

തിരശീലയിലെ ചില കഥാപാത്രങ്ങൾ സിനിമയുടെ അതിരുകൾ കടന്ന് നമ്മുടെ ഉള്ളിൽ ചേക്കേറാറുണ്ട്. ചിലപ്പോൾ അത് മഴപോലെ പെയ്യുന്ന നൊമ്പരമായിരിക്കും.ചിലപ്പോൾ ആത്മാവിനെ അസ്വസ്ഥമാക്കുന്ന കുറ്റബോധമാകും. അതുമല്ലെങ്കില്‍ ഓർമകള്‍ പെയ്തുതീരാത്ത മനുഷ്യജീവിതത്തിലെ അസഹ്യമായ ഏകാന്തതയാകാം. അത്തരം സിനിമാനുഭവങ്ങള്‍ പകര്‍ന്നുതരുന്നുണ്ട് മോഹന്‍ലാല്‍ എന്ന നടന്‍. അഭിനയം എന്നത് വെറും പ്രകടനമല്ല, മനുഷ്യന്റെ ഉള്ളിലേക്കുള്ള ഒരു യാത്രയാണെന്ന് പലകുറി തെളിയിച്ച നടന്‍. അതുകൊണ്ടുതന്നെ, അദ്ദേഹത്തിന്റെ ചില സിനിമകൾ നമ്മൾ അതിയായ ഇഷ്ടത്തോടെ ഓർക്കുമെങ്കിലും, ഒരിക്കല്‍ കൂടി കാണാന്‍ മനസ് സമ്മതിക്കാറില്ല. അവ സിനിമകളായല്ല അനുഭവങ്ങളായിട്ടായിരിക്കും നമ്മുടെ മനസില്‍ വാഴുന്നത്.
എംടി എഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് അമൃതംഗമയ. 1987ല്‍ പുറത്തിറങ്ങിയ ചിത്രം ആത്മസംഘർഷങ്ങളുടെ വേലിയേറ്റങ്ങളിലേക്കാണ് പ്രേക്ഷകനെ ക്ഷണിക്കുന്നത്. മോഹന്‍ലാലിന്റെ ഡോ. പി.കെ. ഹരിദാസ് എന്ന കഥാപാത്രം ഒരു ദുരന്തനായകനെ പോലെയാണ്. എംബിബിഎസ് പഠനക്കാലത്തെ റാഗിങ്ങും സഹപാഠിയുടെ മരണവുമാണ് ഹരിദാസിനെ ചൂഴ്ന്നുനില്‍ക്കുന്നത്. കുറ്റബോധത്തിൽ നിന്ന് മോചനം നേടാനാണ് അയാളുടെ ശ്രമമത്രയും. പ്രായശ്ചിത്തങ്ങളിലൂടെ പാപം കഴുകിക്കളയാമെന്ന് ഹരിദാസ് വിശ്വസിക്കുന്നു. പക്ഷേ, ചില തെറ്റുകൾ മനുഷ്യനെ ജീവിതകാലം മുഴുവൻ പിന്തുടരുമെന്ന തിരിച്ചറിവ് അയാളെ ഉലച്ചുകളയുന്നു.
ഓരോ സംഭാഷണങ്ങളിലും, ഓരോ കണ്ണോട്ടത്തിലും, നിശബ്ദതയില്‍ പോലും മോഹൻലാൽ ഹരിദാസിന്റെ ഉള്ളിലെ തീ നമ്മളിലേക്ക് പകരുന്നു. കരിമ്പടത്തിന്മേൽ എത്ര നിറങ്ങൾ പൂശിയാലും അതുണ്ടാക്കുന്ന ഇരുട്ട് മായില്ലെന്ന പോലെ, ഹരിദാസിന്റെ ശ്രമങ്ങള്‍ പരാജയപ്പെടുന്നതിന് നാം സാക്ഷികളാകുന്നു. പാപബോധത്തിന്റെ ഉമിത്തീയില്‍ നീറാന്‍ വിധിക്കപ്പെട്ട ഒരാളായി അയാൾ മാറുന്നു.
