
തെലുങ്ക് സിനിമാ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് 'ആര്യ'. കാരണം ഈ സിനിമ മൂന്ന് പേരുടെ കരിയറിനാണ് തുടക്കമിട്ടത്. അല്ലു അര്‍ജുന്റെ കരിയറിലെ ആദ്യ ഹിറ്റായിരുന്നു 'ആര്യ'. അതോടെ അദ്ദേഹം ടോളിവുഡിലെ സെന്‍സേഷനായി മാറി. സൂപ്പര്‍ ഹിറ്റ് ചിത്രമായ പുഷ്പ ഫ്രാഞ്ചൈസിന്റെ സംവിധായകന്‍ സുകുമാറിന്റെ ആദ്യ ചിത്രമായിരുന്നു ഇതെന്ന പ്രത്യേകതയുമുണ്ട്. കൂടാതെ നിര്‍മാതാവ് ദില്‍ രാജുവിനും 'ആര്യ' വലിയ നേട്ടങ്ങള്‍ നേടി കൊടുത്തു. 'ആര്യ'യുടെ വന്‍ വിജയത്തിന് ശേഷം സുകുമാര്‍ അല്ലു അര്‍ജുനെ തന്നെ നായകനാക്കി 'ആര്യ 2'വും സംവിധാനം ചെയ്തു. അതും വന്‍ വിജയമായിരുന്നു. തെലുങ്കില്‍ മാത്രമല്ല മലയാളി പ്രേക്ഷകര്‍ക്കിടയിലും അല്ലു അര്‍ജുനെ വലിയ താരമാക്കി മാറ്റിയ ചിത്രമാണ് 'ആര്യ'.
ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗം ഒരുങ്ങുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ദില്‍ രാജുവും അദ്ദേഹത്തിന്റെ കമ്പനിയും ഫിലിം ചേംബറില്‍ 'ആര്യ 3' രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതോടെ അല്ലു അര്‍ജുന്‍ - സുകുമാര്‍ കോമ്പോ വീണ്ടും ഒന്നിക്കാന്‍ പോകുന്നു എന്ന അഭ്യൂഹങ്ങള്‍ സമൂഹമാധ്യമത്തില്‍ വന്നുതുടങ്ങി.
എന്നാല്‍ 'ആര്യ 3'യില്‍ അല്ലു അ്ര്‍ജുന്‍ അല്ല നായകന്‍ എന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിര്‍മാതാവ് ദില്‍ രാജുവിന്റെ അനന്തരവന്‍ ആയ ആശിഷ് റെഡ്ഡിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ആശിഷ് ഇതുവരെ രണ്ട് സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. അതില്‍ 'റൗഡി ബോയ്‌സ്' എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു.
സുകുമാര്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. അതുമാത്രമല്ല ദില്‍ രാജുവിനൊപ്പം സുകുമാര്‍ ചിത്രത്തിന്റെ സഹനിര്‍മാണവും നിര്‍വഹിക്കുന്നുണ്ട്. സുകുമാര്‍ റൈറ്റിംഗ്‌സ് എന്ന ബാനറിന്റെ കീഴില്‍ അദ്ദേഹം തിരക്കഥ എഴുതുന്ന ചിത്രങ്ങള്‍ അദ്ദേഹം തന്നെയാണ് നിര്‍മിക്കുന്നത്.
എന്തുകൊണ്ട് അല്ലു അര്‍ജുന്‍ 'ആര്യ 3'യുടെ ഭാഗമാകുന്നില്ല എന്ന ചോദ്യത്തിന്, നിലവില്‍ താരത്തിന് അത്രയും പ്രായം കുറഞ്ഞ വേഷം ചെയ്യാനാകില്ല എന്നാണ് നിര്‍മാതാക്കള്‍ കരുതുന്നതെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 'ആര്യ'യുടെ ആദ്യ രണ്ട് ഭാഗങ്ങളിലും സംഗീതം നല്‍കിയ ദേവി ശ്രീ പ്രസാദ് തന്നെയാണ് മൂന്നാം ഭാഗത്തിലും സംഗീതം ഒരുക്കുന്നത്.
അതേസമയം അല്ലു അര്‍ജുന്‍ നിലവില്‍ അറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രത്തിന്റെ തിരക്കുകളിലാണ്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന് 'AA22xA6' എന്നാണ് പേരിട്ടിരിക്കുന്നത്. നിലവില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.