പാട്ട് ഹിറ്റ്, വരികൾ പിഴച്ചു; നോറ ഫത്തേഹിയുടെ ഡാൻസ് നമ്പറിന്റെ ഹിന്ദി പതിപ്പ് നീക്കം ചെയ്തു

അഡ്വക്കേറ്റ് വിനീത് ജിൻഡാലാണ് ഗാനത്തിനെതിരെ സിബിഎഫ്‌സിക്ക് മുൻപാകെ പരാതി നൽകിയത്
'കെഡി: ദ ഡെവിൾ' സിനിമ
'കെഡി: ദ ഡെവിൾ' സിനിമ
Published on
Updated on

'കെഡി: ദ ഡെവിൾ' എന്ന കന്നഡ ചിത്രത്തിലെ ഡാൻസ് നമ്പറിന്റെ ഹിന്ദി പതിപ്പ് എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്നും നീക്കം ചെയ്തു. നോറ ഫത്തേഹിയും സഞ്ജയ് ദത്തും അഭിനയിച്ച 'സർസെ നിന്നാ സെരഗ സർസെ' എന്ന ഗാനത്തിന്റെ ഹിന്ദി പതിപ്പാണ് നീക്കം ചെയ്തിരിക്കുന്നത്. ഗാനത്തിലെ വരികളും നൃത്തചലനങ്ങളും 'പ്രകോപനപരവും' 'ലൈംഗിക ചുവ'യുള്ളതുമാണെന്ന പരാതി സെൻസർ ബോർഡിന് ലഭിച്ചതിന് പിന്നാലെയാണ് നടപടി.

അഡ്വക്കേറ്റ് വിനീത് ജിൻഡാലാണ് ഗാനത്തിനെതിരെ സിബിഎഫ്‌സിക്ക് മുൻപാകെ ഔദ്യോഗികമായി പരാതി നൽകിയത്. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനും ഇതിന്റെ പകർപ്പ് അയച്ചിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 294, പോക്സോ (POCSO) നിയമം, ഐടി ആക്ട് എന്നിവ പ്രകാരം നടപടി സ്വീകരിക്കണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. ഗാനം അടിയന്തരമായി നിരോധിക്കണമെന്നും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഗാനം പൊതുമര്യാദകളെ ലംഘിക്കുന്നതാണെന്നും പ്രായപൂർത്തിയാകാത്ത കുട്ടികളെ ദോഷകരമായി ബാധിക്കുമെന്നും ആരോപണമുണ്ട്. ഗാനത്തിനെതിരെ ഡൽഹി പൊലീസ് സൈബർ സെല്ലിൽ മറ്റൊരു പരാതിയും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

'കെഡി: ദ ഡെവിൾ' സിനിമ
അത്ര വയലൻസ് വേണ്ട! 'ധുരന്ധർ 2'വിനും സെൻസർ കട്ട്

വിവിധ ഭാഷകളിലായി ഗാനത്തിന്റെ ലിറിക്കൽ വീഡിയോ യൂട്യൂബിൽ റിലീസ് ചെയ്തതിന് പിന്നാലെയാണ് ആരോപണങ്ങൾ ഉയർന്നത്. ഗാനത്തിന്റെ ക്ലിപ്പുകൾ സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിച്ചിരുന്നു. ഗായകൻ അർമാൻ മാലിക്ക് ഉൾപ്പെടെ നിരവധി പേർ ഗാനത്തിന്റെ വരികളെ വിമർശിച്ച് രംഗത്തെത്തി. "ഞാൻ കേട്ടത് ശരിയാണോ എന്ന് ഉറപ്പുവരുത്താൻ എനിക്ക് വീണ്ടും കേൾക്കേണ്ടി വന്നു. കൊമേഴ്സ്യൽ ഗാനരചന ഇത്രയും താഴെപ്പോയതിൽ സങ്കടമുണ്ട്," എന്നാണ് അർമാൻ സമൂഹമാധ്യമങ്ങലിൽ കുറിച്ചത്. പിന്നാലെ, പലരും ഗാനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഹിന്ദി വരികളുടെ പേരിൽ വിമർശനം നേരിടുന്ന ഗാനരചയിതാവ് റഖീബ് ആലം വിവാദങ്ങളിൽ പ്രതികരിച്ചു. സംവിധായകൻ എഴുതിയ കന്നഡ വരികൾ താൻ വിവർത്തനം ചെയ്യുക മാത്രമായിരുന്നു എന്നാണ് റഖീബിന്റെ വിശദീകരണം. "ആ സിനിമയ്ക്ക് വേണ്ടി മറ്റ് അഞ്ച് ഗാനങ്ങൾ കൂടി ഞാൻ എഴുതിയിട്ടുണ്ട്. എന്നാൽ ഈ പ്രത്യേക പാട്ട് എഴുതാൻ ഞാൻ വിസമ്മതിച്ചതാണ്. പക്ഷെ, പാട്ടിന്റെ ഈണത്തിനനുസരിച്ച് ചില ഹിന്ദി വാക്കുകൾ ചേർക്കാൻ അദ്ദേഹം (സംവിധായകൻ) എന്നോട് ആവശ്യപ്പെടുകയായിരുന്നു. ഇപ്പോൾ ഹിന്ദി പതിപ്പിന്റെ ഗാനരചയിതാവായി എന്റെ പേരാണ് നൽകിയിരിക്കുന്നത് എന്ന് ഞാൻ അറിഞ്ഞു. ഈ കാര്യത്തിൽ അവരെ ബന്ധപ്പെടാൻ ഞാൻ തീരുമാനിച്ചിരിക്കുകയാണ്," 'വെറൈറ്റി'ക്ക് നൽകിയ അഭിമുഖത്തിൽ റഖീബ് പറഞ്ഞു.

പാട്ടിന്റെ ഹിന്ദി പതിപ്പ് നീക്കം ചെയ്തെങ്കിലും മറ്റ് ഭാഷാ പതിപ്പുകൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിവാദങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, സോഷ്യൽ മീഡിയയിലും യൂട്യൂബിലും ഈ ഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 350Kക്ക് മുകളിൽ കാഴ്ചക്കാരെയാണ് മലയാളം പതിപ്പ് സ്വന്തമാക്കിയത്.

'കെഡി: ദ ഡെവിൾ' സിനിമ
സൽമാൻ ഖാൻ ചിത്രത്തിന്റെ ടൈറ്റിലിൽ മാറ്റം; 'ബാറ്റിൽ ഓഫ് ഗാൽവാൻ' ഇനി 'മാതൃഭൂമി'

ധ്രുവ സർജ നായകനാകുന്ന ഈ പാൻ-ഇന്ത്യൻ ചിത്രം സംവിധാനം ചെയ്യുന്നത് പ്രേം ആണ്. കന്നഡയ്ക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. അർജുൻ ജന്യയാണ് സംഗീതം. ശിൽപ്പ ഷെട്ടി, വി. രവിചന്ദ്രൻ, രമേഷ് അരവിന്ദ്, റീഷ്മ നാനയ്യ, ജിഷു സെൻഗുപ്ത എന്നിവരാണ് മറ്റ് അഭിനേതാക്കൾ. കെവിഎൻ പ്രൊഡക്ഷൻസ് ആണ് നിർമാണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com