തെരഞ്ഞെടുപ്പ് കാലത്ത് 'പ്രതിഛായ'യുടെ രാഷ്‌ട്രീയ കഥ | PRATHICHAYA REVIEW

കൊമേഷ്യൽ സിനിമയുടെ ചട്ടക്കൂടിൽ നിൽക്കുമ്പോഴും ആക്ഷൻ രംഗങ്ങളോ തീപ്പൊരി ഡയലോഗുകളോ ഈ സിനിമയിൽ കാണാൻ സാധിക്കില്ല
'പ്രതിഛായ' സിനിമ
'പ്രതിഛായ' സിനിമ
Published on
Updated on

രാഷ്ട്രീയ കക്ഷികൾ തങ്ങളുടെ സ്ഥാനാർഥികളുടെ പേരും ചിഹ്നവും പെരുമയും ഉറപ്പിക്കാൻ ഓടിനടക്കുന്ന തെരഞ്ഞെടുപ്പ് കാലത്താണ് ബി. ഉണ്ണികൃഷ്ണൻ 'പ്രതിഛായ' എന്ന ചിത്രവുമായി എത്തുന്നത്. പേര് സൂചിപ്പിക്കും പോലെ രാഷ്ട്രീയത്തിൽ പ്രതിച്ഛായയുടെ പ്രസക്തിയും അത് നിർണയിക്കുന്ന ഘടകങ്ങളുമാണ് സിനിമയുടെ കാതൽ. എന്നാൽ, ആ പ്രതിച്ഛായ നിർമിതിക്കായി നടക്കുന്ന വലിയ കളികളുടെ ചെറിയ പതിപ്പ് മാത്രമായി പോയി ഈ നിവിൻ പോളി ചിത്രം.

നൂറ് തെറ്റ് ചെയ്യുമ്പോൾ നൂറ് ശരികൊണ്ട് അതിനെ സമീകരിക്കാൻ ശ്രമിക്കുന്ന കെ.എൻ. വർഗീസ് എന്ന വലത് മുഖ്യമന്ത്രി. ജനങ്ങൾക്കിടയിൽ ഇറങ്ങി അവരുടെ പരാതി കേൾക്കുന്ന മുഖ്യൻ. കോഴവാങ്ങുന്നതും ഒരു കലയാണെന്ന് കരുതുന്ന തന്ത്രശാലി. വൈകി കഞ്ഞി കുടിക്കുന്നതും ഇമേജിന്റെ ഭാ​ഗമാക്കുന്ന ഭാവനാശാലി. കഥയുടെ ഒരു ഘട്ടത്തിൽ ഈ കഥാപാത്രത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം ഏൽക്കുന്നു. സ്ഥിരം ശൈലിയിൽ പന്ത് മകന്റെ കാലുകളിലേക്ക്. അയാളോ ഇടത് വിദ്യാ‍ർഥി പ്രസ്ഥാനത്തിൽ പ്രവ‍ർ‌ത്തിച്ചിരുന്ന ഒരു ടെക്നോക്രാറ്റ്. നാണംകെട്ട് പടിയിറങ്ങുന്ന പിതാവിന് വേണ്ടി അവൻ പടച്ചട്ട അണിയുന്നു. തുടർന്ന്, അച്ഛന്റെ കളങ്കം തീർക്കാനും തകർന്ന പ്രതിച്ഛായ പുനസ്ഥാപിക്കാനും അയാൾ നടത്തുന്ന ശ്രമങ്ങളുടെ കഥയാണ് സിനിമ പറയുന്നത്. ഇത്രയും ട്രെയ്‌ലറിൽ നിന്നു തന്നെ ഏതൊരാൾക്കും വായിച്ചെടുക്കാം. അതിനും അപ്പുറത്തേക്ക് സിനിമ പറയുന്നത് ഈ പ്രതിച്ഛായയ്ക്ക് കളങ്കമേൽപ്പിക്കുന്ന പുതിയകാല ഇടപെടലുകൾ ഏതൊക്കെയെന്നാണ്.

