സിനിമയും സാഹിത്യവും രണ്ടല്ലാത്ത എം.ടി

സിനിമയും സാഹിത്യവും രണ്ടല്ലാത്ത അദ്ദേഹത്തിന്‍റെ ജീവിതത്തെ പലരും പലരീതിയില്‍ നിര്‍വചിച്ചു കഴിഞ്ഞു. തനിക്ക് പറയാനുള്ളത് ഏത് വിധേനയും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ആത്യന്തികമായ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ എഴുത്തിനൊപ്പം സിനിമയും എം.ടി ആയുധമാക്കുകയായിരുന്നു
എം.ടി വാസുദേവന്‍ നായര്‍
എം.ടി വാസുദേവന്‍ നായര്‍
Published on

എഴുത്തിന്‍റെ ലോകത്ത് പ്രതിഭാധനരായ അനേകം സാഹിത്യകാരന്മാര്‍ നമുക്കിടയിലുണ്ട്. മനുഷ്യന്‍റെ വികാരവിചാരങ്ങളെ അക്ഷരങ്ങളിലൂടെ വായനക്കാരന്‍റെ മനസിലേക്ക് വരച്ചിട്ട അവര്‍ക്കിടയില്‍ മാടത്ത് തെക്കെപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി വാസുദേവന്‍ നായരെ വ്യത്യസ്തനാക്കുന്നത് അയാളിലെ ചലച്ചിത്രകാരനും തിരക്കഥാകൃത്തുമാണ്. സിനിമയും സാഹിത്യവും തമ്മിലുള്ള താരതമ്യത്തില്‍ സിനിമയെ രണ്ടാംതരത്തിലേക്ക് മാറ്റിനിര്‍ത്തിയവര്‍ക്കിടയില്‍ എംടിയുടെ പേര് കാണാനാകാത്തതും അതുകൊണ്ടു തന്നെ. അസംഖ്യം കഥകളും നോവലുകളും എഴുതിയപ്പോഴും അറുപതോളം തിരക്കഥകള്‍ തന്‍റെ തൂലികയില്‍ നിന്ന് എം.ടി സൃഷ്ടിച്ചെടുത്തു. ഒരു പടിയും കൂടി കടന്ന് സംവിധായകന്‍റെ കസേരയില്‍ ക്യാമറയ്ക്ക് പിന്നില്‍ കൂടി അദ്ദേഹം ഇരിപ്പുറപ്പിച്ചിരുന്നു. തൊണ്ണൂറും കടന്ന് തുടരുന്ന എഴുത്തിന്‍റെ യാത്രയില്‍ എം.ടിയിലെ ചലച്ചിത്രകാരനിലേക്ക് ഒരു തിരിഞ്ഞുനോട്ടം...

1965 -ല്‍ 'മുറപ്പെണ്ണ്' എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി കൊണ്ട് മലയാള സിനിമയുടെ 'നാലുകെട്ടി'ലേക്ക് നടന്നുകയറിയ എം.ടി പിന്നീട് തന്‍റെ പേന ചലിപ്പിച്ചത് മലയാള സിനിമയുടെ ചരിത്രത്തിന്‍റെ ഭാഗമായി മാറിയ ഒരു പറ്റം സിനിമകളുടെ പിറവിക്കായി. ഓളവും തീരവും, അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ്, ഓപ്പോള്‍, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, വൈശാലി, പെരുന്തച്ചന്‍, ഒരു വടക്കന്‍ വീരഗാഥ എന്നിവ എം.ടിയുടെ മുദ്ര പതിഞ്ഞ തിരക്കഥകളില്‍ ചിലത് മാത്രം.

സംവിധായകന്‍ എന്ന മേല്‍വിലാസത്തില്‍ എം.ടിയില്‍ നിന്ന് ഉണ്ടായത് 7 സിനിമകള്‍. നിര്‍മ്മാല്യം (1973), ബന്ധനം (1978), ദേവലോകം (1979), വാരിക്കുഴി (1982), മഞ്ഞ് (1983), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) . ഇതില്‍ മമ്മൂട്ടി ആദ്യമായി നായകനായി അഭിനയിച്ച ദേവലോകം പക്ഷെ റിലീസ് ചെയ്യാനായില്ല.

