മോഹന്‍ലാലിന്‍റെ സ്റ്റാര്‍ഡം ദേവദൂതന് അന്ന് തിരിച്ചടിയായി: സിബി മലയില്‍

റിലീസ് ചെയ്ത കാലത്ത് നിര്‍മാതാവിനും സംവിധായകനും ഏറെ നഷ്ടങ്ങള്‍ സമ്മാനിച്ച സിനിമ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള തീരുമാനത്തെ കുറിച്ച് സംവിധായകന്‍ സിബി മലയില്‍ ന്യൂസ് മലയാളത്തോട് മനസുതുറക്കുന്നു
സിബി മലയില്‍
സിബി മലയില്‍
Published on

ദക്ഷിണേന്ത്യയില്‍ തരംഗമായ റി റിലീസ് ട്രെന്‍ഡ് മലയാളത്തിലും സജീവമാകുകയാണ്. മോഹന്‍ലാല്‍ - ഭദ്രന്‍ ടീമിന്‍റെ സ്ഫടികം വര്‍ഷങ്ങള്‍ക്കു ശേഷം ഫോര്‍ കെ ദൃശ്യമികവോടെ വീണ്ടും തീയേറ്ററുകളിലെത്തിയപ്പോള്‍ ഇരുകൈയും നീട്ടിയാണ് മലയാളികള്‍ ആടുതോമയെ വരവേറ്റത്. അതിന്‍റെ തുടര്‍ച്ചയെന്നോണം നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷം സിബി മലയില്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ദേവദൂതന്‍ ഈ ജൂലൈ 26-ന് വീണ്ടും തീയേറ്ററുകളിലെത്തുന്നു. റിലീസ് ചെയ്ത കാലത്ത് നിര്‍മാതാവിനും സംവിധായകനും ഏറെ നഷ്ടങ്ങള്‍ സമ്മാനിച്ച സിനിമ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള തീരുമാനത്തെ കുറിച്ച് സംവിധായകന്‍ സിബി മലയില്‍ ന്യൂസ് മലയാളത്തോട് മനസുതുറക്കുന്നു...

കാലത്തിന് മുന്‍പെ സഞ്ചരിച്ച സിനിമ

സോഷ്യല്‍ മീഡിയ സജീവമായ കാലത്ത് ദേവദൂതനെ കുറിച്ചുള്ള പല ചര്‍ച്ചകളും പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടായി. അതില്‍ കൂടുതല്‍ പേരും ആവശ്യപ്പെട്ടത് സിനിമ വീണ്ടും തീയേറ്ററുകളിലെത്തിക്കണമെന്നായിരുന്നു. നിര്‍മാതാവ് സിയാദ് കോക്കറുടെ മകളുടെ നേതൃത്വത്തിലുള്ള ടീം ഈ സാധ്യതകളെ കുറിച്ച് സീരിയസ് ആയി തന്നെ മുന്നോട്ട് പോയിരുന്നു. യൂട്യൂബിലും ടിവിയിലും മാത്രം ദേവദൂതന്‍ കണ്ടിട്ടുള്ള ഒരു തലമുറയും അന്ന് തീയേറ്ററില്‍ ഈ സിനിമ ആസ്വദിക്കാന്‍ കഴിയാതെ പോയ തലമുറയിലെയും പ്രേക്ഷകരാണ് ദേവദൂതനെ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നത്. സാങ്കേതികമായ സിനിമ ഒരുപാട് മാറിയ കാലത്ത് പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ പാകത്തിന് ഫോര്‍കെ അറ്റ്‌മോസില്‍ മികച്ച വിഷ്വല്‍-സൗണ്ട് ക്വാളിറ്റിയുള്ള വേര്‍ഷനായിരിക്കും ഇത്തവണ പുറത്തുവരുന്നത്. ചെന്നൈ പ്രസാദ് ലാബില്‍ സിനിമയുടെ പ്രിന്‍റും സൗണ്ട് ട്രാക്കും ഉണ്ടായിരുന്നത് കൊണ്ടാണ് റീ മാസ്റ്ററിങ് സാധ്യമായത്.