ഒരു കൊമേഷ്യൽ സിനിമയുടെ ചട്ടക്കൂടിൽ നിൽക്കുമ്പോഴും ആക്ഷൻ രംഗങ്ങളോ തീപ്പൊരി ഡയലോഗുകളോ ഈ സിനിമയിൽ കാണാൻ സാധിക്കില്ല. വാർത്താ തലക്കെട്ടുകൾ കൂട്ടിച്ചേർത്ത് തുന്നിയ കഥ ഫിക്ഷന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാൽ, ആ തുന്നൽ ശക്തമല്ല. കാണികളുമായി കണക്ട് ചെയ്യാൻ പരിചിതമായ രാഷ്ട്രീയ നേതാക്കളുടേയും വിവാദങ്ങളുടേയും ഛായകൾ വലിയതോതിൽ സിനിമ ഉപയോ​ഗിച്ചിട്ടുണ്ട്. അത് തന്നെയാണ് സിനിമയുടെ പോരായ്‌മയും. ഫിക്ഷനേക്കാൾ ഈ ഛായകൾ കഥയ്ക്ക് മുകളിൽ മേൽക്കൈ നേടുന്നു.

'പ്രതിഛായ' സിനിമ
ഉമ്മൻ ചാണ്ടിയുടെ 'ഛായ' ഉണ്ട്, പക്ഷേ 'പ്രതിഛായ‌'യ്ക്ക് ബയോപ്പിക്കിന്റെ സ്വഭാവമില്ല | ബി. ഉണ്ണികൃഷ്ണൻ അഭിമുഖം

കെ.എൻ. വ‍​‍​ർ​ഗീസ് എന്ന കഥാപാത്രത്തെ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന ഒറ്റ ബിംബത്തിലേക്ക് കാണി ചുരുക്കി കണ്ടാൽ കുറ്റം പറയാൻ പറ്റില്ല. ജനസമ്പ‍ർക്ക പരിപാടിയും, വിവാദങ്ങളും, കല്ലേറിൽ പരിക്കേൽക്കുന്ന മുഖ്യനും, കല്ലറയിലേക്ക് ഒഴുകുന്ന മനുഷ്യരും പ്രേക്ഷകരുടെ മുൻധാരണകളുമായി ചേരുമ്പോൾ ബാലചന്ദ്ര മേനോൻ അവതരിപ്പിക്കുന്ന വ‍‍​ർ​ഗീസ്, ഉമ്മൻ ചാണ്ടിയാകുന്നു. എന്നാൽ, കഥ അതുമാത്രമല്ല. ബയോപ്പിക്ക് എന്നോ പ്രൊപ്പ​ഗാണ്ട മെറ്റീരിയൽ എന്നോ ഈ സിനിമയെ വിശേഷിപ്പിക്കാനും സാധിക്കില്ല. കാലാവസ്ഥയ്ക്ക് യോജ്യമായ വിള തെരഞ്ഞെടുത്തു എന്ന് മാത്രം.

പൂ‍ർണമായും ഒരു പൊളിറ്റിക്കൽ ത്രില്ലറുമല്ല ചിത്രം. രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരു കുടുംബകഥയാണിത്. കുടുംബം എന്ന ചേരുവയാണ് വ‍​ർ​ഗീസുമായി കാണികളെ അടുപ്പിക്കാൻ സംവിധായകൻ ഉപയോ​ഗിച്ചിരിക്കുന്നത്. അയാൾ കുടുംബവുമായി സമയം കണ്ടെത്താൻ ശ്രമിക്കുന്ന വ്യക്തിയാണ്. മകനിൽ രാഷ്ട്രീയ പിൻ​ഗാമിയെ കാണുന്ന ആൾ. വിവാദങ്ങൾ ഉയരുമ്പോഴും അയാൾ പ്രതീക്ഷ വയ്ക്കുന്നത് ഈ കുടുംബത്തിലാണ്. ഇതും പതിവ് കഥപറച്ചിൽ രീതിയാകുന്നിടത്താണ് സിനിമയിൽ പുതുമകളേതുമില്ലാതെ പോകുന്നത്.

