

ഒരൊറ്റ സമൂഹമാധ്യമ പോസ്റ്റിലൂടെ സിനിമാപ്രേമികളുടെ ആവേശം വാനോളം ഉയർത്തിയിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ. പുതിയ തലമുറ സംവിധായകർക്കും തന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർക്കുമൊപ്പം താൻ ഏഴ് പുതിയ പ്രോജക്ടുകളുടെ ഭാഗമാകുന്നതായിട്ടാണ് നടൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ലൈനപ്പ് ഒന്ന് സൂക്ഷിച്ചു നോക്കിയാൽ ഒരു കാര്യം വ്യക്തമാണ് - ഈ കളി അയാൾ ജയിക്കാൻ വേണ്ടി കളിക്കുന്നതാണ്.
വിഷ്ണു മോഹൻ, അനൂപ് സത്യൻ, പ്രിയദർശൻ, ദിലീഷ് പോത്തൻ, ജൂഡ് ആന്തണി ജോസഫ്, ജീത്തു ജോസഫ് എന്നിവരുമായാണ് മോഹൻലാലിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ. ഇതിൽ പ്രിയദർശൻ, സത്യൻ അന്തിക്കാട്, ജീത്തു ജോസഫ് എന്നിവർ മലയാളി എക്കാലവും ഓർത്തിരിക്കുന്ന എവർഗ്രീൻ മോഹൻലാൽ ചിത്രങ്ങൾ സമ്മാനിച്ചവരാണ്. പട്ടികയിലെ ബാക്കി നാല് സംവിധായകരുമായി ആദ്യമായാണ് താരം സിനിമ ചെയ്യുന്നത് (ജൂഡ് ആന്തണി ജോസഫിന്റെ 'തുടക്കം' എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു).
100ാം ചിത്രത്തിലേക്ക് കടക്കുന്ന പ്രിയദർശനും രണ്ട് സിനിമകൾ മാത്രം സംവിധാനം ചെയ്തിട്ടുള്ള വിഷ്ണു മോഹനും ഉൾപ്പെട്ട ഈ പട്ടിക മോഹൻലാൽ തന്നെ കുറിച്ചിരിക്കുന്നത് പോലെ - ഒരു ഗ്ലിംപ്സ് മാത്രമാണ്. വരാനിരിക്കുന്ന നിരവധി ചിത്രങ്ങളിൽ ചിലതിലേക്കുള്ള എത്തിനോട്ടം.
'L367' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന മോഹൻലാൽ-വിഷ്ണു മോഹൻ ചിത്രം ബ്രഹ്മാണ്ഡ കാൻവാസിലാണ് ഒരുങ്ങുന്നത്. സിനിമയുടെ രചനയും വിഷ്ണുവാണ്. 'മേപ്പടിയാൻ' എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‍കാരം സ്വന്തമാക്കി ശ്രദ്ധ നേടിയ സംവിധായകൻ ആണ് വിഷ്ണു മോഹൻ.
വിദേശത്ത് നിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ അണിനിരക്കുന്ന ചിത്രം, ശ്രീ ഗോകുലം മൂവീസ് നിർമിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായാണ് ഒരുങ്ങുന്നത്.
ഒരു ക്വേർക്കി കോമഡി- ആക്ഷൻ ത്രില്ലർ മോഹൻലാൽ പടവുമായാണ് അനൂപ് സത്യൻ എത്തുന്നത്. ഇതൊരു അന്തിക്കാടൻ ഴോണർ പടമാകില്ല എന്ന് ദ ക്യൂവിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ വ്യക്തമാക്കി കഴിഞ്ഞു. ഈ 'കോക്ടൈൽ ഴോണറി'ൽ മൂന്ന് വിഭാഗങ്ങളിലും മികവ് തെളിയിച്ച നടനാണ് മോഹൻലാൽ. എങ്ങനെയാകും ഈ ഴോണറിനേയും സംവിധായകൻ പരിചരിക്കുക എന്നതിലാണ് ഈ സിനിമയുടെ വിജയം കിടക്കുന്നത്.
പ്രിയദർശൻ സംവിധാനം ചെയ്യുന്ന 100ാം ചിത്രം എന്നതാണ് ഈ പ്രോജക്ടിന്റെ മുഖ്യ സവിശേഷത. മ്യൂസിക്കൽ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ഒരുങ്ങുന്നതെന്നാണ് സംവിധായകൻ നൽകുന്ന സൂചന. ആക്ഷന് പ്രാധാന്യമുള്ള ഒരു കൊമേഴ്ഷ്യൽ എന്റർടെയ്നറായിട്ടാകും സിനിമ ഒരുങ്ങുക എന്ന് അടുത്തിടെ മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ വ്യക്തമാക്കിയിരുന്നു. സിനിമയിൽ 12 ഗാനങ്ങൾ ഉണ്ടാകുമെന്നും പ്രിയദർശൻ പറഞ്ഞിട്ടുണ്ട്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് സിനിമയുടെ നിർമാണം. ഈ വർഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.
