
കൊച്ചി: ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതില്‍ ദൈവത്തിനും പ്രേക്ഷകര്‍ക്കും നന്ദിയെന്ന് മോഹന്‍ലാല്‍. കൊച്ചി എയര്‍പോര്‍ട്ടില്‍ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. മലയാള സിനിമയ്ക്ക് ലഭിച്ച അംഗീകാരമാണിതെന്നും അച്ഛനും അമ്മയ്ക്കും മലയാള സിനിമയ്ക്കും പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു.
ചെന്നൈയിലായിരുന്ന മോഹന്‍ലാല്‍ ഇന്ന് രാവിലെ 6.30 ഓടെയാണ് കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. രാവിലെ പത്തരയ്ക്ക് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് മാധ്യമങ്ങളെ കാണും.
എയർപോർട്ടിൽ നിന്നും നേരെ എളമക്കരയിൽ താമസിക്കുന്ന അമ്മയുടെ അടുത്തേക്കാണ് താരം പോകുന്നത്.
നടന്‍, നിര്‍മാതാവ്, സംവിധായകന്‍ തുടങ്ങിയ നിലകളില്‍ ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ നിസ്തുല സംഭാവന കണക്കിലെടുത്താണ് മോഹന്‍ലാലിന് പുരസ്‌കാരം സമ്മാനിച്ചത്. ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ മോഹന്‍ലാലിന് പുരസ്‌കാരം സമ്മാനിക്കും. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനൊപ്പമാണ് പുരസ്‌കാരദാനം.
ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ പരമോന്നത ബഹുമതിയാണ് മോഹന്‍ലാലിനെ തേടിയെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും അടക്കം രാഷ്ട്രീയ മേഖലയിലെ പ്രമുഖരെല്ലാം മോഹന്‍ലാലിന് ആശംസയറിയിച്ചിരുന്നു. മമ്മൂട്ടിയടക്കം ഇന്ത്യന്‍ സിനിമാലോകത്തെ പ്രമുഖരും മോഹന്‍ലാലിന് ആശംസ അറിയിച്ചു.
സിനിമയെ ശ്വസിച്ച് സിനിമയില്‍ ജീവിച്ച യഥാര്‍ത്ഥ കലാകാരന്‍ എന്നാണ് പുരസ്‌കാര പ്രഖ്യാപനത്തിനു പിന്നാലെ മമ്മൂട്ടി മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞത്. സഹപ്രവര്‍ത്തകന്‍ എന്നതിലുപരി, പതിറ്റാണ്ടുകളായി അത്ഭുതകരമായ സിനിമായാത്ര തുടരുന്ന കാലാകാരനും സഹോദരനുമാണ് മോഹന്‍ലാല്‍ എന്നും മമ്മൂട്ടി പറഞ്ഞു. ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തിന് മോഹന്‍ലാല്‍ എന്തുകൊണ്ടും അര്‍ഹനാണെന്നും സന്തോഷവും അഭിമാനവുമാണെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ മമ്മൂട്ടി പറഞ്ഞു.