
ഈ വർഷത്തെ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചത് ബോളിവുഡ് താരം മിഥുൻ ചക്രബർത്തിക്കാണ്. ഇന്ത്യൻ സിനിമാ മേഖലയിലെ പരമോന്നത ബഹുമതിയാണ് ദാദാ സാഹേബ് ഫാൽക്കെ അവാർഡ്. തന്റെ ആദ്യചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി അരനൂറ്റാണ്ടു പിന്നിടുമ്പോഴാണ് മിഥുൻ ചക്രബർത്തിക്ക് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്. സിനിമാ പാരമ്പര്യമില്ലെന്നും നിറമില്ലെന്ന കാരണത്താലും ഒരുകാലത്ത് മിഥുൻ ചക്രബർത്തിയെ ഇന്ത്യൻ സിനിമാ ലോകം മാറ്റി നിർത്തിയിരുന്നു. എന്നാൽ, അദ്ദേഹം പട്ടിണി കിടന്നും ബോംബെയിലെ തെരുവുകളിൽ കിടുന്നുറങ്ങിയും സിനിമ എന്ന തന്റെ സ്വപ്നത്തിനായി പരിശ്രമിച്ചുകൊണ്ടിരുന്നു. ഒടുവിൽ 1976ൽ മിഥുൻ ചക്രബർത്തി നായകനായ ആദ്യ ചിത്രം മൃഗയ തീയറ്ററിലെത്തി.
മൃണാള്‍ സെന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആദിവാസി യുവാവിൻ്റെ വേഷമാണ് മിഥുന്‍ ചക്രബർത്തി അവതരിപ്പിച്ചത്. ബ്രിട്ടീഷ് ഇന്ത്യ പശ്ചാത്തലമാക്കി നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൻ്റെ കഥയാണ് ചിത്രം പറഞ്ഞത്. ഇന്ത്യൻ സിനിമയിൽ തന്നെ കൾട്ട് ക്ലാസിക് പദവി നേടിയ ഈ ചിത്രത്തിലൂടെയാണ് മികച്ച നടനുള്ള ദേശിയ പുരസ്കാരം അദ്ദേഹം സ്വന്തമാക്കിയത്. പിന്നീട്, മൃഗയ പോലെയുള്ള ആര്‍ട്ട് പടങ്ങളില്‍ മാത്രമായി ഒതുങ്ങാതെ മുഖ്യധാര സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് അദ്ദേഹം ബോളിവുഡില്‍ നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ചു. തുടർ ഹിറ്റുകളും ആരാധകരും ഏറി വന്നതോടെ താരത്തില്‍ നിന്നും സൂപ്പര്‍ താര പദവിയിലേക്ക് ചേക്കേറപ്പെട്ടു. 'പാവങ്ങളുടെ അമിതാഭ് ബച്ചന്‍' എന്നായിരുന്നു ഒരു കാലത്ത് അദ്ദേഹത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. തൻ്റെ കരിയറിലെ ഏറ്റവും വലിയ പ്രശംസ അതാണെന്നായിരുന്നു മിഥുന്‍ ചക്രബർത്തി പിന്നീട് പറഞ്ഞത്.
ഡിസ്കോ ഡാൻസർ എന്ന ചിത്രത്തിൽ അദ്ദേഹം തെരുവ് കലാകാരൻ്റെ വേഷം ചെയ്തു. ആ ചിത്രം ഇന്ത്യയ്ക്ക് പുറത്തേക്കും മിഥുൻ ചക്രവർത്തിയുടെ പ്രശസ്തി കൊണ്ടുപോയി. 1982 ൽ റിലീസായ ചിത്രം ഏഷ്യല്‍ ഭൂഖണ്ഡത്തില്‍ തന്നെ വന്‍ തരംഗമായി മാറിയിരുന്നു. ആ ചിത്രം അന്ന് 100 കോടിക്ക് മേലെയാണ് ബോക്‌സ് ഓഫിസ് കളക്ഷന്‍ നേടിയത്. 2023ൽ ബംഗാളി ചിത്രം കാബൂളിവാലയിലാണ് മിഥുൻ ചക്രബർത്തി അവസാനമായി അഭിനയിച്ചത്.
സിനിമയിലെ പോലെ തന്നെ രാഷ്ട്രീയത്തിലും മിഥുൻ ചക്രബർത്തി തൻ്റെതായ ഇടം നേടിയെടുത്തിട്ടുണ്ട്. പശ്ചിമ ബംഗാളിൽ നിന്നും അഖിലേന്ത്യ തൃണമൂൽ കോൺഗ്രസിൻ്റെ നോമിനേഷനിൽ രാജ്യസഭാംഗമായ അദ്ദേഹം പിന്നീട് ബിജെപിയിൽ ചേർന്നു.
വിവിധ ഭാഷകളിലായി 400-ലധികം സിനിമകളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ഈ വർഷം പത്മഭൂഷൻ നൽകി രാജ്യം ആദരിച്ചതിനു പിന്നാലെയാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചത്. മിഥുൻ്റെ സിനിമായാത്ര പല തലമുറകൾക്കും പ്രചോദനം നൽകുന്നതാണെന്നും അദ്ദേഹം ഇന്ത്യൻ സിനിമയ്ക്ക് നൽകിയ ഐതിഹാസിക സംഭാവന പരിഗണിച്ചാണ് ദാദാസാഹേബ് ഫാൽക്കെ അവാർഡ് നൽകാൻ തീരുമാനിച്ചെന്നും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അശ്വനി വൈഷ്ണവ് എക്സിൽ കുറിച്ചിരുന്നു. ഒക്ടോബർ എട്ടിന് നടക്കുന്ന 70ാമത് നാഷണഷൽ അവാർഡ് വേദിയിലായിരിക്കും മിഥുൻ ചക്രബർത്തിക്ക് അവാർഡ് സമർപ്പിക്കുക.