
2026 ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഹിന്ദി ചിത്രം ഹോംബൗണ്ട്. അന്താരാഷ്ട്ര ഫീച്ചര്‍ വിഭാഗത്തിലേക്കാണ് നീരജ് ഗായ്‌വാന്‍ സംവിധാനം ചെയ്ത ചിത്രം അയക്കുക. വിവിധ ഭാഷകളില്‍ നിന്നായി 24 സിനിമകള്‍ പരിഗണിച്ചതിനു ശേഷമാണ് ഹോംബൗണ്ട് തിരഞ്ഞെടുക്കപ്പെട്ടതെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍. ചന്ദ്ര വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നിര്‍മാതാക്കള്‍, സംവിധായകര്‍, എഴുത്തുകാര്‍, എഡിറ്റര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടുന്ന പന്ത്രണ്ടംഗ കമ്മിറ്റിയാണ് സെലക്ഷന്‍ പാനിലിലുള്ളത്. മുന്നിലെത്തിയ 24 സിനിമകളും മികച്ചതായിരുന്നുവെന്നും അതില്‍ നിന്ന് ഒന്ന് തിരഞ്ഞെടുക്കക ഏറെ പ്രയാസകരമായിരുന്നുവെന്നും എന്‍. ചന്ദ്ര പറഞ്ഞു.
2015 ല്‍ പുറത്തിറങ്ങിയ ഏറെ നിരൂപക പ്രശംസ നേടിയ മാസാന്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ് നീരജ് ഗായ്‌വാന്‍. കരണ്‍ ജോഹര്‍, ആധാര്‍ പൂനവല്ല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ഇഷാന്‍ ഖട്ടര്‍, വിശാല്‍ ജേത്വ, ജാന്‍വി കപൂര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മാസാന്‍ പുറത്തിറങ്ങി പത്ത് വര്‍ഷത്തിനു ശേഷമാണ് നീരജ് പുതിയ സിനിമയുമായി എത്തുന്നത്. ഈ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അണ്‍സേര്‍ടൈന്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. 2025 ലെ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്റര്‍നാഷണല്‍ പീപ്പിള്‍സ് ചോയ്സ് അവാര്‍ഡ് വിഭാഗത്തില്‍ രണ്ടാം സ്ഥാനവും ഹോംബൗണ്ട് നേടിയിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. സെപ്റ്റംബര്‍ 26 ന് ചിത്രം തിയേറ്ററുകളിലെത്തും. സമൂഹത്തില്‍ നിന്ന് ലഭിക്കാത്ത അംഗീകാരവും ബഹുമാനവും ലഭിക്കാന്‍ പൊലീസ് സേനയില്‍ ചേരാന്‍ ശ്രമിക്കുന്ന രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥയാണ് ഹോംബൗണ്ട് പറയുന്നത്.