
'ഗുരുവായൂരമ്പല നടയില്‍' പ്രിവ്യൂ ഷോ കാണുന്ന സമയത്ത് താനടക്കം സിനിമയുടെ ഭാഗമായിരുന്ന ആരും ചിരിച്ചില്ലെന്ന് നടി നിഖില വിമല്‍. അതിനാല്‍ സിനിമ പ്രേക്ഷകര്‍ക്ക് വര്‍ക്കാവില്ലെന്നാണ് കരുതിയതെന്നും നിഖില പറഞ്ഞു. കഥ ഇന്നുവരെ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
പക്ഷെ സംവിധായകന്‍ വിപിന്‍ ദാസിന് സിനിമ വര്‍ക്കാവുമെന്ന് നല്ല കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു. എന്നാല്‍ സിനിമ തിയേറ്ററില്‍ പോയി കണ്ടപ്പോഴാണ് എല്ലാവര്‍ക്കും ഇഷ്ടമാകുന്നുണ്ടെന്ന് മനസിലായത്. വെറുതെ ഒരാള്‍ നടന്നുപോകുന്ന സീനിലും ആളുകള്‍ ചിരിക്കുകയായിരുന്നുവെന്നും നിഖില കൂട്ടിച്ചേര്‍ത്തു.
പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ്, നിഖില വിമല്‍, അനശ്വര രാജന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു 'ഗുരുവായൂരമ്പല നടയില്‍'. കോമഡി എന്റര്‍ടൈനര്‍ ആയി എത്തിയ ചിത്രം 100 കോടിക്കും മുകളിലാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്.
അതേസമയം വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത കഥ ഇന്നുവരെയാണ് അവസാനമായി റിലീസ് ചെയ്ത നിഖില വിമല്‍ ചിത്രം. ബിജു മേനോന്‍, മേതില്‍ ദേവിക എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്ണു മോഹന്‍ സ്റ്റോറീസിന്റെ ബാനറില്‍ വിഷ്ണു മോഹനും, ഒപ്പം ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂര്‍ത്തി എന്നിവരും ചേര്‍ന്നാണ് 'കഥ ഇന്നുവരെ' നിര്‍മിച്ചിരിക്കുന്നത്.