
ഹൃദയപൂര്‍വത്തിലൂടെ മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും സ്‌ക്രീനില്‍ ഒന്നിക്കുകയാണ് . ആശിര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ചിത്രം ഫെബ്രുവരി 10ന് കൊച്ചിയില്‍ വെച്ച് ചിത്രീകരണം ആരംഭിക്കുമെന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐശ്വര്യ ലക്ഷ്മിക്ക് പകരം മാളവിക മോഹനന്‍ ആണ് ചിത്രത്തിലെ നായികയാവുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫെബ്രുവരി 10ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ ഫെബ്രുവരി 14ഓടെ മോഹന്‍ലാലും ജോയിന്‍ ചെയ്യും. 2024 ഡിസംബറിലാണ് ചിത്രം ആദ്യം ഷൂട്ടിംഗ് തുടങ്ങാന്‍ തീരുമാനിച്ചിരുന്നത്. നേരത്തെ ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക എന്ന് സത്യന്‍ അന്തിക്കാട് തന്നെ അറിയിച്ചിരുന്നു. എന്നാല്‍ അതിനിപ്പോള്‍ മാറ്റം വന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാളവിക മോഹനന്‍ ആണ് ചിത്രത്തിലെ നായികയായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
പ്രേമലുവിലെ സംഗീത് പ്രതാപും സിദ്ദിഖും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണെന്നും സൂചനയുണ്ട്. ചിന്താവിഷ്ടയായ ശ്യാമളയിലെ നടി സംഗീത മാധവന്‍ നായരും ചിത്രത്തിലുണ്ടായിരുന്നു. ഈ സിനിമ ഒരു ഫാമിലി എന്റര്‍ട്ടെയിനര്‍ ആയിരിക്കും, സോനു ടി പിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കന്നത്. പൂനേയും ചിത്രത്തിന്റെ ലൊക്കേഷനാണ്. ആ ഷെഡ്യൂള്‍ 2025 മാര്‍ച്ചില്‍ ആരംഭിക്കും.
മോഹന്‍ലാലും സത്യന്‍ അന്തിക്കാടും അവസാനമായി ചെയ്ത സിനിമ 2015ല്‍ പുത്തിറങ്ങിയ എന്നും എപ്പോഴുമാണ്. മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രമായിരുന്നു.