മനുഷ്യ സംഘര്‍ഷത്തിന്റെയും അതിജീവനത്തിന്റേയും കഥകള്‍; എംടി എന്ന സംവിധായകന്‍

സിനിമാറ്റിക്കായ എഴുത്തും സാഹിത്യചുവയുള്ള സിനിമയുമാണ് എംടി വാസുദേവന്‍ നായര്‍ എന്ന സംവിധായകന്റെ പ്രത്യേകത
മനുഷ്യ സംഘര്‍ഷത്തിന്റെയും അതിജീവനത്തിന്റേയും കഥകള്‍; എംടി എന്ന സംവിധായകന്‍
Published on


സാഹിത്യകാരന്‍ എന്ന കുപ്പായത്തില്‍ നിന്ന് സിനിമക്കാരന്‍ എന്ന വേഷം എംടി വാസുദേവന്‍നായര്‍ അണിയുന്നത് 1960കളിലാണ്. 1965 മുറപ്പെണ്ണ് എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് എംടി സിനിമയിലേക്ക് രംഗപ്രവേശം നടത്തുന്നത്. പിന്നീട് പത്തോളം ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയതിന് ശേഷമാണ് എംടി സംവിധായകനാകുന്നത്. ആറ് സിനിമകളാണ് എംടി സംവിധാനം ചെയ്തിരിക്കുന്നത്. ആറും മലയാള സിനിമയുടെ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമുള്ള സിനിമകളാണ്. 1973ല്‍ പുറത്തിറങ്ങിയ നിര്‍മാല്യമാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. അവസാനം സംവിധാനം ചെയ്തത് 2000ത്തില്‍ പുറത്തിറങ്ങിയ ചെറുപുഞ്ചിരിയാണ്. അതിനിടയില്‍ ബന്ധനം (1978), വാരിക്കുഴി (1982), മഞ്ഞ് (1983), കടവ് (1991) എന്നീ സിനിമകളും സംവിധാനം ചെയ്തു.

സിനിമാറ്റിക്കായ എഴുത്തും സാഹിത്യചുവയുള്ള സിനിമയുമാണ് എംടി വാസുദേവന്‍ നായര്‍ എന്ന സംവിധായകന്റെ പ്രത്യേകത. ഇത്തരത്തില്‍ സാഹിത്യത്തെയും സിനിമയെയും പരസ്പരം ബന്ധിപ്പിച്ച ചുരുക്കം ചില വ്യക്തികളില്‍ ഒരാളാണ് എംടി വാസുദേവന്‍ നായര്‍. സാഹിത്യത്തില്‍ തുടങ്ങി മലയാള സിനിമയുടെ നെടുംതൂണായി മാറിയ വ്യക്തി. മനുഷ്യരുടെ അതിജീവന പ്രശ്‌നങ്ങള്‍, ഭൂതകാലത്തിനും വര്‍ത്തമാനകാലത്തിനും ഇടയില്‍പ്പെട്ട മനുഷ്യര്‍, അവരുടെ മോഹങ്ങളും ആസക്തിയും സംഘര്‍ഷങ്ങളും അവരുടെ ബാല്യം, യൗവനം, വാര്‍ദ്ധക്യം, ജീവിതം, മരണം എന്നിങ്ങനെ പോകുന്നു എംടി തന്റെ ഈ ആറ് സിനിമകളിലൂടെ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍.

നിര്‍മാല്യം (1973)


എംടി വാസുദേവന്‍ നായര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 1973ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പിജെ ആന്റണി, കവിയൂര്‍ പൊന്നമ്മ, സുകുമാരന്‍ തുടങ്ങിയ താരങ്ങളാണ് കേന്ദ്ര കഥാപാത്രങ്ങളായത്. എംടിയുടെ തന്നെ പള്ളിവാളും കാല്‍ച്ചിലമ്പും എന്ന കൃതിയുടെ ചലച്ചിത്രാവിഷ്‌കാരമാണ് നിര്‍മാല്യം. 1973ല്‍ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രം ഒരു ഗ്രാമത്തിന് വിശ്വാസങ്ങളോടുള്ള താത്പര്യം കുറഞ്ഞു വരുന്നതിനെയും വിശ്വാസം തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്ന വെളിച്ചപ്പാടിന്റെയും കഥയാണ് പറയുന്നത്. 1970ല്‍ കേരള സമൂഹത്തില്‍ ജാതിപരമായും മറ്റും ഉണ്ടായ മാറ്റങ്ങളെ കുറിച്ചും കൂടിയാണ് ചിത്രം സംസാരിക്കുന്നത്. 70കളില്‍ കേരളത്തില്‍ നിലനിന്നിരുന്ന കടുത്ത ദാരിദ്ര്യത്തെയും തൊഴിലില്ലായ്മയെയും ചിത്രം പറഞ്ഞുവെക്കുന്നുണ്ട്.

