

അസമീസ് സംഗീത ഇതിഹാസം സുബീന്‍ ഗാർഗിന്റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെ ആകെ ഞെട്ടിച്ചിരുന്നു. 52 വയസുകാരനായ ഗായകന്‍ സെപ്റ്റംബർ 19ന് സിംഗപൂരില്‍ വച്ചാണ് അന്തരിച്ചത്. 'റോയ് റോയ് ബിനാലെ' എന്ന സുബീന്റെ അവസാനം ചിത്രത്തിന് ആവേശകരമായ സ്വീകരണമാണ് ആരാധകർ ഒരുക്കുന്നത്. ഈ സിനിമയ്ക്കായി ഏറെ അഭിനിവേശത്തോടെയാണ് സുബീന്‍ പ്രവർത്തിച്ചത് എന്ന് പങ്കാളി ഗരിമ അടുത്തിടെ പറഞ്ഞിരുന്നു.
'റോയ് റോയ് ബിനാലെ' ഒക്ടോബർ 31 ന് രാജ്യവ്യാപകമായി റിലീസ് ചെയ്യുമെന്നാണ് സംവിധായകന്‍ രാജേഷ് ഭുയാൻ അറിയിച്ചിരിക്കുന്നത്. സുബീന്റെ ഒറിജിനല്‍ വോയിസ് റെക്കോഡിങ്ങുകള്‍ ആണ് ഈ സിനിമയുടെ സവിശേഷത. 'റോയ് റോയ് ബിനാലെ'യുടെ കഥയും സംഗീതവും സുബീന്‍ ആണ്. സിനിമ ഒക്ടോബർ 31 ഇറക്കണം എന്നത് സുബീന്റെ ആഗ്രഹമായിരുന്നു. അതുകൊണ്ട് രാജ്യത്താകമാനും ഈ ദിവസം തങ്ങള്‍ പടം റിലീസ് ചെയ്യുമെന്നും രാജേഷ് ഭുയാൻ കൂട്ടിച്ചേർത്തു.
അസമിലെ 90 സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തിന്റെ ആദ്യ ദിവസത്തെ ടിക്കറ്റുകള്‍ എല്ലാം തന്നെ മുൻകൂട്ടി ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ടിക്കറ്റിനായി ആരാധകരില്‍ നിന്ന് ഉയരുന്ന ആവശ്യത്തെ തുടർന്ന് സംസ്ഥാനത്തുടനീളമുള്ള സിനിമാ തിയേറ്ററുകൾ അധിക ഷോകൾ ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. അതിരാവിലെ ആറ് മണിക്കാണ് ചില തിയേറ്ററുകള്‍ ഷോ ആരംഭിക്കുക.
ദ ഹിന്ദു റിപ്പോർട്ട് പ്രകാരം, സിനിമയെ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് അസം കോണ്‍ഗ്രസ് പ്രസിഡന്റ് ഗൗരവ് ഗോഗോയ് ആവശ്യപ്പെട്ടു. അസമീസ് സംസ്കാരത്തിനും പൈതൃകത്തിനും ഗായകൻ നൽകിയ സംഭാവനകൾക്കുള്ള ആദര സൂചകമായിട്ടാണ് ഇങ്ങനെയൊരു ആവശ്യം ഗോഗോയ് ഉന്നയിച്ചത്.
അതേസമയം, സുബീന്‍ ഗാർഗിന്റെ മരണത്തിലെ ദുരൂഹത അവസാനിക്കുന്നില്ല. സുബീന് സിംഗപ്പൂരിൽ വച്ച് വിഷം നൽകി കൊല്ലുകയായിരുന്നു എന്നാണ് ഗായകന്റെ ബാന്‍ഡ്മേറ്റ് ശേഖർ ജ്യോതി ഗോസ്വാമിയുടെ ആരോപണം. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, മനപൂര്‍വമല്ലാത്ത നരഹത്യ എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തി ഇവരെ അസം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഏഴ് പേരെയാണ് ഇതിനകം അറസ്റ്റ് ചെയ്തത്. ഏഴ് പേരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. എന്നാല്‍, സുബീന്റെ മരണത്തില്‍ സംശയിക്കത്തക്ക തരത്തില്‍ ഒന്നുമില്ലെന്നാണ് സിംഗപ്പൂര്‍ പൊലീസിന്റെ കണ്ടെത്തല്‍.