

70ാമത് ഫിലിംഫെയര്‍ അവാര്‍ഡില്‍ മലയാളം വിഭാഗത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട് നടന്‍ മമ്മൂട്ടി. മമ്മൂട്ടിക്കൊപ്പം മത്സരിച്ചത് ആസിഫ് അലിയും ബേസില്‍ ജോസഫുമായിരുന്നു. അവാര്‍ഡ് വാങ്ങി സംസാരിക്കുന്നതിനിടയില്‍ തന്നേക്കാള്‍ ഒട്ടും പിന്നിലല്ല ഇരു നടന്മാരുമെന്ന് പ്രഖ്യാപിച്ച മമ്മൂട്ടി ഇരുവരെയും വേദിയിലേക്ക് ക്ഷണിച്ചു. വാടാ... എന്നു വിളിച്ചു കൊണ്ടായിരുന്നു ഇരുവരെയും ഒപ്പം കൂട്ടിയത്. ആ നിമിഷം കാണികള്‍ക്കിടയിലും വലിയ കൈയ്യടി ഉയര്‍ന്നു.
ഭ്രമയുഗത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിയെ മികച്ച നടനായി തെരഞ്ഞെടുത്തത്. ചിത്രത്തെക്കുറിച്ചും മമ്മൂട്ടി സംസാരിച്ചു. ഒപ്പം അഭിനയിച്ച അര്‍ജുന്‍ അശോകനും സിദ്ധാര്‍ഥുമടക്കം മികച്ച നടന്മാരാണെന്നും പറഞ്ഞ മമ്മൂട്ടി സിനിമ എന്നത് തന്റെ എക്കാലത്തെയും സ്വപ്ന്മാണെന്നും പറഞ്ഞു.
താന്‍ പണ്ടു മുതലേ ഫിലിം ഫെയര്‍ പ്രസിദ്ധീകരണങ്ങളുടെ ആരാധകനമാണ്. വലിയ ഹിന്ദി നടന്മാരൊക്കെ ഫിലിം ഫെയര്‍ വാങ്ങുന്നത് അത്ഭുതത്തോടെ നോക്കിയിട്ടുണ്ടെന്നും അന്നൊന്നും തനിക്ക് ഇത്തരം ഒരു പുരസ്‌കാരം വാങ്ങാന്‍ കഴിയുമെന്ന് കരുതിയിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു. എന്നാല്‍ ഭാഗ്യമെന്ന് പറയട്ടെ, തന്റെ 16ാമത്തെ ഫിലിം ഫെയര്‍ ആണ് ഇപ്പോള്‍ വാങ്ങിക്കുന്നതെന്നും എക്കാലവും സിനിമ മാത്രം സ്വപ്‌നം കണ്ട തനിക്ക് ഇനിയും ഒരുപാട് മെച്ചപ്പെടാന്‍ ഉണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടിയുടെ വാക്കുകള്‍
ഭ്രമയുഗം കുറച്ചു പേരെങ്കിലും കണ്ടുകാണും. ഞാനും വേറെ രണ്ട് അഭിനേതാക്കളും മാത്രമാണ് ആ സിനിമയിലുള്ളത്. പിന്നെയുള്ളത് കുറേ ശബ്ദങ്ങളുമാണ്. അര്‍ജുന്‍ അശോകനും സിദ്ധാര്‍ഥുമാണ് ഒപ്പമുള്ളത്. പിന്നെ ഡയറക്ടറും മറ്റു ടെക്‌നീഷ്യന്‍സുമാണ്.
സിനിമ എന്റെ വലിയ ഒരു സ്വപ്‌നമായിരുന്നു. ഇപ്പോഴുമാണ്. പണ്ടുമുതലേ ഫിലിംഫെയറിന്റെ പ്രസിദ്ധീകരണത്തിന്റെ ആരാധകനാണ്. വലിയ ഹിന്ദി നടന്മാര്‍ ഒക്കെ ഫിലിംഫെയര്‍ അവാര്‍ഡും മറ്റും വാങ്ങുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. ഇതൊന്നും പിടിച്ച് ഇങ്ങനെ നില്‍ക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഭാഗ്യമെന്ന് പറയട്ടെ, 16ാമത്തെ തവണയാണ് എനിക്ക് ഈ അവാര്‍ഡ് ലഭിക്കുന്നത്.
ഒരു നടനെന്ന നിലയില്‍ ഇനിയും ഒരുപാട് മെച്ചപ്പെടുത്താനുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അത് സത്യമാണ്. കള്ളം പറയുന്നതല്ല. എപ്പോഴും മികച്ചതാക്കുവാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുന്നത് വരെ ഞാന്‍ പരിശ്രമിക്കും, കഠിനാധ്വാനം ചെയ്യും. എന്റെ സ്വപ്‌നം എപ്പോഴും സിനിമ മാത്രമായിരുന്നു. നിങ്ങള്‍ എല്ലാവരും എപ്പോഴും എനിക്കൊപ്പം ഉണ്ടാകുമെന്നാണ് കരുതുന്നത്.
ഇതില്‍ ഒപ്പം നോമിനികളായി ഉണ്ടായിരുന്നത് ആസിഫും ബേസിലുമാണ്. അവര്‍ രണ്ട് പേരും എനിക്ക് താഴെയല്ല. അവര്‍ എനിക്കൊപ്പം തുല്യരാണ്. പക്ഷെ ചില കാര്യങ്ങള്‍ കൊണ്ട് മാത്രം എന്നെ തെരഞ്ഞെടുത്തു. അത്രയേ ഉള്ളു. രണ്ട് പേരെയും വേദിയിലേക്ക് ക്ഷണിക്കുകയാണ്...വാടാ... ഭ്രമയുഗത്തില്‍ എനിക്കൊപ്പം അഭിനയിച്ചവരും മികച്ച അഭിനേതാക്കളാണ്.