"പ്രിയപ്പെട്ട മമ്മൂക്ക വരുന്നു...ഉലഞ്ഞപ്പോൾ തുണയായവർക്ക് നന്ദി!" പുതിയ അപ്ഡേറ്റുമായി ആന്റോ ജോസഫ്

ആരാധകരുടെ ആ 'വലിയ ചോദ്യ'ത്തിന് നിർമാതാവ് ആന്റോ ജോസഫ് മറുപടി നല്‍കിയിരിക്കുന്നു
മമ്മൂട്ടി
മമ്മൂട്ടിSource: Facebook / Mammootty
Published on

ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ കാരണം മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടി സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്തത് ആരാധകരെ ആശങ്കയിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ അസുഖം ഭേദമായി മഹാനടന്‍ തിരിച്ചെത്തിയെന്ന വാർത്ത മലയാളികള്‍ ഒന്നടങ്കം ആരവത്തോടെയാണ് ആഘോഷിച്ചത്. സമൂഹമാധ്യമങ്ങള്‍ 'മമ്മൂട്ടി ഈസ് ബാക്ക്' എന്ന് കൊണ്ടാടി. അപ്പോഴും എന്നാകും നടന്‍ സിനിമാ ഷൂട്ടിങ്ങുകളില്‍ സജീവമാകുക എന്നതിനെക്കുറിച്ച് സൂചനകള്‍ ഒന്നും പുറത്തുവന്നിരുന്നില്ല.

ആരാധകരുടെ ആ വലിയ ചോദ്യത്തിന് നിർമാതാവ് ആന്റോ ജോസഫ് മറുപടി നല്‍കിയിരിക്കുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തുടർന്ന് അഭിനയിക്കുവാൻ മമ്മൂട്ടി വരുന്നു. ഒക്ടോബർ ഒന്നിന് ഹൈദരാബാദ് ഷെഡ്യൂളിൽ നടന്‍ ജോയിന്‍ ചെയ്യും. പ്രാർത്ഥനകളിൽ കൂട്ടുവന്നവർക്കും, ഉലഞ്ഞപ്പോൾ തുണയായവർക്കും ആന്റോ ജോസഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിച്ചു.

മമ്മൂട്ടി
രാജമൗലിയുടെ ഇഷ്ട സിനിമ 'മായാബസാർ'; പക്ഷേ മമ്മൂട്ടി ചിത്രമല്ല

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഒന്നിച്ച് സ്‌ക്രീനിലെത്തിക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്. 100 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കെജിഎഫ്, കാന്താര, എന്നീ ചിത്രങ്ങള്‍ കന്നഡ സിനിമയുടെ മുഖം മാറ്റിയത് പോലെ മലയാള സിനിമയുടെ മാര്‍ക്കറ്റ് കൂടുതല്‍ വിപുലമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്ന് നിര്‍മാതാവ് ആന്റോ ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാലിനും മമ്മൂട്ടിക്കും പുറമെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാണ്. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. ശ്രീലങ്ക, ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം.

ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പ്രിയപ്പെട്ട മമ്മൂക്ക വരുന്നു...

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തുടർന്ന് അഭിനയിക്കുവാൻ ഒക്ടോബർ ഒന്നുമുതൽ.

ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാർത്ഥനകളുടെയും മനസ്സാന്നിധ്യത്തിന്റെയും ബലത്തിൽ അതിജീവിച്ചു.

മമ്മുക്ക ഹൈദ്രാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും.

പ്രാർത്ഥനകളിൽ കൂട്ടുവന്നവർക്കും, ഉലഞ്ഞപ്പോൾ തുണയായവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com