പലതും കാട്ടി തന്ന നിര്‍മ്മാല്യം

വേദനയുടെ പൂക്കള്‍ എന്ന എം.ടിയുടെ കഥാസമാഹാരത്തിലെ 'പള്ളിവാളും കാല്‍ച്ചിലമ്പും' എന്ന ചെറുകഥയായിരുന്നു എം.ടിയുടെ ആദ്യ സംവിധാന സംരംഭമായിരുന്ന 'നിര്‍മ്മാല്യം' സിനിമയ്ക്ക് പശ്ചാത്തലമായത്. ദാരിദ്ര്യത്തിന്‍റെ തീച്ചൂളയില്‍ വെന്തുരുകുന്ന ഒരു വെളിച്ചപ്പാടിന്‍റെയും കുടുംബത്തിന്‍റെയും ജീവിതമാണ് നിര്‍മ്മാല്യം പ്രേക്ഷകനോട് പറഞ്ഞത്. അക്കാലത്ത് നിലനിന്നിരുന്ന സാമ്പത്തികവും സാമൂഹികവുമായ അരക്ഷിതാവസ്ഥയുടെ നേര്‍സാക്ഷ്യം കൂടിയായിരുന്നു ഈ സിനിമ. ചിത്രത്തിലെ വെളിച്ചപ്പാടായുള്ള നടന്‍ പി.ജെ ആന്‍റണിയുടെ പ്രകടനം വാക്കുകള്‍ക്കതീതമായിരുന്നു.

ചിത്രത്തിന്റെ ക്ലൈമാക്‌സില്‍, വെളിച്ചപ്പാട് വാള്‍കൊണ്ട് നെറ്റിയില്‍ പലതവണ വെട്ടുകയും പിന്നീട് ക്ഷേത്രസന്നിധിയിലേക്ക് ഓടിക്കയറി, ദേവീ വിഗ്രത്തില്‍ നോക്കി ചിരിച്ചു കൊണ്ട് തന്റെ വായിലേക്ക് ഒഴുകി വന്ന രക്തം വിഗ്രഹത്തിന് നേരെ കാര്‍ക്കിച്ചു തുപ്പുകയും തുടര്‍ന്ന് വാള്‍ വലിച്ചെറിയുകയും ചെയ്യുന്ന രംഗം അന്നുവരെ കണ്ട മലയാള സിനിമയുടെ കെട്ടുപാടുകളെ ഉടച്ചുകളയും വിധമായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും അത്തരമൊരു രംഗം ചിത്രീകരിക്കാന്‍ എം.ടി കാട്ടിയ ധീരതയെ ആശ്ചര്യത്തോടെ നോക്കി നില്‍ക്കുന്നവരാണ് ഇന്നത്തെ പ്രേക്ഷകരും. . മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ചിത്രം നേടി. ഒപ്പം, മികച്ച നടനുള്ള പുരസ്കാരം നേടുന്ന ആദ്യ മലയാളിയായി പി ജെ ആന്റണി.

'ഇതാണന്‍റെ ചന്തു.. ചതിക്കപ്പെട്ട ചന്തു'

വടക്കന്‍ പാട്ടിന്‍റെ പശ്ചാത്തലത്തില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത 'ഒരു വടക്കന്‍ വീരഗാഥ'യുടെ കഥയിലും നിര്‍മ്മാല്യത്തിലെ ആ ധീരനായ എംടിയെന്ന എഴുത്തുകാരനെ കാണാം. പാണന്‍മാര്‍ പാടി നടന്ന വടക്കന്‍ പാട്ടുകളില്‍ പുത്തൂരം വീട്ടിലെ വീരനായ ചേകവന്‍ ആരോമലാണ് നായകന്‍. എന്നാല്‍ എംടിക്ക് ആരോമലല്ല ചന്തുവാണ് നായകന്‍. പാണാന്മാര്‍ പാടി നടന്ന അതേ ചതിയന്‍ ചന്തു. കഥയിലെ ഈ മാറ്റത്തില്‍ അണിയറക്കാരും വ്യാകുലരായിരുന്നു. 'നിങ്ങളാരും ചന്തുവിനെ കണ്ടിട്ടില്ലല്ലോ.. ഇതാണെന്‍റെ ചന്തു..ചതിക്കപ്പെട്ട ചന്തു' എന്നായിരുന്നു എം.ടിയുടെ മറുപടി. സിനിമ വിജയിച്ചതോടെ എം.ടിയുടെ ചന്തു പ്രേക്ഷകനും ഹീറോ ആയി. ജയവും തോല്‍വിയും മാറി വന്ന ജീവിതത്തിന്‍റെ പല ഘട്ടങ്ങളിലും എം.ടിയുടെ ആ ക്ലാസിക് ഡയലോഗ് അവര്‍ പലകുറി പറഞ്ഞു, 'ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളെ'. 