നസ്റുദ്ദീന്‍ ഷാ - മാധവന്‍ - മോഹന്‍ലാല്‍


നവോദയയുടെ പടയോട്ടം സിനിമയില്‍ സഹ സംവിധായകന്‍ ആയിരുന്നപ്പോഴാണ് ആദ്യ സിനിമ ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. ഒരു കുട്ടിയും അസ്ഥികൂടവും തമ്മിലുള്ള ആത്മബന്ധം എന്ന രീതിയിലുള്ള ഒരു പ്രാരംഭ ചിന്തമാത്രമായിരുന്നു അന്ന് ഉണ്ടായിരുന്നത്. എഴുതി വന്നപ്പോള്‍ പ്രതീക്ഷിച്ചതിലും മികച്ചൊരു തിരക്കഥയായി രൂപാന്തരപ്പെട്ടു. പക്ഷെ അന്ന് സിനിമയാക്കാന്‍ കഴിഞ്ഞില്ല. പിന്നീട് 18 വര്‍ഷങ്ങള്‍ക്ക് ശേഷം 2000-ല്‍ റിലീസായ വേര്‍ഷനിലേക്ക് എത്തുമ്പോള്‍ ചുരുങ്ങിയത് ഒരു മൂന്ന് സ്റ്റേജിലൂടെ ആ കഥ കടന്നുപോയിരുന്നു. നായകന്‍ ഏഴ് വയസുള്ള കുട്ടിയില്‍ നിന്ന് പൂര്‍വ വിദ്യാര്‍ഥിയായ മോഹന്‍ലാലിലേക്ക് എത്തിയെങ്കിലും കഥയുടെ യഥാര്‍ത്ഥ പ്ലോട്ടിന് കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചില്ല.

രഘുനാഥ് പലേരി എഴുതിയ തിരക്കഥ ആദ്യമായി സിനിമയാക്കാന്‍ ശ്രമിക്കുമ്പോള്‍ നായകനായി നസ്റുദ്ദീന്‍ ഷായെയും നായികയായി മാധവിയെയുമാണ് മനസില്‍ കണ്ടിരുന്നത്. പക്ഷെ പല കാരണങ്ങള്‍ കൊണ്ടും അത് നടന്നില്ല. പിന്നീട് വീണ്ടും പ്രൊജക്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് കടന്നപ്പോള്‍ മഹേശ്വറിന്‍റെ റോളില്‍ മാധവനെയും അലീനയായി ബോളിവുഡ് നടി രേഖയുമാണ് നിശ്ചച്ചിരുന്നത്. മാധവന്‍ അന്ന് ഹിന്ദി സീരിയലുകളില്‍ സജീവമായ സമയമാണ്. പുതുമുഖത്തെ അവതരിപ്പിക്കണമെന്ന ആശയമാണ് മാധവനെ സമീപിക്കാനുള്ള ഒരു കാരണം. പക്ഷെ അപ്പോഴെക്കും മണിരത്നത്തിന്‍റെ അലൈപായുതേ സിനിമയ്ക്ക് ആറ് മാസത്തേക്ക് മാധവന്‍ ഡേറ്റ് നല്‍കി, അങ്ങനെ വീണ്ടും പ്രൊജക്ട് നീണ്ടുപോയി.

