

മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത്. ഇഞ്ചി വെള്ളം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയും സായ് പല്ലവിയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. മദ്രാസ് ടാക്കീസിന്റ ബാനറിൽ ശിവ ആനന്ദുമായി ചേർന്ന് മണിരത്നം ആണ് ചിത്രത്തിന്റെ നിർമാണം. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് 'ഇഞ്ചി വെള്ളം' അവതരിപ്പിക്കുന്നത്.
കമൽ ഹാസൻ, സിലമ്പരസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'തഗ് ലൈഫി'ന് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇതൊരു റൊമാന്റിക് ഡ്രാമയാണെന്നാണ് സൂചന. 'ചെക്ക ചിവന്ത വാനം' (2018) എന്ന ചിത്രത്തിന് ശേഷം വിജയ് സേതുപതിയും മണിരത്നവും ഒന്നിക്കുന്ന ചിത്രവുമാണിത്. സായ് പല്ലവി നായികയാകുന്ന ആദ്യ മണിരത്നം ചിത്രമെന്ന പ്രത്യേകയും 'ഇഞ്ചി വെള്ള'ത്തിനുണ്ട്.
എ.ആർ. റഹ്മാൻ ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. റഹ്മാൻ-മണിരത്നം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 19ാം ചിത്രമാണിത്. അവിക് മുഖോപാധ്യായ ആണ് ഛായാഗ്രഹണം. ശ്രീകർ പ്രസാദ് എഡിറ്റിങ്ങും. ശർമിഷ്ട റോയ് ആണ് കലാസംവിധാനം. ആക്ഷൻ കൊറിയോഗ്രഫി ദിലീപ് സുബ്ബരായൻ.
2027 ജനുവരിയിൽ ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. ചിത്രീകരണം പൂർത്തിയാകും മുൻപുതന്നെ സിനിമയുടെ സ്ട്രീമിങ് ആവകാശങ്ങൾ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി കഴിഞ്ഞു.