പോത്തേട്ടൻ- ലാലേട്ടൻ ചിത്രത്തിനായി സിനിമാപ്രേമികൾ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. റിയലിസ്റ്റിക്കായി സിനിമയെ പരിചരിക്കുന്ന ദിലീഷിന്റെ 'നെടുങ്കണ്ടം മിറാക്കിൾ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മോഹൻലാൽ എന്ന അഭിനേതാവിനെ എങ്ങനെയാകും പ്രയോജനപ്പെടുത്തുക എന്നതാണ് ഈ ആകാംക്ഷയ്ക്ക് കാരണം. എന്തായാലും പൊടിപാറിക്കുന്ന, മീശ പിരിക്കുന്ന ചിത്രമാകുമിതെന്ന് തോന്നുന്നില്ല.
ശ്യാം പുഷ്കരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കുന്നത്. ദിലീഷ് പോത്തൻ - ശ്യാം പുഷ്കരൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് 'നെടുങ്കണ്ടം മിറാക്കിൾ'. ശ്യാം പുഷ്കരന്റെ രചനയിൽ ദിലീഷ് പൊത്തൻ സംവിധാനം ചെയ്ത 'മഹേഷിന്റെ പ്രതികാരം', 'ജോജി' എന്നിവ വലിയ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രങ്ങളായിരുന്നു.
'ഹൃദയപൂർവം' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത്. പക്കാ അന്തിക്കാടൻ വൈബിലുള്ള ഒരു പടമാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്. വീട്ടുകാര്യങ്ങളും നാട്ടുവിശേഷങ്ങളും കടന്നുവരുന്ന സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ മോഹൻലാൽ കഥാപാത്രങ്ങൾ ഇന്നും സിനിമാപ്രേമികൾ നെഞ്ചേറ്റുന്നവയാണ്. ഇനി സത്യൻ അന്തിക്കാട് റൂട്ട് അൽപ്പം മാറ്റിയാലും ആരും നെറ്റിചുളിക്കില്ല, അത്ഭുതപ്പെടില്ല. 'പിൻഗാമി' എടുത്ത കൂട്ടുകെട്ടാണേ!
"കഴിഞ്ഞ 12 കൊല്ലമായി കാത്തിരുന്ന നിമിഷം, നന്ദി ലാലേട്ടാ" - എന്ന് കുറിച്ചുകൊണ്ടാണ് മോഹൻലാൽ പടം സംവിധാനം ചെയ്യാൻ അവസരം ലഭിച്ചതിലുള്ള സന്തോഷം ജൂഡ് ആന്തണി ജോസഫ് പ്രകടിപ്പിച്ചത്. ഈ വാക്കുകളിൽ നിന്ന് ഒരു കാര്യം ഉറപ്പിക്കാം - ഇതൊരു ഫാൻ ബോയി പടമാകും.
അടുത്ത വർഷമാകും സിനിമ പ്രേക്ഷകരിലേക്ക് എത്തുക. സിനിമയെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും മോഹൻലാലിനെ 'സെക്കൻഡറി കാസ്റ്റ്' എന്ന് വിശേഷിപ്പിച്ചതിന് ഹിന്ദി പടം വേണ്ടെന്ന് വച്ച ആൾ പല സർപ്രൈസുകളും കാത്തുവച്ചിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ജീത്തു ജോസഫും മോഹൻലാലും കൈകോർക്കുന്നു എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും ചിന്ത ഒരു ത്രില്ലർ സിനിമയിലാകും ചെന്നുനിൽക്കുക. 'ദൃശ്യം' സംവിധായകൻ വീണ്ടുമൊരു മോഹൻലാൽ ചിത്രം ചെയ്യുമ്പോൾ അങ്ങനെ ചിന്തിക്കുന്നത് സ്വാഭാവികം. എന്നാൽ, ഇതേ സംവിധായകനാണ് 'മൈ ബോസ്', 'നുണക്കുഴി' പോലുള്ള ചിത്രങ്ങളും ഒരുക്കിയിരിക്കുന്നതെന്ന വസ്തുത മറക്കരുത്.
ഇത്തവണ മോഹൻലാലിന് ഒപ്പം ഒരു കോമഡി ചിത്രവുമായിട്ടാണ് ജീത്തുവിന്റെ വരവെങ്കിലോ? ഇനി പാതിവഴിയിൽ നിൽക്കുന്ന ജീത്തു-മോഹൻലാൽ ചിത്രം 'റാം' ആകുമോ വരുന്നത്? എന്തും പ്രതീക്ഷിക്കണം. ജീത്തുവാണ്; ട്വിസ്റ്റുണ്ടാകും.