറ്റിംഗ്, ബാവയുടെ ആർട്ട് വർക്ക് എല്ലാം ചേർന്നപ്പോൾ അത് പൂർണമായെന്ന് കാണാം. റാപ്പർ വേടൻ്റെ ഗാനവും കൂടി എത്തിയതോടെ ചിത്രം വേറെ തലത്തിലേക്കെത്തിയെന്നു വേണം കരുതാൻ

"തോറ്റുപോയ കുറേ ആള്‍ക്കാര്‍ക്ക് വേണ്ടിയുള്ള സിനിമ കൂടിയാണിത്", എന്നായിരുന്നു സംവിധായകൻ സിനിമയെക്കുറിച്ച് പറഞ്ഞത്. രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറം അവരുടെ ജീവിത സമരത്തെ സിനിമയിലൂടെ അടയാളപ്പെടുത്തുന്നതിൽ സംവിധായകനും കൂട്ടരും തോറ്റിട്ടില്ല എന്ന് പറയുകയാണ് തീയേറ്ററുകളിൽ നിന്ന് ഉള്ളുലഞ്ഞ് മടങ്ങുന്ന പ്രേക്ഷകർ.

ഒരു മികച്ച സിനിമ കണ്ടിറങ്ങിയ പ്രതീതിക്കപ്പുറത്തും അവശേഷിക്കുന്ന വിങ്ങലുണ്ടാകും തീയേറ്ററുകൾ വിടുമ്പോൾ. ഭരണകൂട ഭീകരതകളും, അധികാര പ്രയോഗങ്ങളും ഇല്ലാതാക്കുന്ന പാർശ്വവൽകൃത സമൂഹത്തിൻ്റെ സ്വപ്നങ്ങൾ. ആ യാഥാർഥ്യത്തിൽ നിന്ന് തിരിഞ്ഞുനിന്ന് സ്വസ്ഥ ജീവിതം നയിക്കുന്ന മനുഷ്യർക്കു മുൻപിൽ ഒരു ചോദ്യമായിക്കൂടി ചിത്രം മാറുന്നു.

'നരിവേട്ട' എന്ന പേരുപോലെതന്നെ വന്യമായ ദൃശ്യാവിഷ്കാരങ്ങളാണ് ചിത്രത്തിൽ. അതിനോട് ഇഴചേരുന്ന വൈകാരിക മുഹൂർത്തങ്ങൾ. മറയില്ലാതെ അഭിസംബോധന ചെയ്ത രാഷ്ട്രീയ ചരിത്രം. മലയാള സിനിമയ്ക്ക് എക്കാലവും എടുത്തുപറയാവുന്ന സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലർ. ടാഗ് ലൈനിൽ പറയും പോലെ 'മറവികൾക്കെതിരായ ഓർമയുടെ പോരാട്ടം'.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com