
കല്‍ക്കി യൂണിവേഴ്‌സില്‍ തന്റെ ഭാഗം തുടങ്ങിയിട്ടേയുള്ളൂ എന്ന് നടന്‍ കമല്‍ ഹാസന്‍. ആദ്യ ഭാഗത്തില്‍ താന്‍ ചെയ്തത് ചെറിയ റോളാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു. ചെന്നൈയില്‍ വെച്ച് നടന്ന പ്രത്യേക വാര്‍ത്ത സമ്മേളനത്തിലായിരുന്നു താരം സിനിമയെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും സംസാരിച്ചത്.
'കല്‍ക്കിയില്‍ ഞാന്‍ ഒരു ചെറിയ റോളാണ് ചെയ്തിരിക്കുന്നത്. സിനിമയില്‍ എന്റെ ശരിക്കുള്ള ഭാഗങ്ങള്‍ തുടങ്ങുന്നേയുള്ളു. അത് രണ്ടാം ഭാഗത്തിലായിരിക്കും. അതുകൊണ്ട് ഒരു ആരാധകന്‍ എന്ന നിലയിലാണ് ഞാന്‍ കല്‍ക്കി കണ്ടത്. ഇന്ത്യന്‍ സിനിമ ഗ്ലോബല്‍ എന്റര്‍ട്ടെയിന്‍മെന്റിലേക്ക് നീങ്ങുന്നു എന്നതിന്റെ സൂചന നമ്മള്‍ പല കുറി കണ്ടിട്ടുള്ളതാണ്. അതിലൊന്നാണ് കല്‍ക്കി. നാഗ് അശ്വിന്‍ മതപരമായ പക്ഷപാതമില്ലാതെ മിത്തോളജി ശ്രദ്ധയോടെ കൈകാര്യം ചെയ്തു. ലോകത്ത്, ജപ്പാന്‍, ചൈന, ഗ്രീക്ക് എന്നീ സിവിലൈസേഷനുകള്‍ക്കെ ഇന്ത്യന്‍ പൈതൃകത്തിന്റെ കഥ പറച്ചിലിനോട് അടുത്തു നില്‍ക്കാന്‍ സാധിക്കുകയുള്ളു. അതില്‍ നിന്ന് കഥകള്‍ തിരഞ്ഞെടുത്ത് എല്ലാവരെയും ചേര്‍ത്ത് അശ്വിന്‍ വളരെ ക്ഷമയോടെയാണ് കല്‍ക്കി നിര്‍മിച്ചിരിക്കുന്നത്', കമല്‍ ഹാസന്‍ പറഞ്ഞു.
ചിത്രത്തിലെ നടന്‍ അമിതാബ് ബച്ചന്റെ അഭിനയത്തെ കുറിച്ചും കമല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 'അമിതാബ് ബച്ചനെ മുതിര്‍ന്ന നടനെന്ന് വിളിക്കണോ പുതിയ നടനെന്ന് വിളിക്കണോയെന്ന് എനിക്ക് അറിയില്ല. അത്രയ്ക്ക് നന്നായിട്ടുണ്ട് അദ്ദേഹത്തിന്റെ അഭിനയം', എന്നാണ് കമല്‍ പറഞ്ഞത്.
'കല്‍ക്കി കണ്ടാല്‍ കുട്ടികള്‍ക്കുള്ള ചിത്രം പോലെയാണ് തോന്നുക. പിന്നെ അതെങ്ങനെ മുതിര്‍ന്നവര്‍ക്ക് ആസ്വദിക്കാനാകുമെന്ന് എനിക്ക് അറിയില്ല. പക്ഷെ ഈ സിനിമ നമുക്കുള്ളിലെ കുട്ടിയെ ഉണര്‍ത്തും. ഇത് വളരെ മികച്ചൊരു സിനിമയാണ്. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഈ യാത്ര തുടരുകയാണ് എന്നതിലും എനിക്ക് അതിയായ സന്തോഷമുണ്ട്', കമല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ജൂണ്‍ 27നാണ് കല്‍ക്കി 2898 എഡി തിയേറ്ററിലെത്തിയത്. പ്രഭാസ് നായകനായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നാഗ് അശ്വിനാണ്. ചിത്രം ആദ്യ ദിനം തന്നെ ആഗോള ബോക്‌സ് ഓഫീസില്‍ 191.5 കോടി നേടിയിരുന്നു.