
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'തുടരും' എന്ന മോഹൻലാൽ ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മോഹൻലാലും ശോഭനയും ചായ പങ്കിടുന്ന ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. 'ചില കഥകൾ തുടരാനുള്ളതാണ്' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നാടോടിക്കാറ്റിലെ 'വൈശാഖ സന്ധ്യേ' എന്ന ഗാനരംഗത്തെ ഓർമിപ്പിക്കുന്നതരത്തിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തിട്ടുള്ളത്. ആ ഗാനരംഗത്തിലും ഇരുവരും ചായ കുടിക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു. മലയാളി പ്രേക്ഷകരുടെ ഇഷ്ട ജോഡികളായ മോഹൻലാൽ- ശോഭന കോംബോയെ വർഷങ്ങൾക്ക് ശേഷം വീണ്ടും ബിഗ് സ്‌ക്രീനിൽ കാണുവാനുള്ള ആവേശത്തിലാണ് ആരാധകർ. അമൽ നീരദ് സംവിധാനം ചെയ്തു 2009 ൽ പുറത്തിറങ്ങിയ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചു അഭിനയിച്ചത്.
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ചിത്രം നിർമിച്ചിരിക്കുന്നത്. തരുൺ മൂർത്തിയും കെ. ആർ. സുനിലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ബിനു അപ്പു, മണിയൻ പിള്ള രാജു. ഫർഹാൻ ഫാസിൽ, തോമസ് മാത്യു എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ജനുവരി 30 -ന് ചിത്രം തീയേറ്ററുകളിലെത്തും.