അന്ധവിശ്വാസങ്ങളും മതപരമായ അസഹിഷ്ണതയും ഒരേപോലെ നിലനിന്നിരുന്ന ആ കാലഘട്ടത്തില്‍ ഏറെ പ്രസക്തമായ ഒരു ചിത്രമായിരുന്നു നിര്‍മാല്യം. മതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യരുടെ ദുരവസ്ഥകളോടുള്ള നിലപാാണ് ഇന്നും നിര്‍മാല്യത്തെ ശ്രദ്ധേയമാക്കുന്നത്. ചിത്രത്തിലെ വെളിച്ചപ്പാട് അതിന്റെ ഉത്തമ ഉദാഹരണമാണ്. അവസാനം എല്ലാം കൈവിട്ടു പോയെന്ന് തിരിച്ചറിയുമ്പോള്‍ ജീവിതം മുഴുവന്‍ ആടിത്തീര്‍ത്ത ജീവിതം തന്റെ ദേവിക്ക് മുന്നില്‍ അവസാനിപ്പിക്കുകയാണ് വെളിച്ചപ്പാട് ചെയ്യുന്നത്. ആദ്യം സംവിധാനം ചെയ്ത ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് എംടി സമ്മാനിച്ചത്.

ബന്ധനം (1978 )

മനുഷ്യമനസിന്റെ ഏകാന്തതയെ ആഴത്തില്‍ പരിശോധിച്ച എംടി സിനിമയാണ് ബന്ധനം. നഗരത്തില്‍ നിന്നും തന്റെ ഗ്രാമത്തിലേക്ക് തിരിച്ചെത്തുന്ന ഉണ്ണികൃഷ്ണന്റെ കഥയാണ് ചിത്രം പറഞ്ഞുവെക്കുന്നത്. വിഷാദാവസ്ഥയിലൂടെയാണ് ചിത്രം ഉടനീളം സഞ്ചരിക്കുന്നത്. കൂടെ ജോലി ചെയ്യുന്ന സരോജിനി എന്ന സ്ത്രീക്ക് ഉണ്ണികൃഷ്ണനോട് പ്രണയം തോന്നുന്നു. ഉണ്ണികൃഷ്ണന് തിരിച്ച് സ്‌നേഹമുണ്ടെങ്കിലും അത് സരോജിനിയോട് അവന്‍ തുറന്നു പറയുന്നില്ല.

പിന്നീട് ഗ്രാമത്തിലെ തന്റെ ബാധ്യതകള്‍ക്കൊടുവില്‍ നഗരത്തിലേക്ക് തന്നെ തിരിച്ചെത്തുമ്പോള്‍ ഉണ്ണികൃഷ്ണന്‍ പ്രതീക്ഷിച്ചത് സരോജിനിയോട് തന്റെ സ്‌നേഹം തുറന്ന് പറയാമെന്നാണ്. എന്നാല്‍ അപ്പോഴേക്കും സരോജിനി മറ്റൊരു വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് ഉണ്ണികൃഷ്ണന്‍ അറിയുന്നു. തന്റെ ഇഷ്ടം തുറന്ന് പറയാതെ ഉണ്ണികൃഷ്ണന്‍ ഏകാന്തതയുടെ അനന്തതയിലേക്ക് യാത്ര തിരിക്കുകയാണ് ചെയ്യുന്നത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ ഉണ്ണികൃഷ്ണനെ അവതരിപ്പിച്ചത് സുകുമാരനാണ്.

വാരിക്കുഴി (1982)

ജീവിതത്തിന്റെ വാരിക്കുഴിയില്‍ വീണു പോയ മനുഷ്യര്‍ക്ക് ലഭിക്കുന്ന ഖേദത്തിന്റെ ഇരുണ്ട പാനീയമാണ് ഈ സിനിമ. ഉള്ളില്‍ സ്‌നേഹം നിറഞ്ഞൊഴുകുമ്പോഴും വിലക്കുകള്‍ക്കും വേര്‍പാടുകള്‍ക്കും മുന്നില്‍ അകപ്പെടാന്‍ വിധിക്കപ്പെട്ട മനുഷ്യരുടെ കഥയാണ് സിനിമ പറഞ്ഞുവെക്കുന്നത്. എംടി സിനിമയില്‍ ഏറ്റവും സജീവമായ കാലഘട്ടമായ 80കളില്‍ സംവിധാനം ചെയ്ത സിനിമയാണ് വാരിക്കുഴി. എംടിയുടെ തന്നെ വാരിക്കുഴി എന്ന കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണിത്.

