
നടി തനുശ്രീ ദത്ത തനിക്കെതിരെ ഉന്നയിച്ച മീടൂ ആരോപണങ്ങള്‍ നിഷേധിച്ച് നടന്‍ നാനാ പടേക്കര്‍. തനുശ്രി പറഞ്ഞതെല്ലാം നുണയാണെന്നാണ് നാനാ പടേക്കര്‍ പറഞ്ഞത്. ലാലന്‍ടോപ്പിനോടായിരുന്നു താരത്തിന്‍റെ പ്രതികരണം. 2018-ലാണ് തനുശ്രീ ദത്ത നാനാ പടേക്കറിനെതിരെ മീടൂ ആരോപണവുമായി രംഗത്തെത്തിയത്.
2008-ല്‍ 'ഹോണ്‍ ഓകെ പ്ലീസ്' എന്ന ചിത്രത്തിലെ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ നാനാ പടേക്കര്‍ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു തനുശ്രീ ദത്തയുടെ ആരോപണം. ഇന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ മീടൂ കാമ്പെയിനിന് തുടക്കം കുറിച്ച സംഭവമായിരുന്നു അത്. എന്നാല്‍ അതെല്ലാം നുണയായതിനാലാണ് താന്‍ വിഷയത്തില്‍ പ്രതികരിക്കാത്തതും ദേഷ്യപ്പെടാത്തതെന്നും നാനാ പടേക്കര്‍ പറഞ്ഞു.
'എല്ലാം നുണയായതുകൊണ്ട് ഞാന്‍ എന്തിന് ദേഷ്യപ്പെടണം പിന്നെ അതെല്ലാം പഴയതാണ്. അവരെക്കുറിച്ച് നമുക്ക് എന്ത് സംസാരിക്കാനാകും സത്യം എല്ലാവര്‍ക്കും അറിയാം. ഇങ്ങനെയൊന്നും സംഭവിക്കാത്ത ആ സമയത്ത് ഞാനെന്തു പറയാനാണ്. പൊടുന്നനെ ആരോ പറയുന്നു നീ ഇത് ചെയ്തു, നീ അത് ചെയ്തു എന്ന്. ഈ കാര്യങ്ങള്‍ക്കെല്ലാം ഞാന്‍ എന്ത് മറുപടി പറയണമായിരുന്നു. ഞാന്‍ ഇത് ചെയ്തില്ല എന്ന് പറയണമായിരുന്നോ? ഞാന്‍ ഒന്നും ചെയ്തിട്ടില്ല എന്ന സത്യം എനിക്കറിയാം.' എന്നാണ് നാനാ പടേക്കര്‍ പറഞ്ഞത്.
2018-ല്‍ നാനാ പടേക്കര്‍, നൃത്ത സംവിധായകന്‍ ഗണേഷ് ആചാര്യ, സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി എന്നിവര്‍ക്കെതിരെയാണ് തനുശ്രീ ദത്ത മീ ടൂ ആരോപണം ഉന്നയിച്ചത്. അതേ വര്‍ഷം തന്നെ തനുശ്രീ ഈ വിഷയത്തില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ചിത്രീകരണത്തിനിടെ എല്ലാവരുടെയും മുന്നില്‍ വെച്ച് നാനാ പടേക്കര്‍ തന്നെ മോശമായി സ്പര്‍ശിക്കുകയായിരുന്നു എന്നാണ് തനുശ്രീ പരാതിയില്‍ പറഞ്ഞിരിക്കുന്നതെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ നാനാ പടേക്കര്‍, ഗണേഷ് ആചാര്യ, സമീ സിദ്ദിഖ്, രാകേഷ് സാരംഗ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.