മമ്മൂട്ടിയോ പൃഥ്വിരാജോ ? ഉര്‍വശിയോ പാര്‍വതിയോ; സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി സീനിയര്‍- ജൂനിയര്‍ പോരാട്ടം

ചരിത്രത്തിലാദ്യമായി 160-ല്‍ പരം സിനിമകള്‍ ജൂറിക്ക് മുന്നിലെത്തിയ പുരസ്കാര നിര്‍ണയ പ്രക്രിയയാണ് ഇത്തവണത്തേത്
മമ്മൂട്ടിയോ പൃഥ്വിരാജോ ? ഉര്‍വശിയോ പാര്‍വതിയോ; സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി സീനിയര്‍- ജൂനിയര്‍ പോരാട്ടം
Published on

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്‍റെ വിധി നിര്‍ണയം അന്തിമഘട്ടത്തില്‍. ചരിത്രത്തിലാദ്യമായി 160-ല്‍ പരം സിനിമകള്‍ ജൂറിക്ക് മുന്നിലെത്തിയ പുരസ്കാര നിര്‍ണയ പ്രക്രിയയാണ് ഇത്തവണത്തേത്. രണ്ടാം ഘട്ടത്തില്‍ സിനിമകളുടെ എണ്ണം 50-ആയി ചുരുങ്ങിയെങ്കിലും മികച്ച നടന്‍, നടി, സിനിമ തുടങ്ങിയ വിഭാഗങ്ങളില്‍ ശക്തമായ മത്സരമാണ് ഇക്കുറി നടക്കുന്നത്. തിരുവനന്തപുരം കഴക്കൂട്ടത്തെ ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനത്തെ രണ്ട് തീയേറ്ററുകളിലായാണ് സ്ക്രീനിങ് പുരോഗമിക്കുന്നത്. അന്തിമ ഘട്ടത്തിലെത്തിയ സിനിമകളുടെ സ്ക്രീനിങ് പൂര്‍ത്തിയാക്കി ഓഗസ്റ്റ് 16-ന് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കാനാണ് നീക്കം. അതേസമയം പുരസ്കാര നിര്‍ണയത്തിലെ ആശയക്കുഴപ്പം നീക്കാന്‍ ചില സിനിമകള്‍ വീണ്ടും കാണാന്‍ ജൂറി തീരുമാനിച്ചാല്‍ പ്രഖ്യാപനം നീളും. പ്രശസ്ത സംവിധായകന്‍ സുധീര്‍ മിശ്രയാണ് ജൂറിയുടെ അധ്യക്ഷന്‍. പ്രാഥമിക ജൂറികളുടെ അധ്യക്ഷന്മാരായ സംവിധായകന്‍ പ്രിയനന്ദന്‍, ഛായാഗ്രാഹകന്‍ അഴകപ്പന്‍ എന്നിവര്‍ അന്തിമ ജൂറിയിലും അംഗങ്ങളാണ്. ലിജോ ജോസ് പെല്ലിശ്ശേരി, എന്‍.എസ് മാധവന്‍, ആന്‍ അഗസ്റ്റിന്‍ എന്നിവരും ജൂറിയിലുണ്ട്.

മികച്ച സിനിമ

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി, ജ്യോതിക എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ കാതല്‍ ദി കോര്‍, റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡ്, പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്നീ ചിത്രങ്ങളാണ് മികച്ച സിനിമയ്ക്കുള്ള മത്സരത്തില്‍ മുന്‍പന്തിയിലുള്ളതെന്നാണ് വിവരം. ഇതുവരെ തിയേറ്ററില്‍ റിലീസ് ചെയ്യാത്ത ചിത്രങ്ങളും ജൂറിയുടെ മുന്നിലെത്തിയിട്ടുണ്ട്. അതിനാല്‍ മികച്ച സിനിമ, സംവിധാനം എന്നീ വിഭാഗങ്ങളില്‍ പുരസ്കാര നിര്‍ണയം കടുപ്പമേറിയതാകും. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയിലെത്തിയ സിനിമകളും മത്സര വിഭാഗത്തിലുണ്ട്.

മമ്മൂട്ടി VS പൃഥ്വിരാജ്

മികച്ച നടനുള്ള അവാര്‍ഡിനായി ശക്തമായ മത്സരമാണ് ഇക്കുറി നടക്കുന്നത്. കാതല്‍ ദി കോര്‍, കണ്ണൂര്‍ സ്ക്വാഡ് സിനിമകളിലെ പ്രകടനത്തിലൂടെ മമ്മൂട്ടി വീണ്ടും പുരസ്കാരം നേടിയാല്‍ അത്ഭുതപ്പെടാനാവില്ല. ആടുജീവിതത്തില്‍ നജീബായി മികച്ച പ്രേക്ഷക പ്രശംസ നേടിയ പൃഥ്വിരാജാണ് മികച്ച നടനാകാനുള്ള മത്സരത്തില്‍ തൊട്ടുപിന്നിലുള്ളത്. ദേശീയ പുരസ്കാരത്തിനടക്കം ഇത്തവണ മമ്മൂട്ടിയുടെയും പൃഥ്വിരാജിന്‍റെയും പ്രകടനങ്ങള്‍ പരിഗണിക്കുന്നുണ്ട്.

ലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ കഴിഞ്ഞ തവണത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം മമ്മൂട്ടി നേടിയിരുന്നു. ഇക്കുറിയും അത് ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ മമ്മൂട്ടിയുടെ കൈകളിലെത്തുന്ന സംസ്ഥാന പുരസ്കാരങ്ങളുടെ എണ്ണം ഏഴാകും.
വാസ്തവം, സെല്ലുലോയ്ഡ് തുടങ്ങിയ സിനിമകളിലൂടെ ഇതിനോടകം രണ്ട് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം പൃഥ്വിരാജ് സ്വന്തമാക്കി കഴിഞ്ഞു.

ഉര്‍വശി vs പാര്‍വതി

മികച്ച നടിക്കുള്ള പുരസ്കാരത്തിലും സീനിയര്‍- ജൂനിയര്‍ മത്സരം പ്രകടമാണ്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കിലെ പ്രകടനത്തിലൂടെ ഉര്‍വശിയും പാര്‍വതിയും അവസാനഘട്ട പുരസ്കാര നിര്‍ണയത്തില്‍ മത്സരിക്കുന്നുണ്ട്. ഓഫ് ബീറ്റ് സിനിമകളിലെ ചില ശ്രദ്ധേയമായ പ്രകടനകളും വിലയിരുത്തുന്നതിനാല്‍ അന്തിമ പ്രഖ്യാപനത്തില്‍ അപ്രതീക്ഷിതമായ പേരുകളും വന്നേക്കാം.

മഴവില്‍ക്കാവടി, വര്‍ത്തമാന കാലം (1989), തലയണ മന്ത്രം (1990), കടിഞ്ഞൂല്‍ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം (1991), കഴകം (1995), മധുചന്ദ്രലേഖ (2006) എന്നീ സിനിമകളിലെ പ്രകടനത്തിലൂടെ ഇതിനോടകം അഞ്ച് തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ഉര്‍വശി സ്വന്തമാക്കി കഴിഞ്ഞു. ചാര്‍ലി, എന്ന് നിന്‍റെ മൊയ്തീന്‍ (2015), ടേക്ക് ഓഫ് (2017) എന്നീ സിനിമകളിലൂടെ രണ്ട് തവണ പാര്‍വതിയും മികച്ച നടിക്കുള്ള പുര്സകാരം സ്വന്തമാക്കിയിട്ടുണ്ട്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com