കൊച്ചി: 32 വർഷങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണൻ - മമ്മൂട്ടി ടീം ഒന്നിക്കുന്ന ചിത്രം 'പദയാത്ര'. മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ നിർമാണ സംരംഭമായി ഒരുക്കുന്ന ചിത്രം ഇന്ന് നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ചു. അടൂർ ഗോപാലകൃഷ്ണൻ, കെ.വി. മോഹൻകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുക.
മീരസാഹിബ് ആണ് മുഖ്യ സംവിധാന സഹായി. നിർമാണ സഹകരണം: ജോർജ് സെബാസ്‌റ്റ്യൻ, ഛായാഗ്രഹണം: ഷെഹ്നാദ് ജലാൽ, ചിത്ര സംയോജനം: പ്രവീൺ പ്രഭാകർ, കലാ സംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, മേക്കപ്പ്: റോണെക്സസ്, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം: എസ്.ബി. സതീശൻ, ശബ്ദമിശ്രണം: കിഷൻ മോഹൻ (സപ്‌താ റെക്കോർഡ്‌സ്) എന്നിവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.
1994ൽ പുറത്തിറങ്ങിയ 'വിധേയൻ' എന്ന ചിത്രത്തിന് ശേഷം 31 വർഷത്തെ ഇടവേള കഴിഞ്ഞാണ് അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. 1987ൽ റിലീസായ 'അനന്തരം' എന്ന ചിത്രത്തിനായാണ് അടൂരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്നത്. 'മതിലുകൾ', , 'വിധേയൻ' എന്നിവയാണ് ഇരുവരും മുൻപ് ഒന്നിച്ച മറ്റ് ചിത്രങ്ങൾ. ഇവയ്ക്കെല്ലാം ക്ലാസിക്കുകളുടെ സ്ഥാനമാണ് ഇന്ത്യൻ സിനിമയിലുള്ളത്.
'മതിലുകളി'ലെ വൈക്കം മുഹമ്മദ് ബഷീറും 'വിധേയനി'ലെ ഭാസ്കര പട്ടേലർ എന്ന ക്രൂരനായ ജന്മിയും മമ്മൂട്ടിയുടെ ഏറെ പ്രശംസ നേടിയ കഥാപാത്രങ്ങളാണ്. രണ്ട് കഥാപാത്രങ്ങളും മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും നേടിക്കൊടുത്തു.
കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപന പരിപാടിയിൽ പങ്കെടുക്കാനെത്തിയ മമ്മൂട്ടി അടൂരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് സിനിമയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ തീരുമാനമായതെന്നാണ് സൂചന.
'പിന്നെയും' ആണ് അവസാനമായി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം. ദീലീപ്, കാവ്യാ മാധവൻ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. എന്നാൽ, പ്രേക്ഷക- നിരൂപക പ്രശംസ നേടാൻ ഈ സിനിമയ്ക്ക് സാധിച്ചില്ല. വീണ്ടും മമ്മൂട്ടിയുമായി അടൂർ കൈകോർക്കുമ്പോൾ ഒരു ക്ലാസിക് ചിത്രമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.