നാഗേന്ദ്രന്‍സ് ഹണിമൂണ്‍ ഒരു കോമഡി സീരീസല്ല, മുന്‍ സിനിമകളേക്കാള്‍ ചെലവേറിയത്: നിഥിന്‍ രണ്‍ജി പണിക്കര്‍

ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ പുറത്തിറക്കുന്ന നാലാമത്തെ മലയാളം വെബ് സീരിസാണിത്
നാഗേന്ദ്രന്‍സ് ഹണിമൂണ്‍ ഒരു കോമഡി സീരീസല്ല, മുന്‍ സിനിമകളേക്കാള്‍ ചെലവേറിയത്: നിഥിന്‍ രണ്‍ജി പണിക്കര്‍
Published on

ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ പുറത്തിറക്കുന്ന പുതിയ മലയാളം വെബ് സീരീസായ 'നാഗേന്ദ്രന്‍സ് ഹണിമൂണി'ന്‍റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. നിഥിന്‍‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സീരിസ് 1978 കാലഘട്ടത്തിലെ കേരളത്തിന്‍റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഒരു ഭര്‍ത്താവും അഞ്ച് ഭാര്യയുമെന്ന രസകരമായ ആശയമാണ് സീരീസ് പങ്കുവെക്കുന്നത്. സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായെത്തുന്ന സീരിസ് തന്‍റെ മുന്‍ സിനിമകളെക്കാള്‍ ചെലവേറിയെ പ്രോജക്ടാണെന്ന് നിഥിന്‍ രണ്‍ജി പണിക്കര്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.

'കാവലിന് ശേഷം സിനിമയായി ചെയ്യാനിരുന്ന കഥയാണ് നാഗേന്ദ്രന്‍സ് ഹണിമൂണിന്‍റെത്. ഹോട്സ്റ്റാറില്‍ നിന്ന് ഒരു സീരിസ് ചെയ്യാനുള്ള ഓഫറുണ്ടായിരുന്നു. അങ്ങനെയാണ് കഥ വെബ് സീരിസിന്‍റെ രൂപത്തിലേക്ക് മാറ്റുന്നത്. ഒരു ഭര്‍ത്താവും അഞ്ച് ഭാര്യമാരും അവരുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളുമാണ് സീരിസ് പറയുന്നത്. നാച്ചുറലായി കഥയില്‍ സംഭവിക്കുന്ന ഹ്യൂമര്‍ മാത്രമാണ് ഇതിലുള്ളത്. കോമഡിക്ക് വേണ്ടി ഒന്നും തന്നെ ക്രിയേറ്റ് ചെയ്തിട്ടില്ല. 1978 കാലഘട്ടത്തില്‍ നടക്കുന്ന തികച്ചും സാങ്കല്‍പ്പികമായ ഒരു കഥയാണിത്. കേരളത്തിന്‍റെ അക്കാലത്തെ ഭൂപ്രകൃതിയും സംസ്കാരവുമൊക്കെ സീരിസിലുണ്ടാകും. ഞാന്‍ മുന്‍പ് ചെയ്ത രണ്ട് സിനിമകളെക്കാള്‍ ബജറ്റ് വേണ്ടി വന്നു നാഗേന്ദ്രന്‍സ് ഹണിമൂണിന്. നാഗേന്ദ്രനാകാന്‍ ഏറ്റവും അനുയോജ്യന്‍ സുരാജ് ആണെന്ന് തോന്നി, അതുകൊണ്ടാണ് നായകനായി കാസ്റ്റ് ചെയ്തത്. ഭാര്യമാരുടെ റോളിലേക്കുള്ളവരെയും അങ്ങനെ തന്നെയാണ് കാസ്റ്റ് ചെയ്തത്. കോസ്റ്റ്യൂമിനും മേക്കപ്പിനും ഉള്ളതുപോലെ രഞ്ജിന്‍ രാജിന്‍റെ പശ്ചാത്തല സംഗീതവും പ്രധാനപ്പെട്ടതായിരുന്നു. ആ കാലഘട്ടം റീക്രിയേറ്റ് ചെയ്യുന്നതില്‍ മ്യൂസിക്കിന് വലിയൊരു റോളുണ്ട്. അച്ഛനും തിരക്കഥ ഇഷ്ടപ്പെട്ടിരുന്നു. അങ്ങനെയാണ് പ്രോജക്ടുമായി മുന്നോട്ട് പോയത്'- നിഥിന്‍ രണ്‍ജി പണിക്കര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ആരംഭിച്ച ചിത്രീകരണം ഓഗസ്റ്റോടെ അവസാനിച്ചിരുന്നു. ജൂലൈയില്‍ സീരിസ് റിലീസ് ചെയ്യാനാണ് തീരുമാനം. കനി കുസൃതി, ശ്വേത മേനോൻ, ഗ്രേസ് ആന്റണി, നിരഞ്ജന അനൂപ്, ആൽഫി പഞ്ഞിക്കാരൻ, അമ്മു അഭിരാമി, കലാഭവൻ ഷാജോൺ, പ്രശാന്ത് അലക്സാണ്ടർ, രമേഷ് പിഷാരടി എന്നിവരാണ് പ്രധാന അഭിനേതാക്കൾ. നിഖില്‍ എസ് പ്രവീണ്‍ ഛായാഗ്രഹണവും മന്‍സൂര്‍ മുത്തൂട്ടി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. റോണക്സ് സേവ്യറാണ് മേക്കപ്പ്. നിസാര്‍ റഹ്മത്ത് വസ്ത്രാലാങ്കാരം കൈകാര്യം ചെയ്തിരിക്കുന്നു. സുരേഷ് കൊല്ലമാണ് കലാസംവിധാനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com