ഹരിദാസിന്റെ മൂന്ന് വ്യത്യസ്‌ത കാലഘട്ടങ്ങളാണ് മോഹന്‍ലാല്‍ പകര്‍ന്നാടിയത്. മെഡിക്കൽ കോളേജിലെ റാഗിങ്ങിന് നേതൃത്വം കൊടുക്കുന്ന വിദ്യാർഥി, നാട്ടിലെ മികച്ചൊരു ഡോക്‌ടര്‍, കുറ്റബോധം പേറി ജീവിതം തള്ളിനീക്കുന്ന മധ്യ വയസ്‌കന്‍. 26-ാം വയസില്‍ മോഹന്‍ലാല്‍ തിരശീലയില്‍ പകര്‍ന്ന വിസ്മയം. 'ആ കഥാപാത്രം മോഹൻലാൽ എങ്ങനെ അത്രയും ആഴത്തിൽ അവതരിപ്പിച്ചുവെന്നത് ഇന്നും തനിക്ക് അത്ഭുതമാണെന്ന്' ഹരിഹരന്‍ തന്നെ പിന്നീട് സാക്ഷ്യപ്പെടുത്തിയിരുന്നു.
1992ൽ പുറത്തിറങ്ങിയ സദയം ഏറ്റവും തീവ്രമായ മാനസികാനുഭവം നല്‍കുന്നൊരു സിനിമയാണ്. എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം, ഒരു സൈക്കോളജിക്കൽ ട്രാജഡിയായി ഇന്നും ചിലരെയെങ്കിലും വേട്ടയാടുന്നുണ്ടാകാം. മോഹന്‍ലാലിന്റെ സത്യനാഥന്റെ ചെയ്തികള്‍ ഭയപ്പെടുത്തുന്നതാണ്. രണ്ട് യുവാക്കളെയും രണ്ട് പെണ്‍കുട്ടികളെയും കൊലപ്പെടുത്തുന്ന കഥാപാത്രം. സത്യനാഥന്‍ പേറുന്ന വേദനയും ഭ്രാന്തമായ അസ്വസ്ഥതയും പ്രേക്ഷകനെ അത്രമേല്‍ അലോസരപ്പെടുത്തും.
മോഹൻലാൽ സത്യനാഥനായി മാറിയ നിമിഷങ്ങളിൽ അഭിനയമെന്ന രേഖ ഇല്ലാതാകുന്നു. മുഖത്തെ ചെറിയ വിറയലുകൾ, കണ്ണുകളിലെ ഭ്രാന്തമായ തിളക്കം, ഉള്ളിൽ തിളച്ചുമറിയുന്ന വേദനയെ വാക്കുകളില്ലാതെ പുറത്തേക്ക് ഒഴുക്കുന്ന പ്രകടനം... അതെല്ലാം സത്യനാഥനെ കഥാപാത്രമെന്നതിലുപരി ഒരു അസാധാര മനുഷ്യനായി നമ്മുടെയൊപ്പം നിര്‍ത്തുന്നു. ജയിലിൽ വധശിക്ഷ കാത്തിരിക്കുന്ന സത്യനാഥന് ജീവിക്കാനുള്ള ആഗ്രഹം പോലും ബാക്കിയില്ല. ചെയ്തതിനെക്കുറിച്ച് പശ്ചാത്താപമില്ല. ജീവിതത്തെക്കുറിച്ചുള്ള തീർത്തും ക്ഷീണിച്ച ഒരു ബോധമാണ് അയാളെ ചുറ്റിപ്പറ്റുന്നത്. കഴുമരത്തിലേക്ക് നടന്നടുക്കുന്ന അവസാന നിമിഷങ്ങളിൽ പോലും മോഹൻലാൽ പ്രകടിപ്പിച്ച ഭാവങ്ങൾ പ്രേക്ഷകനെ വല്ലാതെ ശ്വാസം മുട്ടിക്കുന്നതാണ്. ഒരു ദുസ്വപ്നത്തില്‍നിന്ന് ഉണരാന്‍ ശ്രമിച്ചുകൊണ്ടാകണം പ്രേക്ഷകര്‍ അന്ന് തീയേറ്റര്‍ വിട്ടിട്ടുണ്ടാവുക.
"എന്റെ പേനയെക്കാൾ നന്നായി സത്യനാഥന്റെ വികാരങ്ങളെ പ്രകടിപ്പിക്കാൻ ആർക്കും കഴിയില്ലെന്നാണ് ഞാൻ കരുതിയിരുന്നത്. ആ ധാരണ തെറ്റാണെന്ന് മോഹൻലാൽ തെളിയിച്ചു" - എന്നായിരുന്നു സത്യനാഥനെ സൃഷ്ടിച്ച എംടി പറഞ്ഞത്. ആ വാക്കുകൾ തന്നെയാണ് ആ കഥാപാത്രത്തിനും മോഹന്‍ലാലിനും ലഭിച്ച ഏറ്റവും വലിയ അംഗീകാരം.
