'എന്റെ ആര്‍ട്ട് കോപ്പിയടിച്ചു'; കല്‍ക്കി ട്രെയ്‌ലറിനെതിരെ ആരോപണവുമായി ഹോളിവുഡ് കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ്

'എന്റെ ആര്‍ട്ട് കോപ്പിയടിച്ചു'; കല്‍ക്കി ട്രെയ്‌ലറിനെതിരെ ആരോപണവുമായി ഹോളിവുഡ് കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ്
Published on

കല്‍ക്കി 2898 എഡി എന്ന നാഗ് അശ്വിന്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്നലെയാണ് റിലീസ് ചെയ്തത്. ട്രെയ്‌ലര്‍ റിലീസിന് പിന്നാലെ ട്രെയ്‌ലറിലെ ചില ഭാഗങ്ങള്‍ തന്റെ ആര്‍ട്ടുമായി സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹോളിവുഡ് കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ് ഒലിവര്‍ ബെക്ക് രംഗത്തെത്തിയിരിക്കുകയാണ്. എക്‌സിലാണ് ഒലിവര്‍ ബെക്ക് പ്രതികരണവുമായി എത്തിയത്. 

'ഞാന്‍ സ്റ്റാര്‍ ട്രെക്കിന് വേണ്ടി ചെയ്ത ചില വര്‍ക്കുകള്‍ വൈജയന്തി മൂവീസിന്റെ ട്രെയ്‌ലറില്‍ അതേ പോലെ ഉപയോഗിച്ച് കണ്ടതില്‍ അതിയായ വിഷമം തോന്നി. ഇത് ഞാന്‍ സ്റ്റാര്‍ ട്രെക്കിന് വേണ്ടി ബെന്‍ ഹിബോണിന്റെയും അലെസാന്‍ഡ്രോ ടൈനിയുടെയും കീഴില്‍ ചെയ്ത മാറ്റ് പെയിന്റിംഗാണ്. അത് ട്രെയ്‌ലറില്‍ അതുപോലെ വന്നിരിക്കുകയാണ്. സങ്‌ചോയ് എന്ന ആര്‍ട്ടിസ്റ്റിന്റെ വര്‍ക്കും അവര്‍ കട്ടെടുത്തിട്ടുണ്ട്', എന്നാണ് ഒലിവര്‍ ബെക്ക് എക്‌സില്‍ കുറിച്ചത്. 

ഈ വിഷയത്തില്‍ ഇന്ത്യന്‍ എക്‌സ്‌പ്രെസിനോടും ഒലിവര്‍ ബെക്ക് സംസാരിച്ചിരുന്നു. 'നിങ്ങള്‍ ഒരു ആര്‍ട്ടിസ്റ്റ് അല്ലാത്തതിനാല്‍ കോപിയടിച്ചത് പെട്ടന്ന് മനസിലാകണമെന്നില്ല. പക്ഷെ എന്റെ ആര്‍ട്ടിസ്റ്റ് സുഹൃത്തുക്കള്‍ പെട്ടന്ന് തന്നെ അത് മനസിലാക്കുകയും അത് എന്റെ വര്‍ക്കില്‍ നിന്നെടുത്തതാണെന്ന് ചൂണ്ടികാട്ടുകയും ചെയ്തു. അത് നിങ്ങള്‍ക്കും മനസിലാകും. കാരണം കളറും ഷെയിപ്പുമാണ് അതുപോലെ അവര്‍ പകര്‍ത്തിയിരിക്കുന്നത്. ഒരേപോലെ അല്ലെങ്കിലും രൂപത്തില്‍ സാമ്യമുണ്ട്. അവര്‍ എന്നെ ഈ സിനിമയുടെ ഭാഗമാകാന്‍ വിളിപ്പിച്ചതായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ക്ക് എന്റെ പോര്‍ട്ട്‌ഫോളിയോ അറിയാം. നിയമപരമായി മുന്നോട്ട് പോകാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. കാരണം അത് എന്റെ വര്‍ക്കിന്റെ എക്‌സാറ്റ് കോപിയല്ല', എന്നും ഒലിവര്‍ പറഞ്ഞു. 

അതേസമയം കല്‍ക്കി ജൂണ്‍ 27നാണ് തിയേറ്ററിലെത്തുന്നത്. പ്രഭാസ് നായകനായ ചിത്രത്തില്‍ അമിതാബ് ബച്ചന്‍, ദീപിക പദുകോണ്‍, കമല്‍ ഹാസന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com