
മോഹൻലാലിൻ്റെ മകൾ വിസ്മയ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ് വിസ്മയ എന്ന മായയുടെ അരങ്ങേറ്റം. ആശിർവാദ് സിനിമാസ് നിർമിക്കുന്ന സിനിമയിൽ അതിഥി വേഷത്തിലാണ് മോഹൻലാൽ എത്തുക.
മകൾക്ക് ആശംസ അറിയിച്ചുകൊണ്ട് മോഹൻലാൽ തന്നെയാണ് സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പങ്കുവച്ചത്. മായക്കുട്ടിക്ക് സിനിമയുമായി ആയുഷ്കാല സ്നേഹബന്ധത്തിനുള്ള തുടക്കം ആകട്ടെ എന്ന് അച്ഛൻ മോഹൻലാൽ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. വിസ്മയ മോഹൻലാലിന്റെ തുടക്കം എന്ന് എഴുതിയ പോസ്റ്ററാണ് സിനിമയുടേതായി ആദ്യം പുറത്തുവിട്ടത്. ജൂഡ് ആന്റണി ജോസഫ് ആണ് തിരക്കഥ എഴുതി സിനിമ സംവിധാനം ചെയ്യുക.
ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസാണ് നിർമാണ കമ്പനി. ആശിർവാദ് സിനിമാസിന്റെ 25ാം വാർഷികത്തിലാണ് വിസ്മയ മോഹൻലാലിന്റെ സിനിമാ പ്രവേശത്തിന്റെ പ്രഖ്യാപനം. സിനിമയിൽ വിസ്മയയുടെ നായകൻ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. പ്രളയം പശ്ചാത്തലമാക്കി വൻ ഹിറ്റായ 2018 ന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തുടക്കം. എഴുത്തിലും ചിത്രരചനയിലും യാത്രകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന വിസ്മയയുടെ പുതിയ തുടക്കത്തെ ആകാംക്ഷയോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്.