

ചൂരല്‍മല ദുരന്തത്തില്‍ വയനാടിന് കൈത്താങ്ങായി നടന്‍ മമ്മൂട്ടിയും ദുല്‍ഖർ സല്‍മാനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ മമ്മൂട്ടിയും 15 ലക്ഷം രൂപ ദുല്‍ഖർ സല്‍മാനും സംഭാവന നല്‍കി. എറണാകുളം കളക്ടര്‍ക്കാണ് മമ്മൂട്ടി ചെക്ക് കൈമാറിയത്. മമ്മൂട്ടിക്ക് പുറമെ നസ്രിയ, ഫഹദ്, വിക്രം, ജ്യോതിക, കാര്‍ത്തി, സൂര്യ, രശ്മിക മന്ദാന എന്നിവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.
അതേസമയം ദുരന്തത്തില്‍ ഇതുവരെ 284 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശങ്കയുണ്ട്. കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന്, വയനാട് ജില്ലയില്‍ മാത്രം 82 ദുരിതാശ്വാസ ക്യാമ്പുകളാണ് ആരംഭിച്ചത്. ഇതില്‍ എട്ട് എണ്ണം ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ചതാണ്. ഈ ക്യാമ്പുകളില്‍ 3022 പുരുഷന്‍മാരും 3398 സ്ത്രീകളും 1884 കുട്ടികളും 23 ഗര്‍ഭിണികളും ഉള്‍പ്പെടെ 8304 പേരാണ് കഴിയുന്നത്.