മാഫിയ, രാഷ്ട്രീയം, വൈരാഗ്യം പിന്നെ പ്രണയവും; അനുരാഗ് കശ്യപിന്റെ 'നിഷാഞ്ചി' ട്രെയ്‌ലര്‍ എത്തി

സെപ്റ്റംബര്‍ 19നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.
nishaanchi
നിഷാഞ്ചി ട്രെയ്ലറില്‍ നിന്ന് Source : YouTube Screen Grab
Published on
Updated on

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത നിഷാഞ്ചി എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ഉത്തര്‍പ്രദേശിന്റെ ഉള്‍പ്രദേശങ്ങള്‍ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ നവാഗതമായ നടന്‍ ആയിശ്വരി താക്കറെ ഡബിള്‍ റോളിലാണ് എത്തുന്നത്. ഇരട്ട സഹോദരന്മാരായ ബബ്ലു, ഡബ്ലു എന്നിവരുടെ വ്യത്യസ്ത വ്യക്തിത്വങ്ങളെയാണ് ട്രെയ്‌ലര്‍ പറഞ്ഞുവെക്കുന്നത്. 2000ത്തിന്റെ തുടക്കത്തില്‍ ഉത്തര്‍പ്രദേശിലെ ഒരു ചെറിയ പട്ടണത്തില്‍ വെച്ചാണ് ചിത്രത്തിന്റെ കഥ നടക്കുന്നത് എന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്.

ജാര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ അജയ് റായ്, രഞ്ജന്‍ സിംഗ് എന്നിവര്‍ ചേര്‍ന്ന് ഫ്‌ലിപ്പ് ഫിലിംസുമായി ചേര്‍ന്നാണ് 'നിഷാഞ്ചി' നിര്‍മിക്കുന്നത്. വേദിക പിന്റോ, മോണിക്ക പന്‍വര്‍, മുഹമ്മദ് സീഷന്‍ അയ്യൂബ്, കുമുദ് മിശ്ര എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. സെപ്റ്റംബര്‍ 19നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

അടുത്തിടെ ഒരു അഭിമുഖത്തില്‍ അനുരാഗ് നിഷാഞ്ചി അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രാജ്പുത്തുമായി ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു എന്ന് വെളിപ്പെടുത്തി. എന്നാല്‍ ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ രണ്ട് വലിയ പ്രൊജക്ടുകളില്‍ ഒപ്പിട്ടതിനെ തുടര്‍ന്ന് സുശാന്ത് ചിത്രം വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2016ലാണ് നിഷാഞ്ചിയുടെ തിരക്കഥ അനുരാഗ് കശ്യപ് എഴുതുന്നത്. "അന്നുമുതല്‍ ഈ സിനിമ അതിന്റെ പൂര്‍ണതയില്‍ നിര്‍മിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയായിരുന്നു. അത് ചെയ്യാന്‍ എന്നെ പൂര്‍ണമായി വിശ്വസിക്കുന്ന ഒരു സ്റ്റുഡിയോയെ ഞാന്‍ അന്വേഷിക്കുകയായിരുന്നു. ആമസോണ്‍ എംജിഎമ്മിന് കഥ ഇഷ്ടപ്പെട്ടു. അതില്‍ വിശ്വാസം അര്‍പ്പിച്ചു', എന്ന് അനുരാഗ് ചിത്രത്തിന്റെ പ്രഖ്യാപന സമയത്ത് പറഞ്ഞിരുന്നു. 'മനുഷ്യ വികാരങ്ങള്‍, സ്‌നേഹം, കാമം, ശക്തി, കുറ്റകൃത്യം, ശിക്ഷ, വഞ്ചന, മോചനം, അതിന്റെയെല്ലാം അനന്തരഫലങ്ങള്‍ എന്നിവ നിറഞ്ഞ ഒരു കഥ", എന്നാണ് സിനിമയെ അനുരാഗ് വിശേഷിപ്പിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com