'റാം' ഷൂട്ടിങ് പുനഃരാരംഭിച്ചു; മോഹൻലാൽ - ജീത്തു ജോസഫ് സിനിമയുടെ സെറ്റിൽ നിന്നുള്ള ചിത്രങ്ങളുമായി പ്രിയാമണി

കൊച്ചിയിലും ഹൈദരാബാദിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്
'റാം' ഷൂട്ടിങ് പുനഃരാരംഭിച്ചു; മോഹൻലാൽ - ജീത്തു ജോസഫ് സിനിമയുടെ സെറ്റിൽ നിന്നുള്ള ചിത്രങ്ങളുമായി പ്രിയാമണി
Published on: 
Updated on: 

ഷൂട്ടിങ് പുനഃരാരംഭിച്ച മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം 'റാമി'ന്റെ സെറ്റിൽ ജോയിൻ ചെയ്ത് നടി പ്രിയാമണി. സെറ്റിൽ നിന്നുള്ള തന്റെ ചിത്രങ്ങൾ നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ‘ജീത്തു സാറിനും മോഹൻലാൽ സാറിനും ഒപ്പം തിരിച്ചെത്തി’ എന്ന അടിക്കുറിപ്പോടെയാണ് പ്രിയാമണി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

കാത്തിരിപ്പിനൊടുവിൽ 'റാം' സിനിമയുടെ ഷൂട്ടിങ് പുനഃരാരംഭിച്ചതിന്റെ ആവേശത്തിലാണ് മോഹൻലാൽ ആരാധകർ. കൊച്ചിയിലും ഹൈദരാബാദിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്.

2020ൽ ഷൂട്ടിങ് ആരംഭിച്ച ഈ സ്പൈ ആക്ഷൻ ചിത്രം രണ്ട് ഭാഗങ്ങളായി ഇറക്കാനാണ് അണിയറപ്രവർത്തകർ പദ്ധതിയിട്ടിരുന്നത്. എന്നാൽ, കോവിഡ് കാലത്ത് ചിത്രീകരണം നിർത്തിവയ്‌ക്കേണ്ടിവന്നു. പിന്നീട് പല കാരണങ്ങളാൽ സിനിമയുടെ ഷൂട്ടിങ് പുനഃരാരംഭിക്കാനും സാധിച്ചില്ല. ഏറെക്കാലമായി സിനിമാപ്രേമികൾ 'റാം' അപ്ഡേറ്റിനായി കാത്തിരിക്കുകയാണ്.

ഇതിനിടയിൽ മോഹന്‍ലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ മൂന്ന് ചിത്രങ്ങളാണ് പുറത്തുവന്നത്. എന്നാൽ, 'റാമി'ന്റെ മാത്രം അപ്ഡേറ്റുകൾ ഒന്നും പുറത്തുവന്നില്ല. സിനിമ ഉപേക്ഷിച്ചിട്ടില്ല എന്ന് മാത്രം സംവിധായകൻ ആരാധകർക്ക് ഉറപ്പുനൽകി. ഒടുവിലിതാ, കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സിനിമയുടെ ഷൂട്ടിങ് പുനഃരാരംഭിച്ചിരിക്കുന്നു.

തമിഴ് സൂപ്പര്‍താരം തൃഷയാണ് 'റാമി'ലെ നായിക. ഇന്ദ്രജിത്ത് സുകുമാരൻ, പ്രിയാമണി, ചന്തുനാഥ്, പ്രാചി തെഹ്‌ലാന്‍, സംയുക്ത മേനോന്‍, ലിയോണ ലിഷോയ് തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിലുള്ളത്. അടുത്ത വര്‍ഷം ചിത്രം തിയേറ്ററുകളിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

News Malayalam 24x7
newsmalayalam.com