
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് രജനികാന്ത് നായകനാകുന്ന കൂലിയിലെ പൂജ ഹെഗ്ഡയുടെ മോണിക എന്ന ഗാനം കണ്ട് നടി മോണിക ബെലൂച്ചി. ദ ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ പൂജ ഹെഗ്ഡയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. "ഓ വൗ ഇത് എക്കാലത്തെയും വലിയ അഭിനന്ദനമാണ്", എന്നാണ് മോണിക ബെലൂച്ചി ഗാനം കണ്ട് പ്രതികരിച്ചതെന്ന് പൂജ പറഞ്ഞു.
"എനിക്ക് എല്ലായ്‌പ്പോഴും മോണിക ബെലൂച്ചിയെ ഇഷ്ടമായിരുന്നു. സ്വന്തം വ്യക്തിത്വത്തെ അവര്‍ ഐകോണിക് ആക്കിയിരുന്നു", എന്നും പൂജ പറഞ്ഞു.
മോണിക ബെലൂച്ചിയുടെ സുഹൃത്തായ മെലിറ്റ ടോസ്‌കാന് പൂജ ഹെഗ്‌ഡെ ഗാനം അയച്ചുകൊടുക്കുകയായിരുന്നു. അത് കണ്ട് മോണിക ബെലൂച്ചി ഇഷ്ടപ്പെട്ടുവെന്ന് പറയുകയായിരുന്നു. "ധാരാളം ആരാധകര്‍ അവരുടെ ഇന്‍സ്റ്റഗ്രാമില്‍ ഇക്കാര്യം പറയുന്നുണ്ടായിരുന്നു. കൂടാതെ തമിഴ് ആരാധകര്‍ ദയവായി കൂലിയിലെ ഗാനം കാണൂ എന്ന് പറയുന്നുണ്ടായിരുന്നു", എന്നും പൂജ വ്യക്തമാക്കി.
വാണിജ്യ ആകര്‍ഷത്തിനായി മോണിക എന്ന ഗാനം സിനിമയില്‍ ലോകേഷ് ഉള്‍പ്പെടുത്തിയതിന് വന്‍ സ്വീകാര്യത തന്നെയാണ് ലഭിച്ചത്. "ഇത് വലിയൊരു നേട്ടമാണ്. മോണിക്കയ്ക്ക് അത് ഇഷ്ടപ്പെട്ടതില്‍ എനിക്ക് സന്തോഷമുണ്ട്", പൂജ കൂട്ടിച്ചേര്‍ത്തു.
അതേസമയം ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന കൂലിയില്‍ രജനികാന്ത് ദേവ എന്ന ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നാഗാര്‍ജുനയാണ് ചിത്രത്തിലെ വില്ലനെന്ന് ഒരു അഭിമുഖത്തില്‍ ശ്രുതി ഹാസന്‍ വെളിപ്പെടുത്തിയിരുന്നു. അവര്‍ക്കൊപ്പം സത്യരാജ്, സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര എന്നിവരും അണിനിരക്കുന്നുണ്ട്. കൂടാതെ കാമിയോ റോളില്‍ ആമിര്‍ ഖാനും എത്തും. ഓഗസ്റ്റ് 14നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.