
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തോടെ തമിഴ് നടൻ വിജയ് സിനിമ അഭിനയം നിർത്തുകയാണ് എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ദളപതി 69 എന്ന് വിളിക്കപ്പെടുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് കഴിഞ്ഞ ദിവസം നടന്നിരുന്നു. അതിന് മുന്നോടിയായുള്ള ചിത്രത്തിന്റെ അപ്ഡേറ്റിൽ, വൺ ലാസ്റ്റ് ടൈം എന്ന് എഴുതി ഒരു പ്രൊമോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.
ഇപ്പോൾ വിജയ് അഭിനയം അവസാനിപ്പിക്കുന്നു എന്ന വാർത്തയില്‍ പ്രതികരിച്ചിരിക്കുകയാണ് നസ്രിയ ഫഹദ്.
വിജയ് അഭിനയം നിർത്തുന്നു എന്നതിൽ ഏറെ വിഷമത്തിലാണ് നസ്രിയയും. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് നസ്രിയ തന്റെ സങ്കടം പറഞ്ഞത്. "അജിത്ത് സാറിന്റെ കടുത്ത ആരാധികയായിട്ടും ദളപതി 69 വിജയ് സാറിന്റെ അവസാന ചിത്രം ആയിരിക്കുമെന്നത് ഏറെ വിഷമിപ്പിക്കുന്നു. ആ ഇതിഹാസത്തിന്റെ അവസാന പ്രകടനം എന്നത് ശരിക്കും ഒരേസമയം സന്തോഷവും വേദനയുമുണ്ടാക്കുന്നു." നസ്രിയ കുറിച്ചു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യഷ് ചിത്രം ടോക്സിക്കിന്റെ നിർമാതാവായ വെങ്കട് കെ നാരായണയാണ് കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെ.യുവും സഹ നിർമാതാക്കളായുമുണ്ട്. ഈ വർഷം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറിൽ തിയേറ്ററിലേക്കെത്തും.
ആരാധകർക്ക് ആവേശം നൽകുന്ന പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകുമെന്നും മറ്റു താരങ്ങളെക്കുറിച്ചും അണിയറപ്രവർത്തകരെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്കുവയ്ക്കുമെന്നും കെ വി എൻ പ്രൊഡക്ഷൻസ് അറിയിച്ചു. അതേസമയം വിജയ് നായകനായ ദ ഗോട്ട് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വെങ്കട്ട് പ്രഭുവാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്.