
എറണാകുളം: ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമാകുന്ന ദൃശ്യം 3യുടെ ചിത്രീകരണം ആരംഭിച്ചു. വലിയ പ്രതീക്ഷയോടെയാണ് ഷൂട്ടിങ് തുടങ്ങുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫും നിർമാതാവ് ആന്റണി പെരുമ്പാവൂരും ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
പൂത്തോട്ട ലോ കോളേജിൽ ആണ് സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നത്. ഇവിടെവച്ച് തന്നെയാണ് സിനിമയുടെ പൂജയും നടക്കുക. ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാര തിളക്കത്തിനിടെയാണ് മോഹൻലാൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. കുറച്ചു സമയം ചിത്രീകരണത്തിൽ പങ്കാളിയായ ശേഷം മോഹൻലാൽ ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങുന്നതിനായി ഡൽഹിയിലേക്ക് പോകും.
ദൃശ്യത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളും ഇരുകയ്യും നീട്ടി സ്വീകരിച്ച മലയാളികള്‍ ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയുമാണ് നാലാം ക്ലാസുകാരനായ ജോർജ് കുട്ടിയുടെ അടുത്ത നീക്കമെന്താണെന്ന് അറിയാന്‍ കാത്തിരിക്കുന്നത്. എന്നാല്‍ ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഒരു ത്രില്ലർ എന്നതില്‍ ഉപരിയായി ജോർജ് കുട്ടിക്കും കുടുംബത്തിനും ഇനി എന്ത് സംഭവിക്കും എന്നതിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുക എന്നാണ് സംവിധായകന്‍ ജീത്തു ജോസഫ് പറയുന്നത്.
"ഇതൊരു നല്ല സിനിമയാകുമെന്നതില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. അമിത പ്രതീക്ഷയുടെ ഭാരമുണ്ട്. അതൊന്നുമില്ലാതെ വരിക. ദൃശ്യം ഒന്നിനും രണ്ടിനും മുകളില്‍ എന്ന് ആലോചിക്കാതെ വരാനാണ് പ്രേക്ഷകരോട് പറയാനുള്ളത്. ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതത്തില്‍ എന്താണ് സംഭവിക്കുക എന്ന ഇമോഷണല്‍ കഥയാകും ദൃശ്യം 3," ജീത്തു ജോസഫ് പറഞ്ഞു.
സിനിമ മൂന്നാം ഭാഗത്തോടെ അവസാനിക്കുമോ എന്ന കാര്യത്തില്‍ ജീത്തു ജോസഫ് വ്യക്തത വരുത്തിയില്ല. കേസ് തുടരുകയാണ് എന്ന തരത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം. എന്തായാലും ആദ്യ രണ്ട് ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും ദൃശ്യത്തിന്റെ മൂന്നാം പതിപ്പ് എന്ന് ജീത്തു ഉറപ്പുനല്‍കുന്നു.