"മമ്മൂക്ക വിളിച്ച് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു"; തയ്യാറല്ലെന്ന് പറഞ്ഞപ്പോള്‍ കമ്മിറ്റ് ചെയ്ത സിനിമയില്‍ നിന്ന് പിന്മാറിയെന്ന് സാന്ദ്ര തോമസ്

മോഹന്‍ലാല്‍ വിളിച്ചിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം ഈ വിഷയത്തില്‍ പ്രതികരിച്ചില്ലെന്നാണ് സാന്ദ്ര പറഞ്ഞത്.
mammootty and sandra thomas
മമ്മൂട്ടി, സാന്ദ്ര തോമസ്Source : Facebook
Published on

നിര്‍മാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സമര്‍പ്പിച്ച പത്രിക തള്ളിയതിനെ തുടര്‍ന്നുള്ള കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ മമ്മൂട്ടി തന്നെ വിളിച്ചിരുന്നുവെന്ന് സാന്ദ്ര തോമസ്. തയ്യാറല്ലെന്ന് പറഞ്ഞതോടെ കമ്മിറ്റ് ചെയ്ത സിനിമയില്‍ നിന്ന് അദ്ദേഹം പിന്മാറിയെന്നും സാന്ദ്ര വെളിപ്പെടുത്തി. വണ്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാന്ദ്ര തോമസ് ഇതു തുറന്നു പറഞ്ഞത്.

"എന്റെ സിനിമയില്‍ വര്‍ക്ക് ചെയ്തവരും ചെയ്യാത്തവരുമായ ഒരുപാട് താരങ്ങള്‍ മെസേജ് അയച്ചിട്ടുണ്ട്. പുലിക്കുട്ടിയെന്നൊക്കെ പറഞ്ഞുള്ള മെസേജുകളാണ് കൂടുതലും. സന്തോഷം എന്താണെന്നാല്‍ അതില്‍ പുരുഷന്മാരാണ് കൂടുതലും മെസേജ് അയച്ചത്. ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റാത്തതാണ് സാന്ദ്ര ചെയ്തതെന്നൊക്കെയാണ് പറഞ്ഞത്. മെയിന്‍സ്ട്രീം നടന്മാരടക്കം മെസേജ് ചെയ്തു. അതൊക്കെ കാണുമ്പോള്‍ സന്തോഷമുണ്ട്. മാനസികമായ പിന്തുണ തരുന്നുണ്ടല്ലോ. അതില്‍ സന്തോഷമേയുള്ളൂ", സാന്ദ്ര പറഞ്ഞു.

mammootty and sandra thomas
"പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് കൊതിക്കെറുവ്"; സുരേഷ് കുമാറും സിയാദ് കോക്കറും ഗുണ്ടകളെന്ന് സാന്ദ്ര തോമസ്

"പറയാമോ എന്നറിയില്ല, പക്ഷേ പറയുകയാണ്. എന്നെ മമ്മൂക്ക വിളിച്ചിരുന്നു. കേസുമായി മുന്നോട്ടുപോകരുതെന്ന് പറഞ്ഞു. മുക്കാല്‍ മണിക്കൂറോളം സംസാരിച്ചു. ഞാന്‍ അദ്ദേഹത്തോട് ഒറ്റ ചോദ്യമേ ചോദിച്ചുള്ളൂ. മമ്മൂക്കാ, മമ്മൂക്കയുടെ മകള്‍ക്കാണ് ഈ അവസ്ഥ വന്നതെങ്കില്‍ അവരോടും ഇത് പറയുമോ എന്നാണ് ചോദിച്ചത്. പ്രതികരിക്കരുത്, കേസുമായി മുന്നോട്ടുപോകരുത്, ഇത് ഭാവിയില്‍ എന്നെ ബാധിക്കും, എനിക്കിനി സിനിമയുമായി മുന്നോട്ടുപോകാനാകില്ല, ഈ നിര്‍മാതാക്കള്‍ എന്റെ സിനിമ തീയേറ്ററില്‍ ഇറക്കാന്‍ സമ്മതിക്കില്ല, അതുകൊണ്ട് മിണ്ടാതിരിക്കണം എന്ന സ്റ്റാന്‍ഡ് ആയിരിക്കുമോ മമ്മൂക്ക എടുക്കുന്നതെന്ന് ചോദിച്ചു. ഇനി സാന്ദ്രയുടെ ഇഷ്ടം പോലെയെന്നും താന്‍ ഇനിയൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ അദ്ദേഹം കമ്മിറ്റ് ചെയ്തിരുന്ന ഒരു സിനിമയുണ്ടായിരുന്നു. അതില്‍ നിന്ന് പിന്മാറി. എന്നെയിവിടുന്ന് തുടച്ചുമാറ്റാനാണ് എല്ലാവരും ശ്രമിക്കുന്നതെങ്കില്‍ ഞാന്‍ ഇവിടെത്തന്നെയുണ്ടാകുമെന്ന് അദ്ദേഹത്തോട് വ്യക്തമായി പറഞ്ഞു. എന്റെ അവസ്ഥ മനസിലാക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്", എന്നും സാന്ദ്ര തോമസ് പറയുന്നു.

മോഹന്‍ലാല്‍ വിളിച്ചിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം ഈ വിഷയത്തില്‍ പ്രതികരിച്ചില്ലെന്നാണ് സാന്ദ്ര പറഞ്ഞത്. എന്നാല്‍ അദ്ദേഹത്തിന്റെ ചുറ്റും നില്‍ക്കുന്നവര്‍ തനിക്ക് പൂര്‍ണ പിന്തുണ തന്നിട്ടുണ്ടെന്നും അതില്‍ നിന്ന് മനസിലാക്കുന്നത് അദ്ദേഹത്തിന്റെ പിന്തുണയുണ്ടെന്നാണെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com