ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം നാളെ; പ്രതീക്ഷയോടെ സിനിമാലോകം

2022 ൽ റിലീസ് ചെയ്ത സിനിമകളെയാണ് 70-ാമത് ദേശീയ പുരസ്ക്കാരത്തിന് പരിഗണിക്കുന്നത്
ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം നാളെ; പ്രതീക്ഷയോടെ സിനിമാലോകം
Published on

ദേശീയ- സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും. നാളെ വൈകിട്ട് മൂന്ന് മണിക്കായിരിക്കും ദേശീയ അവാർഡുകൾ പ്രഖ്യാപിക്കുക. എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡാണ് നാളെ പ്രഖ്യാപിക്കുന്നത്. മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, ഋഷബ് ഷെട്ടിയുടെ കാന്താര, കെ.ജി.എഫ്- 2, മഹാൻ, പൊന്നിയൻ സെൽവൻ തുടങ്ങി നിരവധി തെന്നിന്ത്യന്‍ സിനിമകളാണ് ഇക്കുറി പ്രധാനമായും ദേശീയ പുരസ്കാരത്തിനായി മത്സര രംഗത്ത് ഉണ്ടായിരുന്നത്. 2022 ൽ റിലീസ് ചെയ്ത സിനിമകളെയാണ് പുരസ്ക്കാരത്തിന് പരിഗണിക്കുന്നത്.

54ാ-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. പുരസ്‌കാര നിർണയത്തിൻ്റെ അവസാന ഘട്ടത്തിലും കടുത്ത മത്സരമാണ് നടന്നത്. മികച്ച നടനായി മമ്മൂട്ടിയും, പൃഥ്വിരാജും മത്സരിക്കുമ്പോൾ പാർവതിയും, ഉർവശിയുമാണ് മികച്ച നടിമാരുടെ പട്ടികയിൽ മുന്നിൽ. ചരിത്രത്തിലാദ്യമായി 160-ല്‍ പരം സിനിമകള്‍ ജൂറിക്ക് മുന്നിലെത്തിയ പുരസ്കാര നിര്‍ണയ പ്രക്രിയായിരുന്നു ഇത്തവണത്തേത്. രണ്ടാം ഘട്ടത്തില്‍ സിനിമകളുടെ എണ്ണം 50-ആയി ചുരുങ്ങി. തിരുവനന്തപുരം കഴക്കൂട്ടത്തെ ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനത്തെ തീയേറ്ററുകളിലായാണ് സ്ക്രീനിങ് പൂര്‍ത്തിയായത്. പ്രശസ്ത സംവിധായകന്‍ സുധീര്‍ മിശ്രയാണ് ജൂറിയുടെ അധ്യക്ഷന്‍. പ്രാഥമിക ജൂറികളുടെ അധ്യക്ഷന്മാരായ സംവിധായകന്‍ പ്രിയനന്ദന്‍, ഛായാഗ്രാഹകന്‍ അഴകപ്പന്‍ എന്നിവര്‍ അന്തിമ ജൂറിയിലും അംഗങ്ങളാണ്. ലിജോ ജോസ് പെല്ലിശ്ശേരി, എന്‍.എസ് മാധവന്‍, ആന്‍ അഗസ്റ്റിന്‍ എന്നിവരും ജൂറിയിലുണ്ട്.

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി, ജ്യോതിക എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ കാതല്‍ ദി കോര്‍, റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡ്, പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം, ജൂഡ് ആന്തണി ജോസഫിന്‍റെ 2018 എവരിവണ്‍ ഈസ് എ ഹീറോ എന്നീ ചിത്രങ്ങളാണ് മികച്ച സിനിമയ്ക്കുള്ള മത്സരത്തില്‍ മുന്‍പന്തിയിലുള്ളതെന്നാണ് വിവരം. ഇതുവരെ തിയേറ്ററില്‍ റിലീസ് ചെയ്യാത്ത ചിത്രങ്ങളും ജൂറിയുടെ മുന്നിലെത്തിയിട്ടുണ്ട്. അതിനാല്‍ മികച്ച സിനിമ, സംവിധാനം എന്നീ വിഭാഗങ്ങളില്‍ പുരസ്കാര നിര്‍ണയം കടുപ്പമേറിയതാകും. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയിലെത്തിയ സിനിമകളും മത്സര വിഭാഗത്തിലുണ്ട്.

മികച്ച നടനുള്ള അവാര്‍ഡിനായി ശക്തമായ മത്സരമാണ് ഇക്കുറി നടക്കുന്നത്. കാതല്‍ ദി കോര്‍, കണ്ണൂര്‍ സ്ക്വാഡ് സിനിമകളിലെ പ്രകടനത്തിലൂടെ മമ്മൂട്ടി വീണ്ടും പുരസ്കാരം നേടിയാല്‍ അത്ഭുതപ്പെടാനാവില്ല. ആടുജീവിതത്തില്‍ നജീബായി മികച്ച പ്രേക്ഷക പ്രശംസ നേടിയ പൃഥ്വിരാജാണ് മികച്ച നടനാകാനുള്ള മത്സരത്തില്‍ തൊട്ടുപിന്നിലുള്ളത്. ദേശീയ പുരസ്കാരത്തിനടക്കം ഇത്തവണ മമ്മൂട്ടിയുടെയും പൃഥ്വിരാജിന്‍റെയും പ്രകടനങ്ങള്‍ പരിഗണിക്കുന്നുണ്ട്. മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരത്തിന് എ.ആര്‍ റഹ്മാനും സുഷിന്‍ ശ്യാമും അടക്കം പ്രമുഖര്‍ മത്സരരംഗത്തുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com