സുകുമാരന്‍, ശുഭ, നെടുമുടി വേണു എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. കെ.സി ജോയ് ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. ഗാനങ്ങളില്ല എന്നത് ഈ ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. എംബി ശ്രീനിവാസനാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

മഞ്ഞ് (1983)

എംടിയുടെ പ്രശസ്തമായ മഞ്ഞ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് 1983ല്‍ പുറത്തിറങ്ങിയ മഞ്ഞ് എന്ന ചിത്രം. നൈനിതാലില്‍ ജീവിക്കുന്ന വിമലാ ദേവി എന്ന അധ്യാപികയുടെ കഥയാണ് ചിത്രം പറയുന്നത്. സംഗീത നായ്ക് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ വിമല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റപ്പെടലും അനന്തമായ കാത്തിരിപ്പുമാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രമേയം. കാത്തിരിപ്പിന്റെ കഥ പറഞ്ഞ ഒരു കവിത വായിക്കും പോലെ ആസ്വദിക്കാന്‍ സാധിക്കുന്ന ചിത്രം.

ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിന്ദിയിലാണ്. ഗുല്‍സസറിന്റെ വരികള്‍ക്ക് എംബി ശ്രീനിവാസനാണ് സംഗീതം നല്‍കിയിരിക്കുന്നത്. സിനിമ പൂര്‍ണ്ണമായും ചിത്രീകരിച്ചിരിക്കുന്നത് നൈനിതാലിലാണ്.

കടവ് (1991)

കൗമാരക്കാരനായ രാജുവിന്റെ കഥയാണ് ചിത്രം പറയുന്നത്. എസ്.കെ പൊറ്റക്കാടിന്റെ കടത്തുതോണി എന്ന കഥയെ ആസ്പദമാക്കിയാണ് കടവ് എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. അമ്മ ഉപേക്ഷിച്ച രാജുവിനെ ബീരാനിക്ക എന്ന കടത്തുകാരന്‍ ദത്തെടുത്ത് വളര്‍ത്തുകയാണ്. രാജുവും താമസിയാതെ ബീരാനിക്കയുടെ ഒപ്പം കടത്തു ജോലി ആരംഭിച്ചിരുന്നു. അപ്രതീക്ഷിതമായി ഒരു പെണ്‍കുട്ടി രാജുവിന്റെ ജീവിതത്തിലേക്ക് കടന്നു വരുകയും അതിന് ശേഷം അവന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ.

സന്തോഷ് ആന്റണി എന്ന നടനാണ് രാജു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സന്തോഷിന്റെ ആദ്യത്തെയും അവസാനത്തെയും സിനിമയായിരുന്നു കടവ്. ബീരാനിക്കയായി എത്തിയത് ബാലന്‍ കെ നായര്‍ ആയിരുന്നു. നടി മോനിഷയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ഒരു ചെറുപുഞ്ചിരി (2000)

എംടി വാസുദേവന്‍ നായര്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രമാണ് ഒരു ചെറുപുഞ്ചിരി. വാര്‍ദ്ധക്യത്തിലെ ജീവിതവും പ്രണയവും എല്ലാം മനോഹരമായി പറഞ്ഞുവെച്ച സിനിമയാണ് ചെറുപുഞ്ചിരി. ഒടുവില്‍ ഉണ്ണികൃഷ്ണന്‍, നിര്‍മല ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. റിട്ടയേഡ് എസ്റ്റേറ്റ് മേനേജര്‍ ആയ കൃഷ്ണ കുറുപ്പിന്റെയും ഭാര്യ അമ്മാളുക്കുട്ടിയുടെയും കഥയാണ് ചിത്രം പറയുന്നത്.

പ്രണയത്തിലും വിവാഹത്തിലും നിങ്ങള്‍ക്ക് വിശ്വാസം ഉണ്ടാക്കുന്ന സിനിമയാണ് എംടിയുടെ ചെറുപുഞ്ചിരി. പ്രണയത്തിലായിരിക്കുന്നതിനെ കുറിച്ചും നിങ്ങളുടെ പങ്കാളിക്കൊപ്പം വളരുന്നതിനെ കുറിച്ചുമെല്ലാം സിനിമയില്‍ പറയുന്നുണ്ട്. മലയാള സിനിമയില്‍ വാര്‍ദ്ധക്യത്തിലെ പ്രണയം ഇത്രയും മനോഹരമായി കാണിച്ചു തന്ന ഒരു സിനിമ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. എല്ലാവരും ആഗ്രഹിക്കുന്ന തരത്തിലുള്ള ജീവിതമാണ് കൃഷ്ണ കുറുപ്പിന്റെയും അമ്മാളുക്കുട്ടിയുടെയും കഥ മുന്നോട്ട് വെക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com