ഇതിനിടയില്‍ സമ്മര്‍ ഇന്‍ ബത്ലേഹം സിനിമ വിജയമായി നിര്‍മാതാവ് സിയാദ് കോക്കറുമായി നല്ലൊരു ബന്ധം രൂപപ്പെട്ടു. അടുത്ത സിനിമയും സിയാദുമായി ചെയ്യാന്‍ പ്ലാന്‍ ചെയ്തപ്പോള്‍ ദേവദൂതന്‍റെ പ്ലോട്ട് സിയാദിനോട് പറയുകയും വീണ്ടും പ്രൊജക്ട് ആരംഭിക്കാനുള്ള ജോലികളിലേക്ക് കടക്കുകയും ചെയ്തു. യാദൃശ്ചികമായി സിയാദില്‍ നിന്ന് ദേവദൂതന്‍റെ കഥ കേട്ട മോഹന്‍ലാല്‍ സിനിമ ചെയ്യാന്‍ താല്‍പര്യമറിയിച്ചു. കോളേജ് ക്യാംപസും അവിടുത്തെ വിദ്യാര്‍ഥികളുടെ പ്രണയവും അതിലൂടെ കഥപറയുന്ന മഹേശ്വര്‍-അലീന നഷ്ടപ്രണയത്തിന്‍റെ മിസ്ട്രിയുമാണ് ദേവദൂതന്‍റെ പ്ലോട്ട്. അതിലേക്ക് മോഹന്‍ലാലിനെ എങ്ങനെ പ്ലേസ് ചെയ്യുമെന്ന കാര്യത്തില്‍ എനിക്കും രഘുനാഥിനും യോജിപ്പ് ഉണ്ടായിരുന്നില്ല. ഒടുവില്‍ നിര്‍മാതാവിന്‍റെ സമ്മര്‍ദത്തിന് വഴങ്ങി കഥയില്‍ മാറ്റങ്ങള്‍ വരുത്തി. വിദ്യാര്‍ഥി, പൂര്‍വ വിദ്യാര്‍ഥിയായി മാറി. നായികയായി ജയപ്രദയുമെത്തി.

എന്തുകൊണ്ട് ദേവദൂതന്‍ പരാജയപ്പെട്ടു

വര്‍ഷം ഇത്ര കഴിഞ്ഞിട്ടും ദേവദൂതന്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടാനുള്ള കാരണം ആ കഥയുടെ ഫ്രഷ്നെസും മേക്കിങ്ങിലെ പുതുമയുമായിരുന്നു. തീയേറ്ററില്‍ അന്ന് പരാജയപ്പെട്ടെങ്കിലും ആ വര്‍ക്കിനോടുള്ള എന്‍റെ വിശ്വാസത്തിന് അന്നും ഇന്നും മാറ്റമുണ്ടായിട്ടില്ല. ആര്‍ക്കോ ആരോടോ എന്തോ പറയാനുണ്ട് എന്ന വണ്‍ലൈന്‍ പ്രേക്ഷകര്‍ക്ക് അന്ന് വേണ്ടപോലെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല.

രണ്ട് വര്‍ഷത്തോളം സമയമെടുത്താണ് രഘുവും ഞാനും ദേവദൂതന്‍റെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയത്. മോഹന്‍ലാല്‍ സിനിമയിലേക്ക് വന്നപ്പോള്‍ വരുത്തിയ മാറ്റങ്ങള്‍ തിരച്ചടിയായേക്കുമെന്ന ബോധ്യം അന്നെ ഉണ്ടായിരുന്നു. എന്നാലും സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു. പക്ഷെ അത് ഉണ്ടായില്ല. വ്യക്തിപരമായി എനിക്കും സാമ്പത്തികമായി സിയാദിനും ഒരുപാട് നഷ്ടം ഇതുമൂലം ഉണ്ടായി. ഡിപ്രഷനിലേക്ക് വരെ എത്തിയ നില ഉണ്ടായി. ഇനി സിനിമയിലേക്ക് ഇല്ല എന്ന് പോലും തീരുമാനിച്ചു. കൂട്ടുകാരുടെയും കുടുംബത്തിന്‍റെയും പിന്തുണയാണ് ഈ ഘട്ടത്തെ അതിജീവിക്കാന്‍ സഹായിച്ചത്. പിന്നീട് ആലോചിച്ചപ്പോള്‍, മോഹന്‍ലാല്‍ എന്ന നടന്‍റെ സ്റ്റാര്‍ഡം ദേവദൂതന് തിരിച്ചടിയായെന്ന് തോന്നി. നരസിംഹമൊക്കെ ഇറങ്ങി ലാല്‍ ഒരു മാസ് ഹീറോ ആയി നില്‍ക്കുമ്പോള്‍ വിശാല്‍ കൃഷ്ണമൂര്‍ത്തിയെന്ന സംഗീതജ്ഞനായി ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും അദ്ദേഹത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com