
മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ക്ലാസിക് സൈക്കോളജിക്കല്‍ ത്രില്ലറായ മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിലെത്തുകയാണ്. മലയാളത്തില്‍ ഇപ്പോള്‍ സജീവമായി കൊണ്ടിരിക്കുന്ന റി റിലീസ് ട്രെന്‍ഡിന്‍റെ ചുവടുപിടിച്ചാണ് നീണ്ട 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ -മധു മുട്ടം ടീമിന്‍റെ ഹിറ്റ് ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിങ്ങം 1ന് സിനിമ തീയേറ്ററുകളില്‍ എത്തുമെന്ന് അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും 4K അറ്റ്‌മോസില്‍ റീ മാസ്റ്റര്‍ ചെയ്ത നാഗവല്ലിയുടെ രണ്ടാം വരവ് നായിക ശോഭന തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ആഗസ്റ്റ് 17-ന് മാറ്റിനി നൗവും ഇ ഫോര്‍ എന്‍റര്‍ടൈന്‍മെന്‍റ്സും ചേര്‍ന്ന് ചിത്രം തീയേറ്ററുകളിലെത്തിക്കും.
1993-ല്‍ റിലീസായ ചിത്രത്തിന് ഇന്നും കേരളത്തില്‍ നിരവധി ആരാധകരാണുള്ളത്. മോഹന്‍ലാല്‍, സുരേഷ് ഗോപി, തിലകന്‍, ഇന്നസെന്‍റ്, നെടുമുടി വേണു, കെപിഎസി ലളിത, വിനയ പ്രസാദ്, പപ്പു തുടങ്ങിയര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ഇന്ത്യയിലെ തന്നെ മികച്ച സൈക്കോളജിക്കല്‍ ത്രില്ലറുകളിലെന്നൊയാണ് വിലയിരുത്തപ്പെടുന്നത്. എം.ജി രാധാകൃഷ്ണന്‍ സംഗീതം നല്‍കി ബിച്ചു തിരുമല, വാലി എന്നിവര്‍ എഴുതിയ മണിച്ചിത്രത്താഴിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോണ്‍സണ്‍ മാസ്റ്റര്‍ ആയിരുന്നു പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരുന്നത്. വേണു ഛായാഗ്രഹണവും ടി.ആര്‍ ശേഖര്‍ ചിത്രസംയോജനവും കൈകാര്യം ചെയ്തിരിക്കുന്നു.
സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളായ നാഗവല്ലിയെയും ഗംഗയെയും അവിസ്മരണീയമാം വിധം അവതരിപ്പിച്ച ശോഭനയ്ക്ക് ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അടക്കം ലഭിച്ചിരുന്നു. 1993-ലെ ജനപ്രിയ ചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി. ബോക്സ് ഓഫീസ് വിജയത്തിന് പുറമെ മികച്ച നിരൂപക പ്രശംസയും നേടിയ ചിത്രം ബോളിവുഡില്‍ ഉള്‍പ്പടെ നാലോളം ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. കന്നടയിൽ ആപ്തമിത്ര, തമിഴിൽ ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. തമിഴിലും ഹിന്ദിയിലും ചിത്രത്തിന് രണ്ടാം ഭാഗവും ഉണ്ടായി. കഴിഞ്ഞ വര്‍ഷം കേരളീയം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടന്ന സിനിമ പ്രദര്‍ശനത്തില്‍ മണിച്ചിത്രത്താഴ് കാണാനെത്തിയവരുടെ തിരക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എക്സ്ട്രാ ഷോകള്‍ നടത്തിയാണ് അന്ന് തിരക്ക് നിയന്ത്രിച്ചത്.