

സുന്ദർ സി യുടെ സംവിധാനത്തിൽ നയൻതാര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മൂക്കുത്തി അമ്മന്‍ 2- മഹാശക്തി'യുടെ ട്രെയ്ലർ റിലീസ് ചെയ്തു. സമകാലീന സംഭവങ്ങളും പൂർവകാലങ്ങളും ഉൾപ്പെടുത്തിയുള്ളതാകും സിനിമയെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. മൂക്കുത്തി അമ്മനായും പൊലീസ് ഉദ്യോഗസ്ഥയായും നയൻതാര ചിത്രത്തിൽ എത്തുന്നുണ്ട്. അമ്മ വേഷത്തിൽ ഉർവശിയും ഉണ്ട്. സുന്ദര്‍ സി. സംവിധാനം ചെയ്യുന്ന ചിത്രം നവംബർ ആറിന് തിയേറ്ററുകളിൽ എത്തും. ദീപാവലി റിലീസായാണ് ചിത്രം തിയറ്ററിൽ എത്തുക. ചിത്രത്തിന്റെ ട്രെയ്ലർ രണ്ടു മില്യൺ കാഴ്ചക്കാർ കഴിഞ്ഞ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ലിസ്റ്റിൽ തുടരുകയാണ്.
ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിച്ച 'മൂക്കുത്തി അമ്മന്റെ' ആദ്യഭാഗത്തിനു ശേഷം ഭക്തി, നര്‍മം, സാമൂഹികപ്രസക്തി എന്നിവ സംയോജിപ്പിച്ചാണ് രണ്ടാം ഭാഗം 'മഹാശക്തി' റിലീസിന് ഒരുങ്ങുന്നത്. നയൻതാര, ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്., സിംഗപുലി അണ്ണാവി, വി.ആർ. സ്വാമിനാഥൻ, ശിവകുമാർ എസ്സ് , സുനിൽ വർമ്മ ഇൻഡുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിൻ സത്യ, ഡെബ്ലിന ചാക്കി എന്നിവരാണ് 'മഹാശക്തി'യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിശാലമായ സെറ്റുകള്‍, വലിയ ദൃശ്യങ്ങള്‍, സുന്ദര്‍ സി. ശൈലിയില്‍ ഭക്തി, നിഗൂഢത, മാസ് എന്റര്ടെയ്ന്മെന്റ് എന്നിവ സംയോജിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന കഥാസന്ദര്‍ഭത്തോടെയാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ചിത്രത്തിന്റെ നിർമാണം ഡോ. ഇഷാരി കെ. ഗണേഷ് നിർവഹിക്കുന്നു. 'മഹാശക്തി'യുടെ രചനയും സംവിധാനവും സുന്ദർ സി ആണ്. ചിത്രത്തിന്റെ സംഗീത സംവിധാനം ഹിപ്പ്ഹോപ്പ് തമിഴയാണ്. ചിത്രത്തിന്റെ സഹനിർമാതാക്കൾ ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ എന്നിവരും. പിആർഒ: പ്രതീഷ് ശേഖർ.