ഈ സിനിമയിൽ പ്രതിനായക വേഷത്തിൽ എത്തുന്നത് ഏതെങ്കിലും ഒരു കഥാപാത്രമല്ല. രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന കോർപ്പറേറ്റുകളാണ്. മുഖ്യധാരാ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളുടെ അൽ​ഗൊരിതവും അവരുടെ ഉപകരണമാണെന്ന വിധമാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രതിച്ഛായ സൃഷ്ടിക്കുകയും തകർക്കുകയും ചെയ്യുന്ന ഉപകരണങ്ങൾ! ഒറ്റവരി വാ‍ർത്തയ്ക്ക് കോടികളേക്കാൾ വിലയും പ്രഹരശേഷിയും ഉണ്ടെന്ന് പറയുമ്പോഴും മാധ്യമങ്ങൾ കോർപ്പറേറ്റുകളുടെ കളിപ്പാവകൾ ആണെന്ന് തുടർച്ചയായി സിനിമ പറഞ്ഞുകൊണ്ടിരിക്കുന്നു.

അഭിനേതാക്കളിൽ കെ.എൻ. വ‍​ർ​ഗീസായെത്തിയ ബാലചന്ദ്ര മേനോൻ മാത്രമാണ് തന്റെ കഥാപാത്രത്തെ ഉൾക്കൊണ്ടതായി അനുഭവപ്പെട്ടത്. പ്രതിഷേധങ്ങൾക്കിടെ തലയുയ‍ർത്തി നിൽക്കുന്ന നേതാവായും തലതാഴ്ത്തി വീട്ടിലേക്ക് കടന്നുവരുന്ന ആരോപണവിധേയനായും മികച്ച പ്രകടനമാണ് നടൻ കാഴ്ചവച്ചത്. എന്നാൽ, സിനിമയിലെ കേന്ദ്ര കഥാപാത്രമായ നിവിൻ പോളിയും നെ​ഗറ്റീവ് ഷേഡിൽ എത്തുന്ന ഷറഫുദ്ദീനും ദിക്കറിയാതെ കഥയെ ചുറ്റുന്ന നിഴലുകൾ മാത്രമായാണ് തോന്നിയത്. സിനിമയിലെ സ്ത്രീ കഥാപാത്രങ്ങൾ രാഷ്ട്രീയത്തിൽ എന്നപോലെ സ്ക്രീനിലും ഒരരികിലേക്ക് മാറ്റപ്പെടുന്നു. ദാമ്പത്യത്തിൽ തുല്യപങ്കാളിത്തത്തിൽ വിശ്വസിക്കുന്ന, നീതു കൃഷ്ണ അവതരിപ്പിച്ച നിവിൻ പോളിയുടെ പങ്കാളി, റോസ എന്ന കഥാപാത്രം പലപ്പോഴും സ്ക്രീനിൽ അപൂ‍ർണമായിരുന്നു. കാര്യമായി എന്തോ പറയാൻ വന്ന് മറന്നുപോയ പോലെ.

'പ്രതിഛായ' സിനിമ
ആരുടെ പ്രതിഛായ ആകും ഈ ചിത്രം മാറ്റുക? 'Prathichaya' Team Interview

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. നേതാക്കളുടെ പ്രതിച്ഛായ എടുത്തുകാട്ടുന്ന മുന്നണികളുടെ ഇലക്ഷൻ റീലുകളുടേയും പ്രസം​ഗങ്ങളുടേയും ഇടയിൽ സിനിമ കാണികളെ പിടിച്ചിരുത്തുമോ എന്ന കാര്യം സംശയമാണ്. കാരണം, രാഷ്ട്രീയം സിനിമയേക്കാൾ ത്രില്ലിങ്ങാകുന്ന സീസൺ ആണല്ലോ ഇത്!

Related Stories

No stories found.
News Malayalam 24x7
newsmalayalam.com