
ഹോളിവുഡ് നടി മാര്‍ഗോ റോബി കേന്ദ്ര കഥാപാത്രമായി എത്തിയ 'ബാര്‍ബി' എന്ന ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിട്ട് രണ്ട് വര്‍ഷം കഴിയുന്നു. ഇപ്പോഴിതാ മള്‍ട്ടിനാഷണല്‍ എന്റര്‍ട്ടെയിന്‍മെന്റ് കമ്പനിയായ മറ്റേല്‍ 'ബാര്‍ബി'യുടെ ആനിമേഷന്‍ ചിത്രം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ്.
ഇതിന് മുന്‍പ് ബാര്‍ബിയെ കേന്ദ്രീകരിച്ച് 52 ആമിമേഷന്‍ സിനിമകള്‍ വന്നിട്ടുണ്ട്. അതെല്ലാം സ്ട്രീമിംഗ്, ടെലിവിഷന്‍ പ്ലാറ്റ്‌ഫോമുകളിലാണ് റിലീസ് ചെയ്തിരുന്നത്. ഇത് ആദ്യമായാണ് തിയേറ്ററിന് വേണ്ടി ബാര്‍ബിയെ കേന്ദ്ര കഥാപാത്രമാക്കി ഒരു ആനിമേഷന്‍ ചിത്രം ഒരുങ്ങുന്നത്.
മിനിയണ്‍ ഫ്രാഞ്ചൈസിന് പിന്നിലുള്ള ഇലുമിനേഷന്‍ സ്റ്റുഡിയോയുമായി ചേര്‍ന്നാണ് മറ്റേല്‍ ചിത്രം നിര്‍മിക്കുന്നതെന്നാണ് ഡെഡ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം രണ്ട് കമ്പനികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയുടെ കഥയുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നിട്ടില്ല.
2023ല്‍ ഗ്രെറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത ബാര്‍ബി വന്‍ ഹിറ്റായതിന് പിന്നാലെയാണ് ഈ വാര്‍ത്ത വരുന്നത്. ചിത്രത്തില്‍ മാര്‍ഗോ റോബി ബാര്‍ബിയും റയാന്‍ ഗോസ്ലിംഗ് കെന്നുമായിരുന്നു. ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം 1.3 ബില്യണ്‍ ഡോളറാണ് നേടിയത്. ഇതോടെ ബാര്‍ബി വാര്‍ണര്‍ ബ്രോസിന്റെ എക്കാലത്തെയും ഏറ്റവും കൂടുതല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടുന്ന തിയേറ്റര്‍ റിലീസായി മാറി.
ഗ്രെറ്റ ഗെര്‍വിഗിന്റെ ബാര്‍ബി ഒരു സ്ത്രീ സംവിധാനം ചെയ്ത ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രവുമായിരുന്നു. അതോടൊപ്പം ചിത്രത്തിന് എട്ട് അക്കാദമി നോമിനേഷനുകളും ലഭിച്ചിരുന്നു.
അതേസമയം 1959 മുതല്‍ ആഗോളതലത്തില്‍ പാവകളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ബാര്‍ബി നിലനിര്‍ത്തി. ഓരോ മിനിറ്റിലും 100-ലധികം ബാര്‍ബി പാവകളാണ് വിറ്റഴിക്കപ്പെടുന്നതെന്നാണ് ഡെഡ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.