വിവാദങ്ങള്‍ക്കൊടുവില്‍ ഡോക്യുമെന്ററി എത്തി; 'നയന്‍താര :ബീയോണ്ട് ദി ഫെയറിടെയില്‍' നെറ്റ്ഫ്‌ലിക്‌സില്‍

മലയാളത്തില്‍ ചെറിയ വേഷങ്ങളില്‍ തുടങ്ങിയ ചലച്ചിത്രയാത്ര പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നയന്‍താരയുടെ ആവേശകരമായ ജീവിതമാണ് ആരാധകര്‍ക്കായി നെറ്റ്ഫ്ലിക്സ് ഒരുക്കിയിരിക്കുന്നത്
വിവാദങ്ങള്‍ക്കൊടുവില്‍ ഡോക്യുമെന്ററി എത്തി; 'നയന്‍താര :ബീയോണ്ട് ദി ഫെയറിടെയില്‍' നെറ്റ്ഫ്‌ലിക്‌സില്‍
Published on


വിവാദങ്ങള്‍ക്കൊടുവില്‍ നയന്‍താരയുടെ ജീവിതകഥ പറയുന്ന 'നയന്‍താര :ബീയോണ്ട് ദി ഫെയറിടെയില്‍' നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചു. നയന്‍താരയുടെ 40ാമത്തെ പിറന്നാളിന് റിലീസ് ചെയ്ത ഡോക്യൂമെന്ററിയില്‍ വിവാദത്തിനിടയായ 'നാനും റൗഡി താനി'ലെ ഫൂട്ടേജുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മലയാളത്തില്‍ ചെറിയ വേഷങ്ങളില്‍ തുടങ്ങിയ ചലച്ചിത്രയാത്ര പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നയന്‍താരയുടെ ആവേശകരമായ ജീവിതമാണ് ആരാധകര്‍ക്കായി നെറ്റ്ഫ്ലിക്സ് ഒരുക്കിയിരിക്കുന്നത്. ഡോക്യൂമെന്ററിയുടെ ആകെ സമയം വരുന്നത് 1.22 മണിക്കൂറാണ്. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും അമിത് കൃഷ്ണന്റെ പേരാണ് സംവിധായകന്റെ സ്ഥാനത്ത് വന്നിരിക്കുന്നത്.

ഡോക്യൂമെന്ററിയില്‍ വിവാഹത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ നയന്‍താരയുടെ സിനിമയിലേക്കുള്ള യാത്രയും അവരുടെ വിജയപരാജയങ്ങളും എങ്ങനെയാണ് അവര്‍ വിഘ്‌നേഷ് ശിവനില്‍ തന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയതെന്നും പറയുന്നുണ്ട്. അധികമാര്‍ക്കും അറിയാത്ത, തീര്‍ത്തും സ്വകാര്യമായ നയന്‍താരയുടെ വ്യക്തിജീവിതത്തെ നടിയുടെ ആരാധകര്‍ക്ക് മുന്നില്‍ പിറന്നാള്‍ സമ്മാനമായി അവതരിപ്പിക്കുകയാണ് ഈ ഡോക്യു-ഫിലിം. സ്വപ്നതുല്യമായ തന്റെ ചലച്ചിത്രജീവിതം സമാനമായ ആഗ്രഹങ്ങള്‍ക്കായി പരിശ്രമിക്കുന്നവര്‍ക്ക് ഊര്‍ജ്ജമാകാന്‍ കൂടി വേണ്ടിയാണ് അവര്‍ ഇത് സമര്‍പ്പിക്കുന്നത്. സിനിമയിലെ താരമെന്നതിനപ്പുറം മകള്‍, സഹോദരി, ജീവിതപങ്കാളി, മാതാവ്, സുഹൃത്ത് എന്നിങ്ങനെ നയന്‍താരയുടെ ജീവിതത്തിലെ റോളുകളും ഇതിലൂടെ പ്രേക്ഷകര്‍ക്ക് അടുത്തറിയാം.

ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ട് നയന്‍താര കഴിഞ്ഞ ദിവസം ധനുഷിന് അയച്ച കത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വിധേയമായിരുന്നു. 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്റെ രംഗങ്ങള്‍ തന്റെ ഡോക്യൂമെന്ററിയില്‍ ഉള്‍പെടുത്താന്‍ ധനുഷ് അനുവദിക്കത്തതിനെ തുടര്‍ന്നായിരുന്നു ഈ കത്ത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com