'പെണ്ണു കേസുമായി' നിഖില; ചിത്രീകരണം ആരംഭിച്ചു

നവാഗതനായ ഫെബിന്‍ സിദ്ധാര്‍ത്ഥ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഹക്കിം ഷാജഹാന്‍, അജു വര്‍ഗീസ്, രമേശ് പിഷാരടി എന്നിവരും അഭിനയിക്കുന്നു
'പെണ്ണു കേസുമായി' നിഖില; ചിത്രീകരണം ആരംഭിച്ചു
Published on


നിഖില വിമല്‍ നായികയാകുന്ന 'പെണ്ണു കേസിന്റെ' ചിത്രീകരണം മൈസൂരില്‍ ആരംഭിച്ചതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. നവാഗതനായ ഫെബിന്‍ സിദ്ധാര്‍ത്ഥ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഹക്കിം ഷാജഹാന്‍, അജു വര്‍ഗീസ്, രമേശ് പിഷാരടി എന്നിവരും അഭിനയിക്കുന്നു. രസകരമായ ഒരു ചിത്രത്തോടെയാണ് പെണ്ണു കേസിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായി നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചത്. 'പെണ്ണ് കേസ്' ടീം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഫോട്ടോയില്‍ നിഖില വിമലുമുണ്ട്. ചിത്രത്തിലെ മറ്റുള്ളവര്‍ തൂവാല കൊണ്ട് മുഖം മറച്ചിരിക്കുന്ന രീതിയിലാണ് ഉള്ളത്.

സ്ത്രീ പീഡനം അല്ലെങ്കില്‍ ആക്രമണവുമായി ബന്ധപ്പെട്ട കേസുകളെയാണ് പെണ്ണ് കേസ് എന്ന് സാധാരണയായി പരാമര്‍ശിക്കുന്നത്. അത്തരം കേസുകള്‍ മാധ്യമങ്ങളുടെ പരിശോധനയില്‍ വന്ന് പൊലീസ് അവരെ കൊണ്ടുപോകുമ്പോള്‍ പ്രതികള്‍ മുഖം മറയ്ക്കുന്നത് സാധാരണയായി കാണപ്പെടുന്നു. അത്തരമൊരു സംഭവത്തെ ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നതെന്ന് തലക്കെട്ടും പുതിയ ഫോട്ടോയും വ്യക്തമാക്കുന്നു.

ഇ4 എക്‌സ്പിരിമെന്റ്‌സ്, ലണ്ടന്‍ ടാക്കീസ് എന്നീ ബാനറുകളില്‍ മുകേഷ് ആര്‍ മേത്ത, രാജേഷ് കൃഷ്ണ, സിവി സാരഥി എന്നിവര്‍ ചിത്രം നിര്‍മിക്കുന്നു. ഷിനോസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് വിയു ടാക്കീസിലെ അശ്വതി നടുത്തൊടിയാണ്. രശ്മി രാധാകൃഷ്ണനും ഫെബിന്‍ സിദ്ധാര്‍ത്ഥും തിരക്കഥയും ജ്യോതിഷ് എം, സുനു വി, ഗണേഷ് മലയത്ത് എന്നിവര്‍ സംഭാഷണങ്ങളും എഴുതുന്നു. സംഗീതം അങ്കിത് മേനോന്‍. എഡിറ്റര്‍ സരിന്‍ രാമകൃഷ്ണനും കലാസംവിധാനം അര്‍ഷാദ് നക്കോത്തും. ആസിഫ് കുറ്റിപ്പുറം ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. വിപിന്‍ കുമാര്‍, ബിബിന്‍ തേജ, അശ്വതി ജയകുമാര്‍ എന്നിവരാണ് പ്രമോഷന്‍സ് , മേക്കപ്പ്, വസ്ത്രാലങ്കാരം എന്നിവ യഥാക്രമം കൈകാര്യം ചെയ്യുന്നത്.

ഉണ്ണി മുകുന്ദന്‍ ഐവിഎഫ് സ്‌പെഷ്യലിസ്റ്റായി അഭിനയിച്ച ഗെറ്റ്-സെറ്റ് ബേബിയിലാണ് നിഖില വിമല്‍ അവസാനമായി അഭിനയിച്ചത്. എന്നാല്‍ 2025 ഫെബ്രുവരി 21 ന് പുറത്തിറങ്ങിയ വിനയ് ഗോവിന്ദിന്റെ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. വിനീത് ശ്രീനിവാസന്‍ നായകനായ ഒരു ജാതി ജാതകത്തിലും നിഖില അഭിനയിച്ചിരുന്നു. 2025 ജനുവരിയില്‍ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് നിഖിലയുടെ മുന്‍ ചിത്രമായ അരവിന്ദന്റെ അതിഥികള്‍ സംവിധാനം ചെയ്ത എം മോഹനനാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com