"മനോഹരമായ ഒരു പ്രണയചിത്രം വരുന്നുണ്ട്"; 'പാരഡൈസി'ന് ശേഷം ട്രാക്ക് മാറ്റാൻ നാനി

'ബ്ലഡി റോമിയോ'ക്ക് ശേഷം ആരംഭിക്കുന്ന ചിത്രത്തിന്റേത് മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ തിയേറ്ററിലിരുന്ന് ആസ്വദിക്കാൻ കഴിയുന്നതായിരിക്കുമെന്ന് നടൻ
നാനി
നാനി
Published on: 
Updated on: 

തെലുങ്ക് താരം നാനിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിട്ടാണ് ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ‘ദ പാരഡൈസ്’ തിയേറ്ററുകളിലേക്ക് എത്തിയത്. വലിയ പ്രതീക്ഷയോടെ തിയേറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് മോശം പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഇതിനു പിന്നാലെ ഒരു ട്രാക്ക് മാറ്റത്തിന്റെ സൂചന നൽകുകയാണ് നാനി.

സുജീത് സംവിധാനം ചെയ്യുന്ന 'ബ്ലഡി റോമിയോ' ആണ് നാനിയുടെ അടുത്ത ചിത്രം. നിലവിൽ ഈ സിനിമയുടെ തയ്യാറെടുപ്പിലാണ് നടൻ. ഇതും ഒരു ആക്ഷൻ ചിത്രമാണ്. എന്നാൽ, അതിന് ശേഷം മനോഹരമായ ഒരു പ്രണയചിത്രത്തിലായിരിക്കും താൻ അഭിനയിക്കുകയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ.

'ദ പാരഡൈസ്' എന്ന ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റ് ലഭിച്ചതിനാൽ കുട്ടികൾക്ക് തിയേറ്ററിൽ കാണാൻ കഴിഞ്ഞില്ലെന്നും, പൊതുപരിപാടികളിൽ തന്നെ കാണുമ്പോൾ ആദ്യം ഓടിയെത്തുന്ന കുട്ടി ആരാധകർക്ക് കാണാൻ സാധിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ ചെയ്യണമെന്ന ആഗ്രഹമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നും നാനി വ്യക്തമാക്കി. 'ബ്ലഡി റോമിയോ'ക്ക് ശേഷം ആരംഭിക്കുന്ന ചിത്രത്തിന്റേത് മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ തിയേറ്ററിലിരുന്ന് ആസ്വദിക്കാൻ കഴിയുന്ന പ്രമേയമായിരിക്കുമെന്ന് നടൻ പറഞ്ഞു. ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

നാനി
സേനാപതിയുടെ മൂന്നാം വരവ്! 'ഇന്ത്യൻ 3'യുമായി ശങ്കർ- കമൽ ഹാസൻ ടീം

നാനിയുടെ വാക്കുകൾ: ഈ സിനിമയെ കുടുംബ ചിത്രമെന്നാണോ പ്രണയകഥയെന്നാണോ വിളിക്കേണ്ടതെന്ന് എനിക്കറിയില്ല. പക്ഷേ, ഇത് എല്ലാവർക്കും വേണ്ടിയുള്ളതാകും. കുട്ടികൾക്ക് എന്നെ ശരിക്കും ഇഷ്ടമാണ്. എവിടെ, ഏത് ചടങ്ങിന് പോയാലും അവരാണ് എന്റെ അരികിലേക്ക് ഓടിയെത്തുന്നത്. (കഴിഞ്ഞ ചിത്രത്തിൽ) അവർക്ക് തിയേറ്ററിലേക്ക് പ്രവേശനം ലഭിച്ചില്ല എന്നതെന്നെ വളരെ സങ്കടപ്പെടുത്തുന്നു. തീർച്ചയായും അവർ ആ സിനിമ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നുമില്ല. എങ്കിലും എന്തോ ഒരു സങ്കടം തോന്നുന്നു... 'ബ്ലഡി റോമിയോ' ഒരു തരത്തിൽ എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണ്. അതിനു ശേഷം വളരെ മനോഹരവും ലളിതവുമായ മറ്റൊരു ചിത്രവും വരുന്നുണ്ട്.

സുജീത് സംവിധാനം ചെയ്യുന്ന 'ബ്ലഡി റോമിയോ'യിൽ വയലൻസ് ഉണ്ടെങ്കിലും അത് വളരെ സ്റ്റൈലിഷും വ്യത്യസ്തമായ ഒരു തിയേറ്റർ അനുഭവമായിരിക്കും സമ്മാനിക്കുകയെന്നും നാനി വ്യക്തമാക്കി. നേരത്തെ പുറത്തുവിട്ട സിനിമയുടെ പ്രൊമോ വീഡിയോയും ഇതാണ് സൂചിപ്പിച്ചത്.

News Malayalam 24x7
newsmalayalam.com