
കാലം തെറ്റി ഇറങ്ങിയ സിനിമയെന്ന് പുതിയ കാല സിനിമാ പ്രേക്ഷകര്‍ വിലയിരുത്തിയ സിബി മലയില്‍ ചിത്രം ദേവദൂതന്‍റെ റി റിലീസ് തിയതി പ്രഖ്യാപിച്ച് അണിയറക്കാര്‍. ജൂലൈ 26-ന് ദേവദൂതന്‍റെ 4K ദൃശ്യമികവോട് കൂടിയ റീ- മാസ്റ്റേര്‍ഡ് റീ- എഡിറ്റഡ് വേര്‍ഷന്‍ തിയേറ്ററുകളിലെത്തും. കൊച്ചിയില്‍ നടന്ന സിനിമയുടെ റി റിലീസ് ട്രെയിലര്‍ ലോഞ്ചില്‍ നായകന്‍ മോഹന്‍ലാല്‍, സംവിധായകന്‍ സിബി മലയില്‍, തിരക്കഥാകൃത്ത് രഘുനാഥ് പലേരി, നിര്‍മാതാവ് സിയാദ് കോക്കര്‍, ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, നടന്‍ വിനീത് കുമാര്‍, ആന്‍റണി പെരുമ്പാവൂര്‍, രഞ്ജിത്ത് രജപുത്ര തുടങ്ങിയവര്‍ പങ്കെടുത്തു.
തന്‍റെ സിനിമാ കരിയറില്‍ ഇത്രയധികം സമര്‍പ്പണത്തോടെ ചെയ്ത മറ്റൊരു സിനിമയില്ലെന്ന് സംവിധായകന്‍ സിബി മലയില്‍ പറഞ്ഞു. റിലീസ് ചെയ്ത കാലത്ത് ഏറെ സങ്കടങ്ങള്‍ തങ്ങള്‍ക്ക് നല്‍കിയെങ്കിലും ദേവദൂതന്‍ റീ റിലീസ് ചെയ്യാന്‍ ഇതാണ് ശരിയായ സമയം. 24 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ട ദേവദൂതനെ ഇന്നത്തെ കാലത്തിന് യോജിക്കും വിധം റീ എഡിറ്റ് ചെയ്ത് നവീകരിച്ച പതിപ്പായിരിക്കും പ്രേക്ഷകരിലേക്ക് എത്തിക്കുക. അതുകൊണ്ട് ഒരു വൈഡ് റിലീസിലേക്ക് പോകുന്നതിന് പകരം 4കെ അറ്റ്‍മോസ് സപ്പോര്‍ട്ട് ചെയ്യുന്ന സ്ക്രീനുകളില്‍ മാത്രമാകും സിനിമ റിലീസ് ചെയ്യുകയെന്ന് സിബി മലയില്‍ വ്യക്തമാക്കി. വിദ്യാസാഗറിന്‍റെ സംഗീതമാണ് ദേവദൂതന്‍റെ ആത്മാവെന്നും മോഹന്‍ലാല്‍ എന്ന നടന്‍റെ സാന്നിധ്യമാണ് സിനിമയുടെ ശക്തിയെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.
ഒരു നടനെന്ന നിലയില്‍ തനിക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് ദേവദൂതന്‍. അന്ന് സിനിമ പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ പൂര്‍ണമായും ജനങ്ങളിലേക്ക് എത്തിയില്ല. ഇന്നത്തെ കാലത്ത് ഈ സിനിമ എങ്ങനെ കാണിക്കണമെന്ന് സിബിക്ക് നന്നായി അറിയാം, അതില്‍ അദ്ദേഹം വിജയിച്ചിരിക്കുന്നു എന്നാണ് തന്‍റെ വിശ്വാസമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രത്തിൻ്റെ നിർമാണം. സന്തോഷ് സി തുണ്ടിൽ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ ഭൂമിനാഥനാണ്. കൈതപ്രത്തിൻ്റെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം. കെ.ജെ. യേശുദാസ്, ജയചന്ദ്രൻ, എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര, സുജാത, എസ് ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകർ.
അറ്റ്മോസ് മിക്സ്: ഹരിനാരായണൻ, ഡോൾബി അറ്റ്മോസ് മിക്സ് സ്റ്റുഡിയോ: സപ്താ റെക്കോർഡ്സ്, വി എഫ് എക്സ്: മാഗസിൻ മീഡിയ, കളറിസ്റ്റ്: സെൽവിൻ വർഗീസ്, 4k റീ മാസ്റ്ററിങ്: ഹൈ സ്റ്റുഡിയോസ്, ഡിസ്ട്രിബ്യൂഷൻ: കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സ്, ടൈറ്റിൽസ് : ഷാൻ ആഷിഫ് (ഹൈ സ്റ്റുഡിയോസ്), മാർക്കറ്റിംഗ്: ഹൈപ്പ്, പി.ആർ.ഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: എം.കെ. മോഹനൻ (മോമി), പബ്ലിസിറ്റി ഡിസൈൻസ്: മാജിക് മോമെൻറ്സ് , റീഗെയ്ൽ, ലൈനോജ് റെഡ്‌ഡിസൈൻ.