

കൊച്ചി: മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രമാണ് 'വൃഷഭ'. ഡിസംബർ 25ന് ചിത്രം റിലീസ് ആകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് അപ്ഡേറ്റുകൾ ഒന്നും പുറത്തുവന്നിരുന്നില്ല. ഇതോടെ സിനിമയുടെ റിലീസ് മാറ്റിയെന്ന തരത്തിൽ അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ഇപ്പോഴിതാ പുതിയ അപ്ഡേറ്റ് മോഹൻലാൽ തന്നെ പുറത്തുവിട്ടിരുക്കുന്നു.
'വൃഷഭ'യുടെ ഏറ്റവും പോസ്റ്റർ തന്റെ സമൂഹ മാധ്യമ പേജുകളുടെ കവൻ ഫോട്ടോ ആക്കിയാണ് മോഹൻലാൽ അപ്ഡേറ്റ് പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്ന പോസ്റ്ററിൽ റിലീസ് തീയതി ഇല്ല. എന്നാൽ, എക്സിലെ കവർ ഫോട്ടോ ഡിസംബർ 25ന് തന്നെ സിനിമ റിലീസ് ആകുമെന്ന സൂചനയാണ് നൽകുന്നത്. ഇത് റിലീസ് തീയതി സംബന്ധിച്ച് കൂടുതൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. നേരത്തെ നവംബറിൽ പുറത്തിറങ്ങും എന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം നിരവധി തവണ റിലീസ് തീയതി മാറ്റിയിരുന്നു.
അതേസമയം, 'വൃഷഭ'യിലെ ആദ്യ ഗാനം 'അപ്പ' ഇന്ന് പുറത്തിറങ്ങും. കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ. കപൂർ, സി.കെ. പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമിച്ച വൃഷഭ, ആശീർവാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്. വിമൽ ലഹോട്ടി ആണ് ചിത്രത്തിന്റെ സഹനിർമാതാവ്.
എസ്ആർക്കെ, ജനാർദൻ മഹർഷി, കാർത്തിക് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ശക്തമായ സംഭാഷണങ്ങൾ രചിച്ചത്. മികച്ച വിഷ്വൽ ഇഫക്റ്റുകൾ, എഡിറ്റിങ്, സൗണ്ട് ഡിസൈൻ എന്നിവയും ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. തെലുങ്ക്, മലയാളം ഭാഷകളിൽ ഒരുക്കിയ ചിത്രം ഹിന്ദി, കന്നഡ ഭാഷകളിൽ കൂടി ഡിസംബർ 25ന് ചിത്രം റിലീസിനെത്തും. ചിത്രത്തിന്റെ ട്രെയ്‌ലർ ഉൾപ്പെടെയുള്ളവ വൈകാതെ പുറത്തു വരും. ഛായാഗ്രഹണം - ആന്റണി സാംസൺ, എഡിറ്റിങ്- കെ എം പ്രകാശ്, സംഗീതം- സാം സി എസ്, സൗണ്ട് ഡിസൈൻ- റസൂൽ പൂക്കുട്ടി, ആക്ഷൻ - പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, ഗണേഷ്, നിഖിൽ.