
നടന്‍ കമല്‍ ഹാസന്‍ അടുത്തിടെ നടത്തിയ കന്നഡ ഭാഷാ പരാമര്‍ശം വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇതിന് പിന്നാലെ കര്‍ണാടക ഫിലിം ചേംബര്‍ നടന്റെ പുതിയ ചിത്രമായ 'തഗ് ലൈഫ്' സംസ്ഥാനത്ത് നിരോധിക്കുകയും ചെയ്തു. "കന്നഡ ഭാഷ തമിഴില്‍ നിന്നും ഉണ്ടായതാണെന്ന" പരാമര്‍ശമാണ് വിവാദത്തിന് കാരണമായത്. ഇപ്പോഴിതാ ബെംഗളൂരുവില്‍ യുവാവ് കമല്‍ ഹാസന്റെ ഫോട്ടോ കത്തിച്ച് പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. ബെംഗളൂരുവില്‍ പവിത്ര പാരഡൈസ് സര്‍ക്കിളിന് സമീപമാണ് സംഭവമെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംഭവം സ്ഥലത്ത് ഗതാഗത കുരുക്കുണ്ടാക്കിയിരുന്നു. അതിനെ തുടര്‍ന്ന് പൊലീസ് എത്തി യുവാവിനെ അവിടെ നിന്ന് മാറ്റുകയും പൊതുജനങ്ങളെ ശല്യം ചെയ്തതിന്റെ പേരിലും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ പേരിലും 270, 283 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു.
വിവാദ പരാമര്‍ശത്തിന് ശേഷം കമല്‍ ഹാസനോട് കര്‍ണാടക ഫിലിം ചേംബര്‍ മാപ്പ് പറയാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കമല്‍ ഹാസന്‍ മാപ്പ് പറയില്ലെന്ന് പറഞ്ഞതോടെ ചിത്രം കര്‍ണാടകയില്‍ വിലക്കുകയായിരുന്നു. കമല്‍ ഹാസന്‍ പരസ്യമായി മാപ്പ് പറയും വരെ വിലക്ക് തുടരുമെന്നും ചേംബര്‍ വ്യക്തമാക്കി.
"ഇതൊരു ജനാധിപത്യ രാജ്യമാണ്. ഞാന്‍ നിയമത്തിലും നീതിയിലും വിശ്വസിക്കുന്നു. കര്‍ണാടക, ആന്ധ്ര, കേരളം എന്നീ സംസ്ഥാനങ്ങളോട് എനിക്കുള്ള സ്നേഹം സത്യമാണ്. ഏതെങ്കിലും പ്രത്യേക അജണ്ടയുളളവരല്ലാത്ത ആരും ആ സ്നേഹത്തെ തെറ്റിധരിക്കില്ല. ഇതിന് മുന്‍പും എന്നെ ആളുകള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പറഞ്ഞത് തെറ്റാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും മാപ്പ് പറയും. പക്ഷെ അല്ലെങ്കില്‍ പറയില്ല", എന്ന നിലപാടാണ് കമല്‍ ഹാസന്‍ വിഷയത്തില്‍ എടുത്തത്.
അതേസമയം ജൂണ്‍ അഞ്ചിനാണ് മണിരത്നം സംവിധാനം ചെയ്ത 'തഗ് ലൈഫ്' തിയേറ്ററിലെത്തുന്നത്. 'നായകന്' ശേഷം മണിരത്നവും കമല്‍ ഹാസനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. സിലമ്പരശന്‍, ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.