
തെലുങ്കു സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ചരിത്ര ഇതിഹാസ ചിത്രം പ്രഖ്യാപിച്ചു. 'എന്‍ബികെ111' എന്ന് താല്‍കാലികമായി പേര് നല്‍കിയിരിക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നത് വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ്. ജൂണ്‍ 10 നു ജന്മദിനം ആഘോഷിക്കുന്ന ബാലകൃഷ്ണയുടെ ജന്മദിനത്തിന് മുന്നോടിയായി ആണ് അദ്ദേഹത്തിന്റെ 111-ാമത് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 'വീര സിംഹ റെഡ്ഡി' എന്ന തകര്‍പ്പന്‍ ചിത്രത്തിന് ശേഷം നന്ദമുരി ബാലകൃഷ്ണ - ഗോപിചന്ദ് മലിനേനി ടീം ഒന്നിക്കുന്ന ചിത്രമാണിത്. 'പെദ്ധി' എന്ന പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മിക്കുന്നതിനൊപ്പം വെങ്കട സതീഷ് കിലാരു വൃദ്ധി സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് 'എന്‍ബികെ111'.
പ്രകോപിതനായ ഒരു സിംഹത്തിന്റെ ഉഗ്രമായ ചിത്രമാണ് ഇതിന്റെ പ്രഖ്യാപന പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിന്റെ മുഖത്തിന്റെ പകുതി ലോഹ കവചം കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. മുഖത്തിന്റെ ബാക്കി പകുതി തുറന്നിരിക്കുകയും വന്യമായി തുടരുകയും ചെയ്യുന്നു. ഈ ചിത്രത്തില്‍ ബാലകൃഷ്ണ അവതരിപ്പിക്കാന്‍ പോകുന്ന കഥാപാത്രത്തിന്റെ തീവ്രമായ ദ്വൈത സ്വഭാവത്തിന്റെയും വന്യമായ ശ്കതിയുടെയും പ്രതീകമാണ് പോസ്റ്ററിലെ ചിത്രം.
മാസ്, കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നറുകളിലെ വൈദഗ്ധ്യത്തിന് പേരുകേട്ട സംവിധായകന്‍ ഗോപിചന്ദ് മലിനേനി ആദ്യമായി ഒരുക്കാന്‍ പോകുന്ന ചരിത്ര ഇതിഹാസ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. മഹത്വവും ചരിത്രവും വമ്പന്‍ ആക്ഷനും സംയോജിപ്പിക്കുന്ന ഒരു ഇതിഹാസ കഥയിലൂടെ, ബാലകൃഷ്ണയുടെ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു അവതാരം ഈ ചിത്രത്തിലൂടെ തയ്യാറാക്കുകയാണ് സംവിധായകന്‍. ശക്തവും അതുല്യവുമായി വിശേഷിപ്പിക്കപ്പെടുന്ന ഇതിന്റെ തിരക്കഥ നിലവില്‍ പ്രീ-പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിലാണ്. ചിത്രത്തിലെ ബാക്കിയുള്ള അഭിനേതാക്കളെയും സാങ്കേതിക സംഘത്തെയും പിന്നീട് പ്രഖ്യാപിക്കും.