കൊച്ചി: മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്ത്. 'മേള' എന്നാണ് സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്. താരത്തിന്റെ ജന്മദിനം പ്രമാണിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ഒരു ഔട്ട് ആൻഡ് ഔട്ട് മാസ് കൊമേഷ്യൽ ചിത്രമാകുമിതെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. ചിത്രം 2027ൽ തിയേറ്ററുകളിലെത്തും.
സിനിമയുടെ ടൈറ്റിൽ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ആദ്യ സിനിമയുടെ പേരും ‘മേള’ എന്നായിരുന്നു. കെ.ജി. ജോർജിന്റെ സംവിധാനത്തിൽ 1980ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ വിജയൻ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. ഒരു സർക്കസ് കമ്പനിയിലെ ബൈക്ക് അഭ്യാസിയായിട്ടാണ് ചിത്രത്തിൽ മമ്മൂട്ടി എത്തിയത്. പുതിയ 'മേള'യിൽ സർക്കസ് കമ്പനി ഉടമയായ ഗ്യാങ്സ്റ്ററുടെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുകയെന്നാണ് സൂചന.
ബേസിൽ ജോസഫ് നായകനായ 'ഫാലിമി' എന്ന സൂപ്പർ ഹിറ്റിന് ശേഷം നിതീഷ് സംവിധാനം ചെയ്യുന്ന മലയാളം ചിത്രമാണ് 'മേള'. മമ്മൂട്ടി കമ്പനിയുടെ ഒൻപതാം നിർമാണ സംരംഭമായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസാണ്.
ഈ സിനിമ ഒരു ആക്ഷൻ എന്റർടെയ്‌നർ ആയിരിക്കുമെന്ന് നിതീഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ നായികയില്ലെന്നും ഒൻപത് വയസുള്ള ഒരു കുട്ടിയാകും മമ്മൂട്ടിക്കൊപ്പം സ്ക്രീനിൽ പ്രധാന റോളിൽ എത്തുക എന്നും റിപ്പോർട്ടുകളുണ്ട്. 'രാജമാണിക്യം', 'കളങ്കാവൽ' എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി തിരുവനന്തപുരം ശൈലിയിൽ സംസാരിക്കുന്ന ചിത്രമാകുമിത് എന്നാണ് സൂചന.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, കഥ, തിരക്കഥ- നിതീഷ് സഹദേവ്, അനുരാജ് ഓ ബി, പ്രൊജക്റ്റ് ഡിസൈനർ - അഗ്നിവേഷ് രഞ്ജിത്ത്, ഛായാഗ്രഹണം - ജിംഷി ഖാലിദ്, എഡിറ്റർ- ബ്ലെസ് തോമസ്, പ്രൊഡക്ഷൻ ഡിസൈൻ - ഷാജി നടുവിൽ, ആക്ഷൻ- കാർത്തികേയൻ, മേക്കപ്പ്- റോണക്സ് സേവ്യർ, സലാം, കോസ്റ്റും ഡിസൈൻ - മെൽവി ജെ , അഭിജിത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് എസ് പിള്ളൈ, പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ -തൗഫീഖ് ഹുസൈൻ, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, അസ്സോസിയേറ്റ് ഡിറക്ടർസ്- ആഷിഖ് സലാം, റിത്വിക് ലിമ രാമദാസ്, സ്റ്റിൽസ് - നവിൻ മുരളി, ടൈറ്റിൽ ആൻഡ് പോസ്റ്റെർസ് - യെല്ലോടൂത്സ്, ഡിജിറ്റൽ മാർക്കറ്റിങ്- വിഷ്ണു സുഗതൻ, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.