ബ്ലെസി എഴുതി സംവിധാനം ചെയ്ത ചിത്രമാണ് തന്‍മാത്ര. 2005ല്‍ പുറത്തിറങ്ങിയ ചിത്രം ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ഭയങ്ങളുടെ പ്രതിബിംബമാണ്. രമേശൻ എന്ന സാധാരണ സർക്കാർ ഉദ്യോഗസ്ഥനായാണ് മോഹൻലാൽ എത്തിയത്. അൽഷിമേഴ്സ് ക്രമേണ രമേശന്റെ ഓർമകളെ കവർന്നെടുക്കുമ്പോൾ, സ്വന്തം ജീവിതം മാത്രമല്ല, മുഴുവൻ കുടുംബത്തിന്റെ ആത്മാവാണ് തകർന്നുപോകുന്നത്. മക്കളെ പോലും തിരിച്ചറിയാൻ പാടുപെടുന്ന അച്ഛൻ. വാക്കുകൾ നഷ്ടപ്പെടുന്ന മനുഷ്യൻ. ജീവിതം മുഴുവൻ ചേർത്തുവെച്ച ഓർമകള്‍ കൈവിട്ടു പോകുമ്പോൾ അനുഭവിക്കുന്ന അസഹ്യമായ ശൂന്യത.
അതിശയിപ്പിക്കുന്നതാണ് മോഹന്‍ലാലിന്റെ പ്രകടനം. വികാരപ്രകടനങ്ങളല്ല, തികച്ചും സാധാരണമായ ചില നിമിഷങ്ങളിലെ നിസഹായതകളിലൂടെയാണ് രമേശന്‍ പ്രേക്ഷകനില്‍ നൊമ്പരം നിറയ്ക്കുന്നത്. മറന്നുപോകുന്ന ഒരു പേര്, ഇടറുന്ന ഒരു നോട്ടം, പെട്ടെന്ന് കുട്ടികളെപ്പോലെ ഭയം വന്നുനിറയുന്ന മുഖം. അങ്ങനെയങ്ങനെയാണ് മോഹന്‍ലാല്‍ നമുക്കിടയില്‍ വന്നുനില്‍ക്കുന്നത്. രമേശന്റെ മരണം പോലും പ്രേക്ഷകനെ അസ്വസ്ഥമാക്കും. അതിനാലാകാം, ഈ സിനിമ വീണ്ടും കാണാൻ പലരും മടിക്കുന്നത്.
ഇത്രത്തോളമില്ലെങ്കിലും പ്രേക്ഷകനെ നൊമ്പരപ്പെടുത്തുന്ന ഒട്ടനവധി ചിത്രങ്ങള്‍ മോഹന്‍ലാല്‍ സമ്മാനിച്ചിട്ടുണ്ട്. ദശരഥം, ഭരതം, താളവട്ടം, കിരീടം, ചിത്രം, വന്ദനം, ഭ്രമരം എന്നിങ്ങനെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ നഷ്ടസ്വപ്നങ്ങളും പരാജയവും തകർന്ന ജീവിതവും കാണുമ്പോൾ ക്ലൈമാക്സിനിപ്പുറം പ്രേക്ഷകൻ നിശബ്ദനാകുന്നു. ചില സിനിമകൾ കണ്ണീരോടെ അവസാനിപ്പിക്കേണ്ടി വരും. ചില കഥാപാത്രങ്ങളെ മറക്കാൻ വർഷങ്ങളും മതിയാവില്ല. അതാണ് മോഹന്‍ലാലിനെ മഹാനടനാക്കുന്നത്. വലിയ സംഭാഷണങ്ങളോ അമിതപ്രകടനങ്ങളോ ഇല്ലാതെ, ചുണ്ടിലെ വിരിയുന്ന ചെറിയൊരു ചിരിയിലൂടെയും, കണ്ണിലെ തിളക്കമുള്ള നനവിലൂടെയും അദ്ദേഹം നമ്മെ ഉലച്ചുകളയും. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമകളെ നാം അത്രമേല്‍ ഇഷ്ടപ്പെടുന്നത്. അതുകൊണ്ടു തന്നെയാണ് ചില ചിത്രങ്ങള്‍ വീണ്ടും കാണാന്‍ നാം മടിക്കുന്നതും.