

കൊച്ചി: പാപ്പരാസി എന്റർടൈൻമെന്റ് കമ്പനിയുടെ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രം 'മണികണ്ഠൻ: ദ ലാസ്റ്റ് അവതാർ' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഇക്കഴിഞ്ഞ ദിവസം എറണാകുളം വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു പ്രഖ്യാപനം. വൈകുന്നേരം 4:30 മുതൽ 7:30 വരെ നീണ്ടുനിന്ന പരിപാടിയിൽ സിനിമാ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.
വെറുമൊരു സിനിമാ ലോഞ്ച് എന്നതിലുപരി, വലിയൊരു സാമൂഹിക പ്രതിബദ്ധതയുടെ വേദി കൂടിയായി ഈ ചടങ്ങ് മാറി. പരിപാടിയുടെ ഭാഗമായി 500ൽ അധികം അർഹരായ അമ്മമാർക്ക് അഞ്ചു കിലോ വീതം അരി വിതരണം ചെയ്തു. കരുണയുടെയും സ്നേഹത്തിന്റെയും ഈ കരുതൽ പരിപാടിയെ വൈകാരികമായി ഏറെ ശ്രദ്ധേയമാക്കി. പ്രശസ്ത താരം ഗോവിന്ദ് പത്മസൂര്യ, ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവ്, നന്ദഗോവിന്ദം ഭജൻ സംഘം, ക്ഷേത്രം ചെയർമാൻ നന്ദകുമാർ തുടങ്ങിയവർ ചടങ്ങിൽ അതിഥികളായി എത്തി.
മെയ് 29ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. വിനിൽ വാസുവും സംഘവുമാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്ന ഈ ചിത്രം അന്തർദേശീയ നിലവാരത്തിലുള്ള ദൃശ്യാവിഷ്കാരമാണ് വാഗ്ദാനം ചെയ്യുന്നത്. വിക്രിയേറ്റ് (Vkreate) എന്റർടെയ്‌ൻമെന്റ് കമ്പനി അവതരിപ്പിക്കുന്ന ചിത്രം ഗുഡ്ഫെല്ലാസ് ഫിലിംസ് ആണ് കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. പിആർഒ -വാഴൂർ ജോസ്