അപൂർവമായിട്ടേ എം.ടി തന്റേതല്ലാത്ത കഥയ്ക്ക് തിരക്കഥയോ സംവിധാനമോ ചെയ്തിട്ടുള്ളു. അതിൽ പ്രധാനമായിരുന്നു കടവ്. പ്രിയ സുഹൃത്ത് കൂടിയായ എസ്.കെ പൊറ്റെക്കാടിന്റെ കടത്തുതോണി എന്ന ചെറുകഥയെ ആസ്പദമാക്കി 1991ലാണ് ഈ ചിത്രം ചെയ്തത്. സന്തോഷ് ആന്റണി, ബാലൻ കെ.നായർ, തിലകൻ, മോനിഷ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം നിർമിച്ചതും എം.ടി ആയിരുന്നു.

സ്നേഹത്തിന്‍റെ ഒരു ചെറുപുഞ്ചിരി

സംവിധായകനെന്ന നിലയില്‍ എം.ടി ഏറ്റവും ഒടുവിലെത്തിയ ചിത്രമായിരുന്നു 'ഒരു ചെറുപുഞ്ചിരി'. ശ്രീരമണ എന്ന തെലുങ്ക് എഴുത്തുകാരന്റെ 'മിഥുനം' എന്ന കഥയെ അടിസ്ഥാനപ്പെടുത്തിയാണ് എം.ടി ഈ സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. കൃഷിയെ സ്നേഹിക്കുന്ന ഒരു കുടുംബനാഥന്‍റെയും അദ്ദേഹത്തിന്‍റെ ഭാര്യയുടെയും ജീവിതത്തിലെ ഇഴയടുപ്പം അതിമനോഹരമായി ആവിഷ്കരിച്ചിരിക്കുന്ന ചിത്രമാണിത്. കൃഷ്ണക്കുറുപ്പായെത്തിയ ഒടുവില്‍ ഉണ്ണികൃഷ്ണന്‍റെയും അമ്മാളുക്കുട്ടിയായെത്തിയ നിര്‍മല ശ്രീനിവാസന്‍റെയും ഹൃദയസ്പര്‍ശിയായ അഭിനയ മുഹൂര്‍ത്തങ്ങള്‍ സിനിമയില്‍ ഉടനീളം കാണാം. വാര്‍ധക്യം എത്ര മനോഹരമായ ഒരു ജീവിതാവസ്ഥയാണെന്ന് ഈ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകനോട് എം.ടി പറയുന്നു. അവിടെ പിണക്കവും ഇണക്കവും പരാതിയും പരിഭവവും ഒക്കെയുണ്ട്. എന്നിരുന്നാലും മരണം വേര്‍പ്പെടുത്തും വരെയും അതിന് ശേഷവും ഇരുവരും തുടരുന്ന അദൃശ്യമായ സ്നേഹം പ്രേക്ഷകന് ഒരു പുതിയ കാഴ്ചാ അനുഭവം തന്നെയാണ്.

എം.ടിയുടെ ഒരു തിരക്കഥ സിനിമയാക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്നാഗ്രിക്കാത്ത സംവിധായകരില്ല. രണ്ടാമൂഴത്തിന്‍റെ ചലച്ചിത്രാവിഷ്കാരം എന്നു കാണാന്‍ കഴിയുമെന്ന മലയാളി പ്രേക്ഷകന്‍റെ ചോദ്യത്തിന് ഇന്നും ഉത്തരമായിട്ടില്ല. സിനിമയും സാഹിത്യവും രണ്ടല്ലാത്ത അദ്ദേഹത്തിന്‍റെ ജീവിതത്തെ പലരും പലരീതിയില്‍ നിര്‍വചിച്ചു കഴിഞ്ഞു. തനിക്ക് പറയാനുള്ളത് ഏത് വിധേനയും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ആത്യന്തികമായ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ എഴുത്തിനൊപ്പം സിനിമയും ആയുധമാക്കുകയായിരുന്നു എം.ടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com