കൊച്ചി: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ ക്ലാസിക് നോവൽ 'രണ്ടാമൂഴം' സിനിമയാകുമെന്ന് മകൾ അശ്വതി. അടുത്ത വർഷം നോവലിനെ അടിസ്ഥാനമാക്കിയ ചലച്ചിത്രമുണ്ടാകും. വിഖ്യാത ചലച്ചിത്ര പ്രവർത്തകരാണ് 'രണ്ടാമൂഴ'ത്തിന് ചലച്ചിത്ര ഭാഷ്യം ഒരുക്കുന്നതെന്നും ചർച്ചകൾ അന്തിമമായി വരുന്നതായും അശ്വതി ന്യൂസ് മലയാളത്തോട് പറഞ്ഞു. എംടി വിടവാങ്ങിയിട്ട് ഒരു വർഷം തികയുന്ന വേളയിലാണ് പ്രഖ്യാപനം.
പാൻ ഇന്ത്യൻ സിനിമയായി, ലോക നിലവാരത്തിലായിരിക്കും 'രണ്ടാമൂഴം' ഒരുക്കുക എന്നാണ് അശ്വതി പറയുന്നത്. വലിയ പ്രോജക്ട് ആയിട്ടാണ് 'രണ്ടാമൂഴം' ചെയ്യുന്നത്. അതുകൊണ്ടുതന്നെ സമയമെടുക്കും. വളരെ കൃത്യതയോടെ കൂടി സൂക്ഷിച്ചാണ് ചെയ്യുന്നതെന്നും അശ്വതി അറിയിച്ചു.
സിനിമയുടെ ടീം ബിൽഡിങ് പൂർത്തിയായി. കുറച്ച് സാങ്കേതിക കാര്യങ്ങൾ കൂടി പൂർത്തിയായാൽ ചിത്രീകരണം പ്രഖ്യാപിക്കും.'രണ്ടാമൂഴ'ത്തെ സംബന്ധിച്ച് അച്ഛന്റെ വിഷൻ എന്താണെന്ന് അറിയാവുന്ന ഒരാൾ എന്ന നിലയിൽ ടീമിന് ക്രിയാത്മകമായി പിന്തുണ നൽകുമെന്നും അശ്വതി കൂട്ടിച്ചേർത്തു.
'രണ്ടാമൂഴം' സിനിമയായി കാണണമെന്ന സ്വപ്നം യാഥാർഥ്യമായി കാണാൻ സാധിക്കാതെയാണ് 2024 ഡിസംബർ 25ന് എംടി വിടവാങ്ങിയത്. ഇതേ ഡിസംബർ മാസത്തിലാണ് 41 വർഷങ്ങൾക്ക് മുൻപ് രണ്ടാമൂഴത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നതും. എംടി സ്വന്തം കൈപ്പടയില്‍ എഴുതിവച്ച 'രണ്ടാമൂഴം' തിരക്കഥ സിനിമയാക്കാന്‍ പ്രമുഖ സംവിധായകരടക്കം പലതവണ സമീപിച്ചെങ്കിലും ആ ചർച്ചകൾ എല്ലാം പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു. സംവിധായകൻ വി.എ. ശ്രീകുമാർ മേനോനെ സംവിധായകനായി എംടി തെരഞ്ഞെടുത്തിരുന്നു. എന്നാൽ, പിന്നീട് ഇത് വലിയ തർക്കങ്ങളിലും കോടതി വ്യവഹാരങ്ങളിലുമാണ് അവസാനിച്ചത്. ഒടുവിൽ എം.ടി തിരക്കഥ തിരികെവാങ്ങി.
മഹാഭാരതത്തിലെ ഭീമസേനന് നായകപരിവേഷം നൽകി എംടി രചിച്ച 'രണ്ടാമൂഴം' ഇന്നും മലയാളികളുടെ ഇഷ്ട നോവലാണ്. വ്യാസന്റെ മൗനങ്ങൾക്ക് ശബ്ദം നൽകുകയായിരുന്നു നോവലിൽ എംടി. അദ്ദേഹത്തിന്റെ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന നോവലുകളിൽ ഒന്നും ഇതാണ്.